അനന്യ ബിർളയ്ക്ക് അംബാനി കുടുംബത്തിൽ നിന്ന് വിവാഹാലോചനയോ? പലതവണ നിരസിച്ചെന്ന് വെളിപ്പെടുത്തൽ; ചർച്ചയായി സോഷ്യൽ മീഡിയ!

കരൺ ജോഹർ അവതാരകനായെത്തുന്ന സെലിബ്രിറ്റി ചാറ്റ് ഷോയായ ‘കോഫി വിത്ത് കരൺ’ലാണ് അനന്യയുടെ വെളിപ്പെടുത്തൽ.
അനന്യ ബിർളയ്ക്ക് അംബാനി കുടുംബത്തിൽ നിന്ന് വിവാഹാലോചനയോ? പലതവണ നിരസിച്ചെന്ന് വെളിപ്പെടുത്തൽ; ചർച്ചയായി സോഷ്യൽ മീഡിയ!
Published on: 
Updated on: 

അംബാനി കുടുംബത്തിൽ നിന്ന് വിവാഹാലോചന വന്നിട്ടും അനന്യ ബിർള നിരസിച്ചോ? ബിസിനസ് രംഗത്തെ പ്രമുഖയും ഗായികയുമായ അനന്യ ബിർളയുടെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. കരൺ ജോഹർ അവതാരകനായെത്തുന്ന സെലിബ്രിറ്റി ചാറ്റ് ഷോയായ ‘കോഫി വിത്ത് കരൺ’ലാണ് അനന്യയുടെ വെളിപ്പെടുത്തൽ. നടി അനന്യ പാണ്ഡെയ്‌ക്കൊപ്പമാണ് അനന്യ ബിർള പരിപാടിയിൽ എത്തിയത്.

ഒരു പ്രമുഖ വ്യവസായ കുടുംബത്തിൽ നിന്ന് വിവാഹാലോചന ലഭിച്ചിട്ടുണ്ടോ എന്ന കരൺ ജോഹറിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അനന്യ. ഒരേ വ്യക്തിയിൽ നിന്ന് ഒന്നിലധികം തവണ വിവാഹാലോചന വന്നിട്ടുണ്ടെന്നായിരുന്നു അനന്യയുടെ മറുപടി. ആദ്യത്തെ ആലോചന നിരസിച്ചിട്ടും അതേ കുടുംബത്തിൽ നിന്ന് വീണ്ടും വീണ്ടും വിവാഹാലോചനകൾ വന്നുവെന്നും, ഓരോ തവണയും ഇത്തരത്തിൽ ആലോചന വരുമ്പോൾ തന്റെ മാതാപിതാക്കൾ അസ്വസ്ഥരാകാറുണ്ടെന്നും ഒരിക്കൽ വേണ്ടെന്ന് പറഞ്ഞാൽ അത് വേണ്ടെന്ന് തന്നെയാണെന്നും അനന്യ വ്യക്തമാക്കി.

ആ വിവാഹം രസകരമായിരിക്കാമെന്ന് കരൺ ജോഹർ തമാശ രൂപേണ പറഞ്ഞെങ്കിലും അനന്യ അതിനോട് യോജിച്ചില്ല. ഇതോടെ കരൺ അടുത്ത ചോദ്യത്തിലേക്ക് കടന്നു. അതേസമയം, അനന്യ ആരെയാണ് ഉദ്ദേശിച്ചതെന്ന് പരിപാടിയിൽ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ അംബാനി കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ ശക്തമായത്. അനന്ത് അംബാനിക്ക് വേണ്ടിയാണോ അനന്യയ്ക്ക് വിവാഹാലോചനകൾ വന്നതെന്നും താരം അത് ഒന്നിലധികം തവണ നിരസിച്ചോ എന്നുമാണ് ചിലരുടെ ചോദ്യം. എന്നാൽ ഇതിന് വ്യക്തതയില്ല.

പരിപാടിയിൽ തന്റെ ഡേറ്റിങ് ജീവിതത്തെക്കുറിച്ചും അനന്യ ചില വെളിപ്പെടുത്തലുകൾ നടത്തി. സ്വകാര്യമായി ഒരാളുമായി ഡേറ്റിന് പോകാൻ വേണ്ടി ഒരു വേദി മുഴുവൻ ഒഴിപ്പിച്ചിട്ടുണ്ടെന്ന് താരം പറഞ്ഞു. ഷനായ കപൂറും പരിപാടിയിൽ സർപ്രൈസ് അതിഥിയായി എത്തിയിരുന്നു.