

കൊച്ചി: ജനപ്രിയ നായിക ഭാവന കേന്ദ്ര കഥാപാത്രമായ ഏറ്റവും പുതിയ മലയാള ചിത്രമാണ് 'അനോമി'. സാറ എന്ന ഫോറൻസിക് അനലിസ്റ്റിന്റെ വേഷത്തിലാണ് ചിത്രത്തിൽ ഭാവന എത്തിയത്. വൈകാരികമായി ആഴമേറിയ ഈ കഥാപാത്രമായുള്ള നടിയുടെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഇപ്പോഴിതാ, സോഷ്യൽ മീഡിയയിലൂടെ ഈ കഥാപാത്രത്തിന് നന്ദി പറയുകയാണ് ഭാവന.
"എന്റെ പ്രിയപ്പെട്ട സാറ... നീ പ്രായോഗികമായി ചിന്തിക്കുന്നവളാണ്! നീ കരുത്തുള്ളവളാണ്! നീ എന്നും ശാന്തത കൈവിടാത്തവളുമാണ്! നിന്നോടൊപ്പമുള്ള എന്റെ യാത്ര അത്രമേൽ സന്തോഷം നിറഞ്ഞതായിരുന്നു!! നിന്റെ ഒരു ഭാഗം എന്റെ ജീവിതകാലം മുഴുവൻ എന്നോടൊപ്പം ഉണ്ടാകും!! നിന്റെ ജീവിതത്തിൽ സമാധാനവും പ്രതീക്ഷയും വീണ്ടും കണ്ടെത്താൻ നിനക്ക് കഴിയട്ടെ എന്ന് ഞാൻ ആശംസിക്കുന്നു!!! നന്ദി!! എല്ലാത്തിനും നന്ദി," എന്നാണ് ഭാവന കുറിച്ചത്.
റിയാസ് മാരാത്ത് ആണ് 'അനോമി'യുടെ രചനയും സംവിധാനവും. 'ദ ഇക്വേഷൻ ഓഫ് ഡെത്ത്' (മരണത്തിന്റെ സമവാക്യം) എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം എത്തിയത്. ഭാവനയ്ക്ക് പുറമേ വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയവരാണ് ചിത്രത്തിൽ നിർണായക വേഷങ്ങൾ അവതരിപ്പിച്ചത്. സുജിത് സാരംഗ് ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ സംഗീതം ഹർഷവർധൻ രാമേശ്വറും എഡിറ്റിങ് കിരൺ ദാസുമാണ്.
'ഗ്യാങ്സ് ഓഫ് വസേപ്പൂർ', 'ഹൈദർ', എന്നീ പ്രശസ്ത ബോളിവുഡ് ചിത്രങ്ങളുടെ കളറിസ്റ്റ് ആയ, മുംബൈയിൽ നിന്നുള്ള ലീഡിങ് ടെക്നീഷ്യൻ ജെ.ഡി ആണ് ഈ ചിത്രത്തിനും കളറിങ് നിർവഹിച്ചത്. ആക്ഷൻ കോറിയോഗ്രഫി - ആക്ഷൻ സന്തോഷ്, തവസി രാജ് , ഓഡിയോഗ്രഫി- സിങ്ക് സിനിമ, സൗണ്ട് മിക്സ് - ഫസൽ എ ബക്കർ, കോസ്റ്റ്യൂം - സമീറ സനീഷ്, ആർട്ട് - അരുൺ ജോസ്, മേക്കപ്പ് - അമൽ ചന്ദ്രൻ, പിആർഒ- ശബരി, ഡിജിറ്റൽ മാർക്കറ്റിങ്- അനൂപ് സുന്ദരൻ.