30,000 കോടി ലാഭമുണ്ടാക്കുന്ന ജിയോ അടച്ചത് വെറും 118 കോടി നികുതി!: ജിയോ ഓഹരി വില്‍പ്പനയ്ക്ക് പിന്നിലെ അറിയാക്കഥകൾ

ഒക്ടോബർ 28-ന് ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്യുമ്പോൾ ഉയർന്ന പ്രൈസ് ബാൻഡ് പ്രകാരം ജിയോയുടെ വിപണി മൂല്യം 10.3 ലക്ഷം കോടി രൂപയായിരിക്കും. 22 ശതമാനത്തിലധികം നേട്ടത്തോടെ ലിസ്റ്റ് ചെയ്താൽ ജിയോയുടെ വിപണി മൂല്യം 11.85 ലക്ഷം കോടി രൂപ കടക്കുമെന്നാണ് വിലയിരുത്തൽ.
Jio IPO
Jio IPONews Malayalam 24x7
Published on: 
Updated on: 

ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ സകല റെക്കോർഡുകളും തകർത്തുകൊണ്ടാണ് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ പ്ലാറ്റ്‌ഫോംസ് തങ്ങളുടെ പ്രഥമ ഓഹരി വില്പന പൂർത്തിയാക്കിയിരിക്കുന്നത്. 1.46 ലക്ഷം കോടി രൂപയുടെ വാർഷിക വരുമാനവും, 30,000 കോടി രൂപയുടെ അറ്റാദായവും, 52.4 കോടിയിലധികം ഉപയോക്താക്കളുമുള്ള ജിയോ ഇന്ത്യയിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ആളുകളിലേക്കും ഇന്റർനെറ്റ് എത്തിക്കുന്ന വമ്പൻ ശൃംഖലയാണ് . ഒരു വശത്ത് ലോക റെക്കോർഡുകൾ ഭേദിച്ച നിക്ഷേപക പങ്കാളിത്തവും, മറുവശത്ത് ജിയോ സെബിക്ക് മുൻപാകെ സമർപ്പിച്ച 528 പേജുള്ള ഔദ്യോഗിക പ്രോസ്പെക്ടസിലെകൗതുകകരമായ സാമ്പത്തിക കണക്കുകളും ചേരുമ്പോൾ ജിയോ ഐപിഒ ഇന്ത്യൻ ബിസിനസ് ചരിത്രത്തിലെ ഏറ്റവും വലിയ ചർച്ചാവിഷയമായി മാറുകയാണ്.

2026 ഒക്ടോബർ 21 മുതൽ 23 വരെ നടന്ന മൂന്ന് ദിവസത്തെ ബിൻഡിംഗിൽ ഇന്ത്യൻ വിപണിയില ഇന്നുവരെ കാണാത്ത തരംഗമാണ് ജിയോ സൃഷ്ടിച്ചത്. 1,065 മുതൽ 1,119 രൂപ വരെ പ്രൈസ് ബാൻഡ് നിശ്ചയിച്ച ഐപിഒയിലൂടെ 30,213 കോടി രൂപയാണ് ജിയോ സമാഹരിച്ചത്. ഇതോടെ 2024-ൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ കുറിച്ച 27,856 കോടി രൂപയുടെ റെക്കോർഡ് ജിയോ പഴങ്കഥയാക്കി. ഓഫർ ഫോർ സെയിൽ ഇല്ലാതെ പൂർണ്ണമായും 27 കോടി പുതിയ ഇക്വിറ്റി ഓഹരികളാണ് ഇതിലൂടെ വിറ്റഴിച്ചത്. ആഗോളതലത്തിൽ തന്നെ ഒരു കോടിയിലധികം അപേക്ഷകൾ ലഭിക്കുന്ന ചരിത്രത്തിലെ ആദ്യ ഐപിഒ എന്ന ലോക റെക്കോർഡ് ജിയോ സ്വന്തമാക്കിയത്. ആകെ 1.37 കോടി അപേക്ഷകളാണ് ലഭിച്ചത്. 2024 ഒക്ടോബറിൽ വാരീ എനർജീസിന് ലഭിച്ച 97.3 ലക്ഷം അപേക്ഷകളുടെ റെക്കോർഡ് 42 ശതമാനം വർദ്ധനവോടെ ജിയോ മറികടന്നു.

