

ന്യൂഡല്‍ഹി: ഡിസംബറിലുണ്ടായ സര്‍വീസ് താളപ്പിഴയ്ക്ക് ഇന്‍ഡിഗോയ്ക്ക് പിഴ ചുമത്തി ഡിജിസിഎ. 22.20 കോടി രൂപയാണ് പുഴ ചുമത്തിയത്. കൂടാതെ കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത എന്‍ഫോഴ്‌സ്‌മെന്റ് നടപടികളും സ്വീകരിച്ചു. ഗുരുതരമായ ആസൂത്രണ, പ്രവര്‍ത്തന, നിയന്ത്രണ പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മൂന്നിനും അഞ്ചിനും ഇടയിലായിരുന്നു രാജ്യവ്യാപകമായി ഇന്‍ഡിഗോ സര്‍വീസുകള്‍ താറുമാറായത്. 2,507 സര്‍വീസുകളാണ് ഈ സമയത്ത് റദ്ദാക്കിയത്. കൂടാതെ 1852 സര്‍വീസുകള്‍ വൈകുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് മൂന്ന് ലക്ഷത്തിലധികം യാത്രക്കാരാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്.
ഡിജിസിഎയുടെ ഉത്തരവുകള്‍ ലഭിച്ചതായും ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇന്‍ഡിഗോയുടെ ഉടമകളായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡിന്റെ ചെയര്‍മാനും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും പ്രസ്താവനയിലൂടെ അറിയിച്ചു.
ഇന്‍ഡിഗോ പ്രതിസന്ധിയെ കുറിച്ച് അന്വേഷിക്കാന്‍ സിവില്‍ വ്യോമായന മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം നാലംഗ സമിതിയെയാണ് ഡിജിസിഎ അന്വേഷണത്തിന് നിയോഗിച്ചത്. അമിതമായ ലാഭലക്ഷ്യം, നിയമപരമായ തയ്യാറെടുപ്പുകളിലെ കുറവ്, ദുര്‍ബലമായ സോഫ്റ്റ്വെയര്‍ സംവിധാനങ്ങള്‍, മാനേജ്മെന്റ് മേല്‍നോട്ടത്തിലെ വീഴ്ചകള്‍ എന്നിവയാണ് പ്രധാന കാരണങ്ങളായി അന്വേഷണ സമിതി കണ്ടെത്തിയത്.
അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആവശ്യമായ അധിക ജീവനക്കാരെയോ വിമാനങ്ങളെയോ കമ്പനി കരുതിയിരുന്നില്ലെന്നും പരിഷ്‌കരിച്ച പൈലറ്റ് ഡ്യൂട്ടി സമയ ചട്ടങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കിയില്ലെന്നും കമ്മിറ്റി നിരീക്ഷിച്ചു. ലാഭം കൂട്ടാനായി സംവിധാനത്തെ അമിതമായി സമ്മര്‍ദ്ദത്തിലാക്കിയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രവര്‍ത്തനങ്ങളിലെ മേല്‍നോട്ടക്കുറവിനും പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ചയ്ക്കും ഇന്‍ഡിഗോ സിഇഒയ്ക്ക് ഡിജിസിഎ താക്കീത് നല്‍കി. കൂടാതെ, 2025 വിന്റര്‍ ഷെഡ്യൂള്‍ പ്ലാന്‍ ചെയ്തപ്പോള്‍ ജീവനക്കാരുടെ ജോലിഭാരത്തെ എങ്ങനെ ബാധിക്കുമെന്ന് മുന്‍കൂട്ടി കാണുന്നതില്‍ പരാജയപ്പെട്ട കമ്പനിയുടെ സിഒഒയ്ക്ക് താക്കീതും നല്‍കിയിട്ടുണ്ട്.
ചുമത്തിയ 22.20 കോടിയില്‍ 1.80 കോടി രൂപ സിവില്‍ ഏവിയേഷന്‍ നിയമ ലംഘനത്തിനുള്ളതാണ്. പൈലറ്റുമാരുടെ ജോലി സമയ ക്രമീകരണം പാലിക്കാതിരിക്കുക, മോശം പ്രവര്‍ത്തന നിയന്ത്രണം, മാനേജ്മെന്റ് മേല്‍നോട്ടത്തിലെ പോരായ്മകള്‍ എന്നിവയ്ക്കാണ് ഈ പിഴ.
എഫ്.ഡി.ടി.എല്‍ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് സര്‍വീസ് തുടര്‍ന്നതിന് 2.40 കോടി രൂപ പിഴ നല്‍കണം. 2025 ഡിസംബര്‍ 5 മുതല്‍ 2026 ഫെബ്രുവരി 10 വരെയുള്ള 68 ദിവസത്തേക്ക് പ്രതിദിനം 30 ലക്ഷം രൂപ എന്ന നിരക്കിലാണ് ഇത് കണക്കാക്കിയത്.
വെറും പിഴയില്‍ ഒതുക്കാതെ, കമ്പനിയില്‍ അടിമുടി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി നല്‍കാന്‍ ഡിജിസിഎ ഉത്തരവിട്ടു.
കമ്പനിയുടെ തീരുമാനങ്ങള്‍ എടുക്കുന്ന രീതിയില്‍ മാറ്റം വരുത്തുക, ജീവനക്കാരുടെ ജോലി സമയം കൃത്യമായി ക്രമീകരിക്കുകയും പൈലറ്റുമാരുടെ അമിതക്ഷീണം ഒഴിവാക്കുകയും ചെയ്യുക, പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ മെച്ചപ്പെട്ട സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുക, കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നീ ഉപാധികള്‍ പാലിച്ചാല്‍ മാത്രമേ ഗ്യാരണ്ടി തുക തിരികെ ലഭിക്കുകയുള്ളൂ.
കമ്പനിയുടെ തീരുമാനങ്ങള്‍ എടുക്കുന്ന രീതിയില്‍ മാറ്റം വരുത്തുക, ജീവനക്കാരുടെ ജോലി സമയം കൃത്യമായി ക്രമീകരിക്കുകയും പൈലറ്റുമാരുടെ അമിതക്ഷീണം ഒഴിവാക്കുകയും ചെയ്യുക, പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ മെച്ചപ്പെട്ട സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുക, കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നീ ഉപാധികള്‍ പാലിച്ചാല്‍ മാത്രമേ ഗ്യാരണ്ടി തുക തിരികെ ലഭിക്കുകയുള്ളൂ.