ഐഫോണിന് ഇന്ന് 17 വയസ്സ്

ഇൻ്റർനെറ്റ് ഉപയോഗിക്കാനും ഫോൺ ചെയ്യാനും പാട്ടു കേൾക്കാനും മൂന്ന് ഉപകരണങ്ങൾ വേണ്ടാ, ഇതൊന്നു മതി എന്ന് പറഞ്ഞ് ഐഫോണിൻ്റെ വരവറിയിക്കുകയായിരുന്നു സ്റ്റീവ് ജോബ്സ്
ഐഫോണിന് ഇന്ന് 17 വയസ്സ്
Published on

ഫോണുകളിലെ ആഡംബരമായ ഐഫോണ്‍ വിപണിയില്‍ എത്തിയിട്ട് ഇന്നു 17 വർഷം തികയുന്നു . 2007 ജനുവരി 9നായിരുന്നു ട്രില്ല്യന്‍ കോടി ഡോളര്‍ കമ്പനിയായി ആപ്പിളിനെ വളർത്തിയ നിർണായക രൂപകല്പനയായ ഐഫോണിൻ്റെ പ്രഖ്യാപനം. 2007 ജൂൺ 29ന് മാക് കോൺഫറൻസിൽ വെച്ച് സ്റ്റീവ് ജോബ്സ് ഐഫോൺ അവതരിപ്പിച്ചു. 

ഇൻ്റർനെറ്റ് ഉപയോഗിക്കാനും ഫോൺ ചെയ്യാനും പാട്ടു കേൾക്കാനും മൂന്ന് ഉപകരണങ്ങൾ വേണ്ടാ, ഇതൊന്നു മതി എന്ന് പറഞ്ഞ് ഐഫോണിൻ്റെ വരവറിയിക്കുകയായിരുന്നു സ്റ്റീവ് ജോബ്സ്. ഐഫോണിൻ്റെ ആദ്യ പരസ്യം സംപ്രേഷണം ചെയ്തത് ബിബിസി ടെലിവിഷനിലാണ്.

അമേരിക്ക അടക്കം പത്ത് രാജ്യങ്ങളിലാണ് ആദ്യം ഐഫോൺ ലഭ്യമായത്. തേർഡ് പാർട്ടി ആപ്പുകൾ ഐഫോണിൽ ലഭിക്കില്ലെങ്കിലും സഫാരി എഞ്ചിന്‍ വഴി ആക്സസ് ചെയ്യാം എന്ന് നേരത്തേ അറിയിച്ചിരുന്നു. വെബ്സൈറ്റുകൾ മൊബൈൽ ആപ്പുകളായെത്തിയ പുതിയകാലത്തിൻ്റെ തുടക്കവും അവിടെനിന്നാണ്. 2006ൻ്റെ അവസാനം വരെ ലോകവ്യാപകമായി വിറ്റുപോയത് 22 മില്ല്യൺ സ്മാർട്ട്ഫോണുകളാണ്. 'നോക്കിയ'യായിരുന്നു വിപണിയിലെ ഒന്നാമൻ. ബ്ലാക്ക്ബെറി, മോട്ടോറോള, പാം, സോണി എന്നിവ യഥാക്രമം പിന്നിലും. സ്മാർട്ട്ഫോൺ രംഗത്തെ ഈ തരംഗം തകർക്കാൻ ആപ്പിളിന് കഴിയില്ലെന്ന് മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാൽമെർ പരിഹസിക്കുക വരെയുണ്ടായി.

എന്നാൽ വിപണിയിൽ പുതിയ സമവാക്യങ്ങൾ തീർക്കുന്നതായിരുന്നു 2007ലെ കാഴ്ച. ആദ്യത്തെ ഐഫോണിനെ 'ഐഫോണ്‍ 2ജി' എന്നാണ് ടെക് ലോകം വിശേഷിപ്പിക്കുന്നത്. എന്നാൽ ഔദ്യോഗികമായി ആപ്പിള്‍ ഈ പേര് ഉപയോഗിക്കാറില്ല. ആദ്യകാലങ്ങളിൽ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മാത്രമേ അമേരിക്കയിലും ചില രാജ്യങ്ങളിലും ഐഫോണ്‍ വാങ്ങുവാന്‍ സാധിച്ചിരുന്നുള്ളൂ. ഐഡന്‍റിറ്റി വെളിപ്പെടുത്താതെയുള്ള ഐഫോണ്‍ വാങ്ങാനുള്ള ശ്രമം തടയുകയായിരുന്നു ലക്ഷ്യം. 2008 ജൂലൈ 11 ന് ആപ്പിള്‍ ആദ്യ മോഡലിൻ്റെ വിതരണം നിര്‍ത്തിയെങ്കിലും തുടര്‍ന്നും 35 മാസക്കാലം ആപ്പിള്‍ ഇതിന് സാങ്കേതിക പിന്തുണ നല്‍കിയിരുന്നു. തുടർവർഷങ്ങളിൽ പുതിയ അപ്ഡേറ്റുകളും സുരക്ഷാ ഫീച്ചറുകളുമായാണ് ഐഫോൺ ഉപയോക്താക്കളുടെ അരികിലെത്തിയത്. ടെക്ക് രംഗത്ത് സ്വന്തമായ ഇരിപ്പിടമുണ്ടാക്കിയ ഐഫോണിന് ഇന്ന് ലോകമെമ്പാടും ആരാധകരാണ്. സമ്പന്നരുടെ ഫോൺ ആയി മാത്രം കണ്ടുകൊണ്ടിരുന്ന ഐഫോൺ ഇപ്പോൾ പലരുടെയും ബക്കറ്റ് ലിസ്റ്റിൽ ഉള്ള ഫോൺ ആയി മാറിയിരിക്കുകയാണ്. വിപണിയിൽ എത്രയേറെ ഫോണുകള്‍ ഇടം പിടിച്ചാലും ഫോണുകളുടെ ലോകത്തെ രാജാവ് തന്നെയാണ് ഐഫോൺ എന്ന് നിസ്സംശയം പറയാം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com