മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധത്തിനിടെ പൊലീസ് കസ്റ്റഡിയിൽ എടുത്ത നടിയും ആമിർ ഖാന്റെ അനന്തരവളുമായ സെയ്‌ൻ മേരി തനിക്കേറ്റ പരിക്കുകളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ഇൻസ്റ്റഗ്രാം റീലിലൂടെയാണ് കൈകളിലും വിരലുകളിലും കാലുകളിലുമുള്ള പരിക്കുകൾ നടി ലോകത്തെ കാട്ടിയത്. പ്രതിഷേധക്കാരെ ഭയപ്പെടുത്താനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളിൽ നടി പ്രതിഷേധവും രേഖപ്പെടുത്തി.
ക്യാമറയ്ക്ക് മുന്നിൽ ശരീരത്തിലെ പാടുകൾ കാണിച്ചു കൊണ്ട് "ഇനിയെത്രത്തോളം ഭയപ്പെടുത്താൻ ശ്രമിക്കും? (ഞങ്ങളുടെ ഉള്ളിലെ) ഭയം ഇല്ലാതാകുന്ന വരെയോ," എന്ന് സെയ്ൻ പറയുന്നിടത്താണ് റീൽ അവസാനിക്കുന്നത്. 'she exposes (the state) on the internet' എന്ന ക്യാപ്ഷനോടെയാണ് ഈ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
ബോളിവുഡ് താരങ്ങളായ ഇമ്രാൻ ഖാൻ, ലേഖ വാഷിംഗ്ടൺ എന്നിവർക്കൊപ്പം കഴിഞ്ഞ ശനിയാഴ്ചയാണ് സെയ്‌ൻ മേരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ഇവരെ പൊലീസ് വാനിൽ കയറ്റി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വാനിൽ ഉള്ളിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ സെയ്‌ൻ മുദ്രാവാക്യങ്ങൾ വിളിക്കുന്ന വീഡിയോ വൈറലായിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് ഇവർ മൂവരേയും പൊലീസ് വിട്ടയച്ചത്.
കസ്റ്റഡിയിൽ നിന്ന് മോചിതരായതിന് പിന്നാലെ തങ്ങൾക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളെപ്പറ്റി ലേഖയും സെയ്‌നും ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെയും വീഡിയോകളിലൂടെയും ആരാധകരെ അറിയിച്ചിരുന്നു. മണിക്കൂറുകളോളം തങ്ങളെ നഗരത്തിലൂടെ പൊലീസ് വാനിൽ ചുറ്റിച്ചെന്നും എന്തിനാണ് പിടിച്ചുവച്ചിരിക്കുന്നതെന്ന ചോദ്യത്തിന് ആർക്കും കൃത്യമായ ഉത്തരമില്ലായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.
അതേസമയം, ആഗസ്റ്റ് ക്രാന്തി മൈതാനത്ത് മുൻകൂട്ടി അനുമതി വാങ്ങാതെ പ്രതിഷേധിക്കാൻ എത്തിയവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് മുംബൈ പൊലീസ് പറയുന്നത്. എന്നാൽ, അധികൃതരിൽ നിന്നും ഇമെയിൽ വഴി അനുമതി തേടിയിരുന്നെന്നും മറുപടി ലഭിച്ചില്ലെന്നുമാണ് സി.ജെ.പി പ്രവർത്തകർ അവകാശപ്പെടുന്നത്. ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധത്തിൽ വൻ യുവജന പങ്കാളിത്തമാണ് ഉണ്ടായിരുന്നത്.