"മകൻ മരിച്ച സമയം, പൈസ ഇട്ടു തരല്ലേയെന്ന് പറഞ്ഞിട്ടും 30,000 രൂപ തന്നു"; ബേസിലിനെപ്പറ്റി കുടശ്ശനാട് കനകം

'ജയ ജയ ജയ ഹേ' എന്ന ചിത്രത്തിലൂടെയാണ് കുടശ്ശനാട് കനകം ചലച്ചിത്രപ്രേമികളുടെ പ്രിയതാരമായി മാറിയത്
കുടശ്ശനാട് കനകം, ബേസിൽ ജോസഫ്
കുടശ്ശനാട് കനകം, ബേസിൽ ജോസഫ്
Published on
Updated on

കൊച്ചി: വെള്ളിത്തിരയിൽ തന്റെ അമ്മയായി എത്തിയ കുടശ്ശനാട് കനകവുമായി ഹൃദ്യമായ ബന്ധമാണ് നടനും സംവിധായകുമായ ബേസിൽ ജോസഫ് കാത്തുസൂക്ഷിക്കുന്നത്. മകൻ മരിച്ച സമയത്ത് തനിക്ക് താങ്ങായത് ബേസിലാണെന്ന കനകത്തിന്റെ വാക്കുകളിൽ ആ ബന്ധത്തിന്റെ ആഴം വ്യക്തമാണ്. ഒരു ഘട്ടത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിട്ട് എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നപ്പോൾ ബേസിലാണ് ഒരു മകനേപ്പോലെ സഹായവുമായി എത്തിയതെന്ന് നടി പറയുന്നു.

"എന്റെ മകൻ മരിച്ച സമയത്ത് എനിക്ക് ഒരു 27,500 രൂപ കടമുണ്ട്. എന്റെ പേരിൽ ചെറിയ ഒരു ഫിക്സഡ് ഡിപ്പോസിറ്റ് ഉണ്ടായിരുന്നു. നാടകത്തിന്റെ പെൻഷൻ, 4000 രൂപ എല്ലാ മാസവും കിട്ടുന്നുണ്ട്. ഇങ്ങനെ കയ്യിലുള്ളതെല്ലാം നുള്ളിപ്പെറുക്കിയാൽ ആ 27,500 രൂപ എളുപ്പത്തിൽ കൊടുക്കാം. പിന്നെ കയ്യിൽ കാശുണ്ടാവില്ല. എനിക്ക് പെട്ടെന്ന് വല്ല പനിയോ മറ്റോ വന്നാലോ? ഉടനെ ഞാൻ ബേസിലിനെ വിളിച്ചു. ഒറ്റ വിളിക്ക് എടുത്തു. ‘മോനേ എനിക്ക് ഫെബ്രുവരിയിൽ ഒരു നാലഞ്ച് ദിവസത്തെ വർക്ക് തരണം. മോന്റെ സിനിമയിൽ ഇല്ലെങ്കിൽ പരിചയമുള്ള സംവിധായകരോട് പറഞ്ഞ് എനിക്ക് വർക്ക് വാങ്ങി തരണം’ എന്ന് പറഞ്ഞു. ‘അതിനെന്താ അമ്മേ... നമുക്ക് ചെയ്യാമല്ലോ. ഞാൻ തീർച്ചയായും ശ്രമിക്കാം’ എന്നായിരുന്നു മറുപടി. അഞ്ച് മിനുട്ട് കഴിഞ്ഞപ്പോൾ ബേസിലിന്റെ മാനേജറിന്റെ വിളി വന്നു. 'അമ്മയുടെ ഗൂഗിൾ പേ നമ്പർ ഇതാണോ’ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, ‘അയ്യോ ഞാൻ പൈസയ്ക്ക് അല്ല വിളിച്ചത്, വർക്ക് കിട്ടാൻ ആണ്, എനിക്ക് പൈസ ഇട്ടു തരല്ലേ’ എന്ന് പറഞ്ഞു. പക്ഷേ, അവൻ 30,000 രൂപ ഇട്ടു തന്നു. ഇതൊക്കെ ചാനലിൽ പറഞ്ഞു എന്നറിഞ്ഞാൽ ചിലപ്പോൾ വഴക്ക് പറയും," കുടശ്ശനാട് കനകം പറഞ്ഞു.

കുടശ്ശനാട് കനകം, ബേസിൽ ജോസഫ്
'സാംസ്കാരിക കേരളത്തിലെ വലിയ വിടവ്, കഴിയുമെങ്കിൽ 2026ൽ തന്നെ പുതിയ സർക്കാർ അത് നികത്തണം'; കുറിപ്പുമായി ഷഹബാസ് അമൻ

പതിറ്റാണ്ടുകളോളം മലയാള നാടകവേദിയിൽ സജീവമായിരുന്ന കുടശ്ശനാട് കനകം 'ജയ ജയ ജയ ഹേ' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രപ്രേമികളുടെ പ്രിയതാരമായി മാറിയത്. ബേസിലിന്റെ അമ്മയുടെ വേഷമായിരുന്നു ഈ ചിത്രത്തിൽ. തുടർന്ന് 'ഗുരുവായൂർ അമ്പലനടയിൽ’, ‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ’, ‘മരണമാസ്’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളിൽ കനകം എത്തി. ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോൺ പോൾ ജോർജ് ഒരുക്കിയ 'ആശാൻ' ആണ് അവസാനം ഇറങ്ങിയ ചിത്രം. മാത്യൂ തോമസ് നായകനായ 'സുഖമാണോ സുഖമാണ്' എന്ന ചിത്രമാണ് അടുത്ത റിലീസ്. ചിത്രം നാളെ തിയേറ്ററുകളിൽ എത്തും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com