മൂന്ന് ദിവസത്തെ പബ്ലിക് ബിൻഡിംഗിൽ 4.91 ലക്ഷം കോടി രൂപയുടെ ബിഡുകളും, എൽ.ഐ.സി , ബ്ലാക്ക്‌റോക്ക്, ഫിഡലിറ്റി തുടങ്ങിയ 212 വമ്പൻ സ്ഥാപനങ്ങൾ പങ്കെടുത്ത ആങ്കർ ബുക്കിൽ ലഭിച്ച 2.5 ലക്ഷം കോടി രൂപയുടെ ഡിമാൻഡും ചേർത്ത് ആകെ 7.41 ലക്ഷം കോടി രൂപയുടെ ബിഡുകളാണ് ജിയോയ്ക്ക് ലഭിച്ചത്. ബിൻഡിംഗ് ആരംഭിച്ച് വെറും 100 മിനിറ്റിനുള്ളിൽ തന്നെ ഇഷ്യൂ പൂർണ്ണമായും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. അവസാന ദിനം ബിൻഡിംഗ് അവസാനിച്ചപ്പോൾ ഓഫർ ചെയ്ത 19.75 കോടി ഓഹരികൾക്ക് പകരമായി 438 കോടിയിലധികം ഓഹരികൾക്ക് അപേക്ഷ ലഭിച്ചു. ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്സ് (QIB) വിഭാഗത്തിൽ 70.55 മടങ്ങ് സബ്‌സ്‌ക്രിപ്‌ഷൻ ലഭിച്ചുവെന്നാണ് വിവരം. ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ച് ഐപിഒകളിൽ വെച്ച് ഏറ്റവും ഉയർന്ന നിരക്കാണിത്. ഉയർന്ന ആസ്തിയുള്ളവരുടെ വിഭാഗം 14 മടങ്ങും (57,109 കോടി രൂപ), റിലയൻസ് ഓഹരിയുടമകളുടെ ക്വാട്ട 7.60 മടങ്ങും (19,000 കോടി രൂപ), ജീവനക്കാരുടെ വിഭാഗം 2.93 മടങ്ങും, റീട്ടെയിൽ വിഭാഗം 2.72 മടങ്ങും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

ഒക്ടോബർ 28-ന് ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്യുമ്പോൾ ഉയർന്ന പ്രൈസ് ബാൻഡ് പ്രകാരം ജിയോയുടെ വിപണി മൂല്യം 10.3 ലക്ഷം കോടി രൂപയായിരിക്കും. 22 ശതമാനത്തിലധികം നേട്ടത്തോടെ ലിസ്റ്റ് ചെയ്താൽ ജിയോയുടെ വിപണി മൂല്യം 11.85 ലക്ഷം കോടി രൂപ കടക്കുമെന്നാണ് വിലയിരുത്തൽ.

തലക്കെട്ടുകൾ പറയാത്ത 3 രഹസ്യങ്ങൾ

വിപണിയിലെ ഈ റെക്കോർഡ് കുതിപ്പിനിടയിലും, ജിയോ സെമിക്ക് സമർപ്പിച്ച 528 പേജുള്ള പ്രോസ്പെക്ടസ് പരിശോധിച്ചാൽ ബിസിനസിന് പിന്നിലെ മൂന്ന് സുപ്രധാന സാമ്പത്തിക യാഥാർത്ഥ്യങ്ങൾ കാണാം. സർക്കാരിലേക്ക് അടയ്ക്കാനുള്ള 1.04 ലക്ഷം കോടി രൂപയുടെ സ്പെക്ട്രം ബാധ്യത. 30,000 കോടി രൂപ ലാഭമുണ്ടാക്കിയിട്ടും പണമായി അടച്ചത് വെറും 118 കോടി രൂപ നികുതി. നമ്മുടെയെല്ലാം മൊബൈൽ റീച്ചാർജ്ജ് നിരക്കുകൾ ഇനിയും കുത്തനെ കൂടാൻ കാരണമാകുന്ന ജിയോയുടെ വിപണി സമീപനം.

