

സ്വര്‍ണവില കത്തിക്കയറുന്ന സാഹചര്യത്തില്‍ മഞ്ഞലോഹത്തിലുള്ള നിക്ഷേപത്തെ കുറിച്ച് ചിന്തിക്കാന്‍ സാധാരണക്കാര്‍ക്ക് അടുത്തകാലത്തൊന്നും കഴിയുമെന്ന് തോന്നുന്നില്ല. എന്നാല്‍ ഈ സാഹചര്യത്തില്‍ ഉറപ്പുള്ള നിക്ഷേപമായി വെള്ളിയെ കാണാം.
സ്വര്‍ണം പോലെ പരമ്പരാഗത നിക്ഷേപ മാര്‍ഗമാണ് വെള്ളിയെങ്കിലും സ്വര്‍ണത്തിന്റെ വില കുതിക്കുന്നതിനിടയിലാണ് വെള്ളി നിക്ഷേപത്തെ കുറിച്ച് ചര്‍ച്ചകള്‍ വീണ്ടും സജീവമായത്.
എന്തുകൊണ്ട് വെള്ളി?
സ്വര്‍ണത്തില്‍ നിന്ന് വ്യത്യസ്തമായി വ്യാവസായിക രംഗത്ത് വെള്ളിക്കുള്ള ഡിമാന്‍ഡ് തന്നെയാണ് പ്രധാന ആകര്‍ഷണം. വെള്ളിയുടെ ആവശ്യകതയില്‍ അമ്പത് മുതല്‍ അറുപത് ശതമാനം വരെ ആവശ്യകത വ്യവസായ മേഖലയില്‍ നിന്നാണ്.
കൂടാതെ, ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്തും സോളാര്‍ പാനല്‍ നിര്‍മാണത്തിനും വെള്ളി അത്യാവശ്യമാണ്. ആഗോളതലത്തില്‍ സോളാര്‍ ഊര്‍ജത്തിലേക്കുള്ള മാറ്റം വെള്ളിയുടെ ഡിമാന്‍ഡ് കൂട്ടുന്നുണ്ട്. സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്ലെറ്റുകള്‍, 5ജി സാങ്കേതികവിദ്യ എന്നിവയിലും വെള്ളി പ്രധാന ഘടകമാണ്.
പണപ്പെരുപ്പം, കറന്‍സി മൂല്യത്തകര്‍ച്ച പോലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളില്‍ സ്വര്‍ണത്തെ പോലെ വെള്ളിയും ഒരു സുരക്ഷിത നിക്ഷേപമാണ്. സ്വര്‍ണവുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ നിക്ഷേപം മതി വെള്ളിക്ക്. ഇതിനാല്‍ സാധാരണക്കാര്‍ക്കും കൂടുതല്‍ അവസരം ലഭിക്കുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വെള്ളിക്ക് വിതരണത്തേക്കാള്‍ കൂടുതല്‍ ഡിമാന്‍ഡ് നിലനില്‍ക്കുന്നുണ്ട്. ഇത് വരും വര്‍ഷങ്ങളിലും തുടരുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ പ്രവചനം. ഇത് ഭാവിയില്‍ വെള്ളിക്ക് വില കൂടാനും കാരണമാകും.
വെള്ളി എങ്ങനെ നിക്ഷേപിക്കാം?
കൈവശം വെക്കാതെ എക്‌സ്‌ചേഞ്ചുകള്‍ വഴി നിക്ഷേപിക്കാനുള്ള വെള്ളി ഇടിഎഫുകളാണ് സുരക്ഷിതമായ ഒരു മാര്‍ഗം.
വെള്ളി ആഭരണങ്ങളേക്കാള്‍, നാണയങ്ങളും കട്ടികളും തിരഞ്ഞെടുക്കാം. ബാങ്കുകളില്‍ നിന്നും ആഭരണശാലകളില്‍ നിന്നും വാങ്ങാം.
ശ്രദ്ധിക്കേണ്ട കാര്യം:
ചാഞ്ചാട്ടം കൂടുതലായതിനാല്‍ ഒരു നിശ്ചിത ശതമാനം മാത്രം വെള്ളിക്കു വേണ്ടി നീക്കി വെക്കുക.