

പനാജി: ഗോവയിൽ നടന്ന 56ാമത് അന്താരാഷ്ട്ര ചലചിത്രമേളയിൽ മികച്ച ബാലതാരത്തിനുള്ള സ്പെഷ്യൽ ജൂറി പരാമർശം സ്വന്തമാക്കി ഓർഹാൻ. ആസിഫ് അലിയെ നായകനാക്കി താമർ അണിയിച്ചൊരുക്കിയ 'സർക്കീട്ട്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഓർഹാൻ സ്പെഷ്യൽ ജൂറി പരാമർശം സ്വന്തമാക്കിയത്. മേളയിലെ അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗത്തിൽ മത്സരിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക-നിരൂപക പ്രശംസയാണ് ലഭിച്ചത്. മൂന്ന് ഇന്ത്യൻ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ മത്സരിച്ചത്.
'സർക്കീട്ടി'ൽ ജെഫ്റോൺ എന്ന കഥാപാത്രത്തെയാണ് ഒർഹാൻ അവതരിപ്പിച്ചത്. ഒരിക്കലും സാധ്യമാകാൻ ഇടയില്ലെന്നു ലോകം കരുതുന്ന ഒരു മനോഹര സൗഹൃദത്തിന്റെ കഥ പറഞ്ഞ ഈ ചിത്രം വലിയ പ്രേക്ഷക പ്രതികരണമാണ് നേടിയത്. ദിവ്യ പ്രഭ, ദീപക് പറമ്പോൾ, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടർ, സ്വാതിദാസ് പ്രഭു, ഗോപൻ അടാട്ട്, സിൻസ് ഷാൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. കഥയിലെ കേന്ദ്രകഥാപാത്രങ്ങളായ ആമിർ, ജെഫ്‌റോൺ എന്നിവരിലൂടെ പ്രവാസി ജീവിതത്തിന്റെ വ്യക്തിപരവും വൈകാരികവുമായ പോരാട്ടങ്ങളുടെ വളരെ റിയലിസ്റ്റിക്കായ ചിത്രീകരണം ആണ് ഈ ചിത്രത്തിലൂടെ സംവിധായകൻ പ്രേക്ഷകരിലേക്ക് എത്തിച്ചത്. താമർ ഒരുക്കിയ ആദ്യ ചിത്രമായ 'ആയിരത്തൊന്നു നുണകളും' വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയിരുന്നു.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിച്ച ഈ ചിത്രം പൂർണമായും ഗൾഫ് രാജ്യങ്ങളിലാണ് ചിത്രീകരിച്ചത്. യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി ആണ് 'സർക്കീട്ട്' ഒരുക്കിയത്.
ആക്ഷൻ ഫിലിംസിന്റെ ബാനറിൽ ചിത്രത്തിന്റെ സഹനിർമാണം നിർവഹിച്ചത് ഫ്‌ളോറിൻ ഡൊമിനിക് ആണ്. ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം - അരവിന്ദ് വിശ്വനാഥൻ, വരികൾ- അൻവർ അലി, വസ്ത്രാലങ്കാരം - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി സുരേന്ദ്രൻ, ലൈൻ പ്രൊഡക്ഷൻ - റഹിം പിഎംകെ, വി എഫ് എക്സ്- നോക്ക്‌റ്റേണൽ ഒക്റ്റേവ് പ്രൊഡക്ഷൻസ്, പോസ്റ്റർ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ (ഇല്ലുമിനാർട്ടിസ്റ്റ് ക്രീയേറ്റീവ്സ്), സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്, സിങ്ക് സൗണ്ട്- വൈശാഖ്