Jio IPO
ആനന്ദ് അംബാനി മെസ്സിക്ക് സമ്മാനിച്ച ലിമിറ്റഡ് എഡിഷൻ വാച്ചിൻ്റെ വില കേട്ട് ഞെട്ടി സോഷ്യൽ മീഡിയ!
ജിയോയുടെ ഉപയോക്താക്കള്‍

ഒറ്റനോട്ടത്തിൽ ജിയോ റീച്ചാർജ്ജും ഫോണും ഒടിടിയുമെല്ലാം വിൽക്കുന്നുണ്ടെങ്കിലും, അവരുടെ ബിസിനസ് ഒരൊറ്റ സമവാക്യത്തിലാണ് നിൽക്കുന്നത്: വരുമാനം = ഉപയോക്താക്കളുടെ എണ്ണം × ഓരോ ഉപയോക്താവിൽ നിന്നും കിട്ടുന്ന ശരാശരി വരുമാനം (ARPU) എന്നതാണ്. ഇന്ത്യയിലെ ഉപയോക്താക്കളെ ജിയോ ആറ് തട്ടുകളുള്ള ഒരു പിരമിഡായാണ് കാണുന്നത്. ആദ്യത്തെത് ഇന്നും 2G ഫോൺ ഉപയോഗിക്കുന്ന 26.35 കോടി സാധാരണക്കാരാണ്. ഇവർക്കായി ജിയോ കൊണ്ടുവന്നതാണ് 799 രൂപയുടെ 'ജിയോ ഭാരത് ഫോൺ'. ഒപ്പം 28 ദിവസത്തേക്ക് വെറും 123 രൂപയുടെ റീച്ചാർജ്ജും. എയർടെല്ലിന്റെ സമാന പ്ലാനിന് 199 രൂപയുള്ളപ്പോഴാണ് ജിയോ 123 രൂപയ്ക്ക് ഈ സാധാരണക്കാരെ തങ്ങളുടെ ശൃംഖലയിലേക്ക് കൊണ്ടുവന്നത്. ഫ്രീ കോളര്‍മാര്‍ എന്നതാണ് രണ്ടാംഘട്ടം ഉപയോക്താക്കള്‍ പണം കൊടുക്കാതെ കണ്ടന്‍റ് കാണുന്നവർക്ക് മൈജിയോയും ജിയോ ടിവിയും സൗജന്യമായി കൊടുത്ത്, അവരുടെ ശ്രദ്ധ വമ്പൻ ബ്രാൻഡുകൾക്ക് പരസ്യമായിവിറ്റ് ജിയോ പണമുണ്ടാക്കുന്നു. കഴിഞ്ഞ വർഷം മാത്രം മൈജിയോ വഴി 7.2 കോടി സന്ദർശനങ്ങളാണ് റിലയൻസിന്റെ ജിയോമാർട്ടിലേക്ക് ലഭിച്ചത്.

