മുംബൈ: തന്റെ കുടുംബത്തിലെ യുവതലമുറയ്ക്ക് ബിസിനസില്‍ താല്‍പ്പര്യമില്ലെന്ന് വിഐപി ഇൻഡസ്ട്രീസ് ചെയർമാൻ ദിലീപ് പിരമൽ. കമ്പനിയുടെ 32 ശതമാനം ഓഹരികൾ സ്വകാര്യ ഇക്വിറ്റി നിക്ഷേപകർക്ക് വില്‍ക്കുന്നതായി വിഐപി ഇൻഡസ്ട്രീസ് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു പ്രസ്താവന.
"ഞങ്ങള്‍ പാരമ്പര്യമായി ബിസിനസുകാരാണ്. പക്ഷേ, അടുത്ത തലമുറയ്ക്ക് അത് നടത്തിക്കൊണ്ടുപോകാന്‍ വലിയ താല്‍പ്പര്യമില്ല," പിരമല്‍ എന്‍ഡിടിവിയോട് പറഞ്ഞു. 53 വർഷക്കാലം വിഐപി വിപണി ഭരിച്ചുവെന്നും എന്നാല്‍ കഴിഞ്ഞ അഞ്ച് വർഷമായി വിപണിയില്‍ ഓഹരി നഷ്ടം സംഭവിക്കുന്നതായും വിഐപി ഇൻഡസ്ട്രീസ് ചെയർമാൻ കൂട്ടിച്ചേർത്തു.
ഫിനാൻഷ്യൽ സർവീസസ് വെബ്‌സൈറ്റായ ഏഞ്ചൽവണിന്റെ കണക്കനുസരിച്ച്, ലഗേജ് നിർമാതാക്കളായ വിഐപി ഇൻഡസ്ട്രീസിന്റെ വിപണി മൂലധനം 6,830 കോടി രൂപയാണ്. കഴിഞ്ഞ 52 ആഴ്ചയ്ക്കിടെ, ഓഹരികൾ 589.75 രൂപ എന്ന ഉയർന്ന നിലയിലും 248.35 രൂപ എന്ന ഏറ്റവും കുറഞ്ഞ നിലയിലും എത്തി.
ഓഹരി വില 700 രൂപയിലെത്തിയപ്പോൾ ബിസിനസ് വിൽക്കാത്തതിൽ ഖേദിക്കുന്നതായി 75 കാരനായ പിരമൽ സിഎൻബിസിയോട് പറഞ്ഞു. ആറ് മാസത്തിനുള്ളിൽ അല്ലെങ്കിൽ ഒരു വർഷത്തിനുള്ളിൽ, ഓഹരി വില 50 ശതമാനം ഉയരുമെന്നാണ് മാനേജ്മെന്റ് അന്ന് കരുതിയതെന്നും എന്നാല്‍ നിർഭാഗ്യവശാൽ അത് സംഭവിച്ചില്ലെന്നും പരിമല്‍ പറയുന്നു.
വിഐപി ഇൻഡസ്ട്രീസിലെ 32 ശതമാനം ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളായ മിഥുൻ സഞ്ചേതി, സിദ്ധാർത്ഥ സഞ്ചേതി, സാംവിഭാഗ് സെക്യൂരിറ്റീസ് എന്നിവയ്ക്കാണ് ദിലീപ് പിരമല്‍ വിറ്റത്. ഓഹരികൾ 1,763 കോടി രൂപയ്ക്കാണ് ഏറ്റെടുക്കുക. ഓഹരികൾ ഓരോന്നിനും 388 രൂപ വിലവരും. ജൂലൈ 11 വെള്ളിയാഴ്ച വിഐപി ഇൻഡസ്ട്രീസിന്റെ ക്ലോസിംഗ് വിലയേക്കാൾ ഏകദേശം 15 ശതമാനം കുറവാണിത്. അതേസമയം, പിരമല്‍ കമ്പനിയിലെ 20 ശതമാനം ഓഹരി നിലനിർത്തും. പക്ഷേ അദ്ദേഹം ബോർഡിൽ തുടരില്ല. ഇതോടെ 52 വർഷത്തെ കമ്പനിയുടെ നേതൃപദവിയില്‍ നിന്നാണ് പിരമല്‍ പടിയിറങ്ങുന്നത്.