"എന്റെ സാരിയോ, ഭാവങ്ങളോ ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കിൽ മാപ്പ്"; വിമർശനങ്ങളിൽ അന്ന രാജൻ

തന്റെ ഭക്തിയെ തെറ്റായി ചിത്രീകരിക്കുന്ന ചില ദൃശ്യങ്ങൾ പ്രചരിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നിയതായി നടി
നടി അന്ന രാജൻ
നടി അന്ന രാജൻ
Published on
Updated on

കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'അങ്കമാലി ഡയറീസ്' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ താരമാണ് അന്ന രാജൻ. കഴിഞ്ഞ ദിവസം നടി ആറ്റുകാൽ പൊങ്കാലയിടാൻ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെ നടിയുടെ വസ്ത്രധാരണം ഉൾപ്പെടെ വലിയ തോതിൽ വിമർശിക്കപ്പെട്ടു. വിവിധ ആംഗിളുകളിൽ യൂട്യൂബ് ചാനലുകൾ പകർത്തിയ നടിയുടെ ചിത്രങ്ങളിൽ പലതും ദേഹനിന്ദാപരമായിരുന്നു. ഇപ്പോഴിതാ, ഈ വിഷയത്തിൽ അന്ന രാജൻ പ്രതികരിച്ചിരിക്കുന്നു.

തന്റെ ഭക്തിയെ തെറ്റായ രീതിയിൽ ചിത്രീകരിക്കുന്ന തരത്തിൽ ചില ദൃശ്യങ്ങൾ എടുത്തുകാട്ടി പ്രചരിപ്പിക്കുന്നത് കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നിയതായി നടി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. തന്റെ വസ്ത്രധാരണമോ, ഭാവങ്ങളോ, മറ്റെന്തെങ്കിലുമോ ഏതെങ്കിലും ഭക്തരുടെ വികാരങ്ങളെ അറിഞ്ഞോ അറിയാതെയോ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി മാപ്പപേക്ഷിക്കുന്നതായി നടി അറിയിച്ചു.

നടി അന്ന രാജൻ
"വിശ്വാസത്തോടെയാണ് ആറ്റുകാൽ പൊങ്കാലയിട്ടത്, ഇപ്പോൾ നെഗറ്റിവിറ്റി പറയാൻ കമന്റ് സെക്ഷനിൽ ക്യൂ"; മറുപടിയുമായി റെനീഷ റഹ്‌മാൻ

അന്നാ രാജന്റെ സോഷ്യൽ മീഡിയ കുറിപ്പ്:

കൂപ്പുകൈകളോടെ, നിറഞ്ഞ കണ്ണുകളുമായി...

എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ആറ്റുകാൽ അമ്മയുടെ തിരുനടയിൽ പൊങ്കാല സമർപ്പിക്കാൻ എത്തിയത്. കൊടും ചൂടിലും വിറകടുപ്പിന് മുന്നിലിരുന്ന്, അമ്മയുടെ നാമങ്ങൾ ഉരുവിട്ട് തികഞ്ഞ ഭക്തിയോടെ മാത്രമാണ് ഞാൻ അവിടെ നിന്നത്.

ആ പുണ്യ നിമിഷങ്ങൾക്കിടയിൽ, നിർഭാഗ്യവശാൽ ചില അനാവശ്യ വീഡിയോകളും ക്ലിപ്പുകളും പകർത്തുകയും പ്രചരിപ്പിക്കപ്പെടുകയുണ്ടായി. മാധ്യമപ്രവർത്തകർ ഉൾപ്പെടെ ചുറ്റുമുള്ള എല്ലാവരെയും ഞാൻ ആദരിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ ദിവസത്തെ എന്റെ ഭക്തിയെ തെറ്റായ രീതിയിൽ ചിത്രീകരിക്കുന്ന തരത്തിൽ ചില ദൃശ്യങ്ങൾ എടുത്തുകാട്ടി പ്രചരിപ്പിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഒരുപാട് വിഷമം തോന്നി.

എന്റെ സാരിയോ, ഭാവങ്ങളോ, മറ്റെന്തെങ്കിലുമോ ഏതെങ്കിലും ഭക്തരുടെ വികാരങ്ങളെ അറിഞ്ഞോ അറിയാതെയോ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഞാൻ ആത്മാർത്ഥമായി മാപ്പപേക്ഷിക്കുന്നു. ഒരിക്കലും അങ്ങനെ ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല.

അമ്മയ്ക്ക് എന്റെ മനസ് അറിയാം. ആ ചിരിക്ക് പിന്നിലെ പ്രാർത്ഥനയും ആത്മാർത്ഥതയും വെയിലിൽ സഹിച്ച ബുദ്ധിമുട്ടുകളും അമ്മ കാണുന്നുണ്ട്. എനിക്ക് ആ സത്യം മാത്രം മതി.

എല്ലാം ആറ്റുകാൽ അമ്മയുടെ പാദങ്ങളിൽ സമർപ്പിച്ചുകൊണ്ട്, അമ്മയുടെ എളിയ ഭക്തയായി ഞാൻ എന്നും നിലകൊള്ളും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com