ബണ്ടില്‍ ഉപയോക്താക്കള്‍ എന്നതാണ് മൂന്നാമത്തെ വിഭാഗം ജിയോയുടെ യഥാർത്ഥ വരുമാനം നല്‍കുന്നവര്‍ ഇവരാണ്. സാധാരണ മൊബൈൽ റീച്ചാർജ്ജ് ചെയ്യുന്ന നമ്മളടങ്ങുന്ന ഉപയോക്താക്കൾ. ജിയോയുടെ ആകെ വരുമാനത്തിന്റെ 77 ശതമാനവും വരുന്നത് പ്രീപെയ്ഡ് റീച്ചാർജ്ജുകളിൽ നിന്നാണ്. ഇന്ത്യയുടെ വയർലെസ് ബ്രോഡ്ബാൻഡ് വിപണിയുടെ 49.95 ശതമാനവും ജിയോയുടെ കൈയിലാണ്. ഇതിന് മുകളിലാണ് ജിയോ ഫൈബറും എയർഫൈബറും ഉപയോഗിക്കുന്ന 2.71 കോടി വീടുകളും, ഇന്ത്യയിലെ 90% ബാങ്കുകളും 75% വിമാനത്താവളങ്ങളും 10-ൽ 8 മുൻനിര ഐടി കമ്പനികളും അടങ്ങുന്ന കോർപ്പറേറ്റ് ശൃംഖലയാണ് ജിയോയ്ക്ക് ഉള്ളത്.

30,000 കോടി ലാഭവും 118 കോടി നികുതിയും!

പ്രോസ്പെക്ടസ് പ്രകാരം ജിയോയുടെ നികുതിക്ക് മുൻപുള്ള ലാഭം 40,353 കോടിയും അറ്റാദായം 30,049 കോടിയുമാണ്. കണക്കുകൾ പ്രകാരം 10,300 കോടി രൂപ നികുതി ബാധ്യതയുണ്ടെങ്കിലും ജിയോ യഥാർത്ഥത്തിൽ പണമായി അടച്ച നികുതി വെറും 118 കോടി രൂപ മാത്രമാണ്! ഇതിന് പിന്നിലുള്ളത് അക്കൗണ്ടിംഗിലെ 'ഡിപ്രിസിയേഷനും' (Depreciation) 'ഡെഫേർഡ് ടാക്സും' (Deferred Tax) ആണ്. ഒരു ടാക്സി കമ്പനി കാറുകൾ വാങ്ങുമ്പോൾ അതിന്റെ തേയ്മാനം (Depreciation) കാണിച്ച് നികുതി ഇളവ് നേടുന്നതുപോലെ, അടിസ്ഥാന സൗകര്യ വികസനത്തിനായി ജിയോ കഴിഞ്ഞ 10 വർഷമായി മുടക്കിയ ലക്ഷക്കണക്കിന് കോടികളുടെ (3.6 ലക്ഷം ടവറുകളും 10 ലക്ഷം കിലോമീറ്റർ ഫൈബറും) ഡിപ്രിസിയേഷൻ കിഴിവുകൾ ഉപയോഗിച്ച് യഥാർത്ഥ നികുതി അടയ്ക്കാതെ മാറ്റിവെക്കാൻ നിയമപരമായി സാധിച്ചു.

ഇങ്ങനെ മാറ്റിവെച്ച നികുതി ബാധ്യത ഇപ്പോൾ 55,611 കോടി രൂപയായി വളർന്നുനിൽക്കുകയാണ്. ഈ കിഴിവുകളുടെ കാലാവധി 2029-ഓടെ അവസാനിക്കും. അതായത്, 2029 മുതൽ ജിയോ വർഷം തോറും ഏകദേശം 11,000 കോടി രൂപ വീതം സർക്കാരിലേക്ക് യഥാർത്ഥ നികുതിയായി അടച്ചുതുടങ്ങേണ്ടി വരും.

