മികച്ച നടൻ മോ​ഹൻലാൽ, കല്യാണിയും അനശ്വരയും മികച്ച നടിമാർ; 49ാമത് ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു

ദിന്‍ജിത് അയ്യത്താന്‍ സംവിധാനം ചെയ്ത ‘എക്കോ‘യാണ് മികച്ച സിനിമയ്ക്കുള്ള അവാർഡ് കരസ്ഥമാക്കിയത്
മികച്ച നടൻ മോ​ഹൻലാൽ, കല്യാണിയും അനശ്വരയും മികച്ച നടിമാർ; 49ാമത് ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു
Published on
Updated on

കൊച്ചി: 2025 ലെ മികച്ച സിനിമയ്ക്കുള്ള 49ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു. ദിന്‍ജിത് അയ്യത്താന്‍ സംവിധാനം ചെയ്ത ‘എക്കോ‘യാണ് മികച്ച സിനിമയ്ക്കുള്ള അവാർഡ് കരസ്ഥമാക്കിയത്. ‘തുടരും’, ‘ഹൃദയപൂര്‍വം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മോഹന്‍ലാല്‍ മികച്ച നടനുള്ള അവാർഡ് നേടി. ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്രയിലെ അഭിനയത്തിന് കല്യാണി പ്രിയദര്‍ശനും രേഖാചിത്രം, മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍ എന്നീ സിനിമകളിലെ അഭിനയത്തിലൂടെ അനശ്വര രാജനും മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു.

ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്രയിലൂടെ ഡൊമിനിക്ക് അരുണ്‍ ആണ് മികച്ച സംവിധായകന്‍. എ പ്രെഗ്നന്റ് വിഡോ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം രാജേഷ് തില്ലങ്കേരിയും കരസ്ഥാമാക്കി. കേരളത്തിൽ സംസ്ഥാന അവാർഡ് കഴിഞ്ഞാൽ അപേക്ഷ ക്ഷണിച്ച്, ജൂറി കണ്ട് നിർണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണ് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്. 60 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്.

മികച്ച നടൻ മോ​ഹൻലാൽ, കല്യാണിയും അനശ്വരയും മികച്ച നടിമാർ; 49ാമത് ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു
ദീദി വിയർക്കുമോ? ബംഗാളിൽ താമര വിരിയുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ

അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ. ജോർജ്ജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫുമാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ഡോ. ജോർജ്ജ് ഓണക്കൂർ ചെയർമാനും തേക്കിൻകാട് ജോസഫ്, ഡോ. അരവിന്ദൻ വല്ലച്ചിറ, ഡോ. ജോസ് കെ. മാനുവൽ, എ. ചന്ദ്രശേഖർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്.

ചലച്ചിത്രമേഖലയ്ക്ക് നൽകിയ സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്നം പുരസ്‌കാരം ഗായകനും സംഗീതസംവിധായകനുമായ എം.ജി. ശ്രീകുമാറിന് സമ്മാനിക്കും. തിരക്കഥാകൃത്തും സംവിധായകനുമായി മലയാളത്തിന്റെ യശസ് ഇന്ത്യയൊട്ടാകെയെത്തിച്ച പ്രിയദർശന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും.

നടനും നിര്‍മ്മാതാവുമായ ടി.ജി. രവി, നടനും വസ്ത്രാലങ്കാരകനുമായ ഇന്ദ്രന്‍സ്, ഗാനരചയിതാവും തിരക്കഥാകൃത്തും അഭിനേതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, നിര്‍മാതാവും നിര്‍മാണ കാര്യദര്‍ശിയുമായ കല്ലിയൂര്‍ ശശി, നടി ഊര്‍മിള ഉണ്ണി, ഗായിക ബി. അരുന്ധതി എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും.

News Malayalam 24x7
newsmalayalam.com