

കൊച്ചി: നടി ആനിയും മകൻ റുഷിനും തമ്മിലുള്ള സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബോഡി ഷെയ്മിങ്ങിനെയും ഫെമിനിസത്തെയും കുറിച്ചുള്ള മകന്റെ ചോദ്യങ്ങളോടുള്ള ആനിയുടെ മറുപടിയാണ് വൈറൽ വീഡിയോയുടെ ഉള്ളടക്കം. നടി പ്രിയങ്ക നായരുടെ പുതിയ ലുക്കുമായി ബന്ധപ്പെട്ട് ആനി നടത്തിയ പരാമർശം സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനം ഏറ്റുവാങ്ങിയിരുന്നു. ഈ വിമർശനങ്ങളെ മുൻ നിർത്തിയായിരുന്നു റുഷിന്റെ ചോദ്യങ്ങൾ.
റുഷിൻ തുടങ്ങിയ പുതിയ യൂട്യൂബ് ചാനലിന്റെ വ്ളോഗിലായിരുന്നു വിമർശനങ്ങളോടുള്ള ആനിയുടെ പ്രതികരണം. ആനി നടത്തുന്ന ടിവി ഷോയിൽ അതിഥിയായി എത്തിയ പ്രിയങ്ക നായരോട് നടത്തിയ ‘പാക്ക് പോലെയായിപ്പോയി’ എന്ന ദേഹനിന്ദാപരമായ പരാമർശത്തെക്കുറിച്ച് മകൻ ചോദിച്ചപ്പോഴുള്ള ആനിയുടെ വിശദീകരണവും അതിന് റുഷിന്റെ മറുപടിയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുകയാണ്. ആനിയെ റോസ്റ്റ് ചെയ്യുന്ന ഇൻസ്റ്റഗ്രാം റീലുകൾ കാണിച്ചു കൊടുത്താണ് റുഷിൻ വിശദീകരണം തേടിയത്. "അമ്മ ഡെഡിക്കേഷനെക്കുറിച്ചും പറയുന്നുണ്ട്, ബോഡി ഷെയ്മിങ് ചെയ്തുവെന്ന് ഇവർ പറയുമ്പോൾ എന്താണ് തോന്നുന്നത്?" എന്നായിരുന്നു റുഷിന്റെ ചോദ്യം.
"എനിക്ക് ഒന്നു തോന്നുന്നില്ല. ഇതിന് മുമ്പ് ഒരു കുട്ടിയോട് മേക്കപ്പ് ഇടാതെ അഭിനയിച്ചതിനെക്കുറിച്ച് ഞാൻ ചോദിച്ചിരുന്നു. കോളേജിൽ പഠിക്കുന്ന സമയത്താണ് ഞാൻ സിനിമയിലേക്ക് വരുന്നത്. ആ സമയത്ത് ഞാൻ വിചാരിച്ചത്, ഒത്തിരി നന്നായിട്ട് ഒരുങ്ങി നടക്കാമെന്നാണ്. ഏതൊരു പെൺകുട്ടിയും ചിന്തിക്കുന്നത് പോലെയെ ഞാനും ചിന്തിച്ചിട്ടുള്ളൂ. ആഴത്തിൽ ഒന്നും ചിന്തിച്ചിട്ടില്ല. ഒരു ആർട്ടിസ്റ്റ് മേക്കപ്പില്ലാതെ അഭിനയിക്കുമ്പോൾ അത് ഡെഡിക്കേഷന്റെ ഭാഗമായിട്ടാണ് ഞാൻ കണ്ടത്.
എന്റെ ആദ്യ സിനിമയ്ക്ക് വേണ്ടി ഞാൻ മുടി വെട്ടിയിട്ടുണ്ട്. അന്ന് എല്ലാവരും പ്രശംസിച്ചു. അല്ലാതെ അയ്യേ… മുടി വെട്ടിയിട്ട് ഇത് എന്ത് കോലമാ എന്ന് എന്നോട് ആരും ചോദിച്ചിട്ടില്ല. എല്ലാവരും പ്രശംസിക്കുകയാണ് ചെയ്തത്. അതുപോലെ തന്നെയാണ് ആ കുട്ടിയുടെ കാര്യത്തിലും ചോദിച്ചത്. മേക്കപ്പ് ഇല്ലാതെ അഭിനയിച്ചോ എന്നാണ് ചോദിച്ചത്. പ്രിയങ്കയുടെ കാര്യത്തിലും ആ ഡെഡിക്കേഷൻ കണ്ടുള്ള അതിശയമായിരുന്നു എന്റെ വാക്കുകളിൽ," എന്നായിരുന്നു ആനിയുടെ മറുപടി. ആരെയും ബോഡി ഷെയ്മിങ് ചെയ്തിട്ടില്ലെന്നും തന്റെ മുന്നിൽ വച്ച് ഒരാൾ അങ്ങനെ ചെയ്താൽ നിങ്ങൾ അവരുടെ വശം കൂടി ചിന്തിക്കൂ എന്ന് പറയുമെന്നും ആനി കൂട്ടിച്ചേർത്തു.
എന്നാൽ, 'പാക്ക് പോലെയായല്ലോ' എന്ന പരാമർശം തെറ്റാണെന്ന് റുഷിൻ ചൂണ്ടിക്കാട്ടി. ഇതിന് ആനി നൽകിയ വിശദീകരണം വീണ്ടും വിമർശനങ്ങൾക്ക് കാരണമാകുകയാണ്.
"ഞാൻ വളർന്നുവന്ന രീതിയുടേയും കേട്ടുപഠിച്ചതിന്റേയും പ്രശ്നമായിരിക്കാം. ഇപ്പോഴത്തെ കുട്ടികൾ ചില കാര്യങ്ങളിൽ എന്നെ തിരുത്തുന്നുണ്ട്. മാറാൻ ഞാനും പരമാവധി ശ്രമിക്കുന്നുണ്ട്. ക്ഷീണിച്ചുപോയോ എന്ന് ചോദിക്കുന്നത് ഒരു നാട്ടുനടപ്പാണ്. എല്ലാവരും ചോദിക്കുന്നതാണ്, എന്നോടും എത്ര പേര് ചോദിച്ചിട്ടുണ്ട്. എന്നെക്കുറിച്ച് ആര് ബോഡി ഷെയ്മിങ് നടത്തിയാലും എനിക്ക് വിഷമമില്ല. ഇപ്പോ നല്ല വണ്ണം വച്ചല്ലോ ചേച്ചീ എന്നു ചോദിച്ചാൽ അതിൽ ഞാൻ അഭിമാനിക്കുന്നു, എന്റെ ശരീരത്തെ സ്നേഹിക്കുന്നു എന്നു പറയും," എന്നായിരുന്നു ആനിയുടെ വിശദീകരണം.
ഈ തുറന്നുപറച്ചിലിന് പിന്നാലെ വീണ്ടും ആനി ട്രോളുകളിൽ നിറയുകയാണ്. 'അരിയെത്ര ? പയറഞ്ഞാഴി', '1960 കളിൽ നിന്ന് 2026 ലേക്ക് ഉള്ള വണ്ടി കയറൂ...', എന്നിങ്ങനെ പോകുന്ന വ്ളോഗിന് വരുന്ന കമന്റുകൾ.