1.04 ലക്ഷം കോടിയുടെ സ്പെക്ട്രം കടവും റീച്ചാർജ്ജ് വർദ്ധനവും

മറ്റൊരു പ്രധാന വസ്തുത ജിയോയുടെ സ്പെക്ട്രം കടമാണ്. മൊബൈൽ സ്പെക്ട്രത്തിനായി സർക്കാരിൽ നിന്ന് വാങ്ങിയ സ്പെക്ട്രം തുകയിൽ 7% പലിശയിൽ സർക്കാരിലേക്ക് അടയ്ക്കാനുള്ള കുടിശ്ശിക 1.04 ലക്ഷം കോടി രൂപയാണ്. ഇതിനായി 2038 വരെ ഓരോ വർഷവും ജിയോ 11,650 കോടി രൂപ വീതം സർക്കാരിലേക്ക് തിരിച്ചടയ്ക്കണം. അതായത് ഇന്നത്തെ വാർഷിക ലാഭത്തിന്റെ 40 ശതമാനത്തോളം തുക. 2029-ൽ 11,000 കോടി രൂപയുടെ നികുതി അടയ്ക്കേണ്ടി വരുമ്പോഴും, വമ്പൻ സ്പെക്ട്രം തവണകൾ നൽകേണ്ടി വരുമ്പോഴും പണലഭ്യത (20,300 കോടി രൂപ) ഉറപ്പുവരുത്താന്‍ അധിക വരുമാനം കൂടിയേ തീരൂ. ജിയോയുടെ 52.4 കോടി ഉപയോക്താക്കൾ പ്രതിമാസം വെറും 18 രൂപ വീതം റീച്ചാർജ്ജിൽ കൂടുതൽ നൽകിയാൽ ജിയോക്ക് വർഷം 11,300 കോടി രൂപ അധികമായി ലഭിക്കും. നിലവിൽ എയർടെല്ലിന്റെ പ്രതിമാസ ശരാശരി വരുമാനം 257 രൂപയായിരിക്കുമ്പോൾ ജിയോയുടേത് 214 രൂപ മാത്രമാണ്. ഈ 43 രൂപയുടെ വ്യത്യാസം നികത്താൻ വരും വർഷങ്ങളിൽ ജിയോ റീച്ചാർജ്ജ് നിരക്കുകൾ 250-ലേക്കും 300 രൂപയിലേക്കും ഉയർത്തുമെന്ന് ഉറപ്പാണ്.

ഐപിഒ തുക ജിയോ എന്തിനാണ് ഉപയോഗിക്കുന്നത്?

30,000 കോടി രൂപ ലാഭവും, 43,200 കോടിയുടെ ക്യാഷ് റിസർവുമുള്ള ജിയോ ഈ ഐപിഒ വഴി സമാഹരിച്ച 30,213 കോടി രൂപ പ്രധാനമായും ഉപയോഗിക്കുന്നത് കടം വീട്ടാനാണ്. ഐപിഒ വഴി ലഭിക്കുന്ന തുകയിൽ 27,500 കോടി രൂപ സബ്സിഡിയറി കമ്പനിയായ റിലയൻസ് ജിയോ ഇൻഫോകോമിന്റെ കടങ്ങൾ തിരിച്ചടയ്ക്കാൻ ഉപയോഗിക്കും. ഇതിലൂടെ പ്രതിവർഷം 400 മുതൽ 1,400 കോടി രൂപ വരെ പലിശച്ചെലവ് ലാഭിക്കാം. 2020-ൽ ജിയോയിൽ നിക്ഷേപിച്ച ഗൂഗിൾ, മെറ്റാ, കെ.കെ.ആർ തുടങ്ങിയ ആഗോള നിക്ഷേപകർക്ക് ഭാവിയിൽ ഓഹരികൾ പൊതുവിപണിയിൽ വിൽക്കാനുള്ള ലിക്വിഡിറ്റി ഒരുക്കുക എന്നതും പ്രധാനമാണ്. ഹോം ബ്രോഡ്ബാൻഡ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, എഐ ഡാറ്റാ സെന്ററുകൾ എന്നിവയിലേക്കുള്ള വിപുലീകരണത്തിനായി ശക്തമായൊരു ഓഹരി മൂല്യം നേടിയെടുക്കുക എന്നതും പ്രധാനമാണ് ജിയോയെ സംബന്ധിച്ച്.

നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട 3 പ്രധാന വെല്ലുവിളികൾ

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും റെക്കോർഡ് ഭേദിച്ച ഐപിഒയ്ക്കിടയിലും മൂന്ന് പ്രധാന റിസ്കുകൾ പ്രോസ്പെക്ടസിൽ വ്യക്തമാക്കുന്നുണ്ട്. 2024-ൽ റീച്ചാർജ്ജ് നിരക്ക് കൂട്ടിയപ്പോൾ ജിയോയുടെ പുതിയ ഉപയോക്താക്കളുടെ എണ്ണം മുൻവർഷത്തെ 4.25 കോടിയിൽ നിന്ന് വെറും 64 ലക്ഷമായി കുറഞ്ഞു. ഇന്ത്യൻ ഉപയോക്താക്കൾ വിലവർദ്ധനവിനോട് വേഗത്തിൽ പ്രതികരിക്കുന്നവരാണ് എന്നതാണ് ഇത് തെളിയിക്കുന്നത്. അതായത് ഭാവിയിലെ വില വര്‍ദ്ധനവുകള്‍ എങ്ങനെ ബാധിക്കും എന്ന് കണ്ടറിയണം. 6G സാങ്കേതികവിദ്യ, എഐ ഡാറ്റാ സെന്ററുകൾ, ഹോം ബ്രോഡ്ബാൻഡ് വിപുലീകരണം എന്നിവയ്ക്കായി ഇനിയും പതിനായിരക്കണക്കിന് കോടികൾ ചിലവ് ഇപ്പോഴത്തെ ഐപിഒയിലൂടെ മാത്രം പരിഹരിക്കാന്‍ സാധിക്കുമോ എന്ന് അനുമാനിക്കാന്‍ പറ്റില്ല.

എലോൺ മസ്കിന്റെ സ്റ്റാർലിങ്ക് പോലെയുള്ള സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനങ്ങള്‍ ടവറുകളുടെയും ഫൈബറുകളുടെയും സഹായമില്ലാതെ ആകാശത്തുനിന്ന് നേരിട്ട് ഇന്റർനെറ്റ് നൽകുന്ന സാങ്കേതികവിദ്യയാണ്. നിലവിൽ സ്റ്റാർലിങ്കിന് മാസം 3,000 രൂപയോളം ചെലവ് വരുമെന്നതിനാൽ ജിയോ ഫൈബറിന്റെ 399 രൂപ പ്ലാനിന് അത് ഉടനടി ഭീഷണിയല്ലെങ്കിലും ഭാവിയിൽ ഇതൊരു വെല്ലുവിളിയായേക്കാം. ചുരുക്കത്തിൽ, 7.41 ലക്ഷം കോടി രൂപയുടെ ബിഡുകളും 1.37 കോടി അപേക്ഷകളുമായി ഇന്ത്യയുടെ ഓഹരി വിപണി ചരിത്രം തിരുത്തിക്കുറിച്ച ജിയോ ഐപിഒ നിക്ഷേപകരുടെ വലിയ വിശ്വാസത്തെയാണ് കാണിക്കുന്നത്. എങ്കിലും ആവേശത്തിനപ്പുറം കമ്പനിയുടെ ബാലൻസ് ഷീറ്റിലെ ഈ കണക്കുകളും ഭാവി ബാധ്യതകളും കൃത്യമായി മനസ്സിലാക്കി വേണം ഓരോ നിക്ഷേപകനും ദീർഘകാല തീരുമാനങ്ങളെടുക്കാൻ.

Jio IPO
ഔട്ട് ഗോയിങ്, ഇൻകമിങ് കോളുകളും, ഇൻ്റർനെറ്റും തടസപ്പെട്ടു; രാജ്യത്താകമാനം ജിയോ പണി മുടക്കിയത് ഒരുമണിക്കൂറിലധികം
News Malayalam 24x7
newsmalayalam.com