പുതുവത്സരം തുടങ്ങുമ്പോൾ ആളുകൾ പുത്തൻ പ്രതീക്ഷ പങ്കുവയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാൽ 2026 തുടക്കം മുതൽ മറ്റൊരു ട്രെൻഡ് ആണ് സോഷ്യൽ മീഡിയയിൽ ഹിറ്റ് ആകുന്നത്. പഴയകാല ഓർമ പുതുക്കലുകൾ കൊണ്ട് സമൂഹമാധ്യമങ്ങൾ നിറയുകയാണ്. ഇൻസ്റ്റഗ്രാമിലും ടിക് ടോക്കിലും എന്നിങ്ങനെ ഇപ്പോൾ എവിടെ നോക്കിയാലും 2016ലെ ചിത്രങ്ങളാണ് കാണാൻ കഴിയുക. '2026 ഈസ് ദ ന്യൂ 2016' എന്ന ഹാഷ്‌ടാഗോടെയാണ് പലരും തങ്ങളുടെ പഴയ ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുന്നത്. ഈ ട്രെൻഡിനൊപ്പം കൂടിയിരിക്കുകയാണ് നടി പ്രിയങ്ക ചോപ്ര.
പ്രിയങ്ക ചോപ്രയുടെ കരിയറിലെ ഏറ്റവും സുപ്രധാനമായ വർഷങ്ങളിലൊന്നായിരുന്നു 2016. തന്റെ ജീവിതത്തെ മാറ്റിമറിച്ച ആ വർഷത്തെക്കുറിച്ചും തനിക്ക് ലഭിച്ച വലിയ അംഗീകാരങ്ങളെക്കുറിച്ചും മനസുതുറന്നിരിക്കുകയാണ് താരം. 'എല്ലാം ഒരേസമയം സംഭവിച്ച ഒരു വർഷം' എന്നാണ് പ്രിയങ്ക 2016നെ വിശേഷിപ്പിച്ചിരിക്കുന്നത്.
കലാരംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് രാജ്യം പ്രിയങ്കയെ പത്മശ്രീ നൽകി ആദരിച്ചത് 2016ലാണ്. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി പ്രണബ് മുഖർജിയിൽ നിന്നാണ് താരം പുരസ്കാരം ഏറ്റുവാങ്ങിയത്.
2016ലാണ് യുനിസെഫ് ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ ആയി നടി തിരഞ്ഞെടുക്കപ്പെടുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ കുട്ടികൾക്കു വേണ്ടിയുള്ള വിഭാഗമായ യൂനിസെഫിന്റെ എഴുപതാം വാർഷികാഘോഷ വേളയിൽ, നിലവിലുള്ള ഗുഡ്‌വിൽ അംബാസഡർമാരായ ഫുട്ബോൾ താരം ഡേവിഡ് ബെക്കാമും 12കാരിയായ ബ്രിട്ടിഷ് നടി നടി മില്ലി ബോബി ബ്രൗണുമാണ് പ്രിയങ്കയുടെ പേര് പ്രഖ്യാപിച്ചത്.
'ക്വാണ്ടിക്കോ' എന്ന ടെലിവിഷൻ സീരീസിലൂടെ ആഗോളതലത്തിൽ പ്രിയങ്ക ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ സമയമായിരുന്നു അത്. യുഎസിലെ എബിസി ചാനലിൽ സംപ്രേക്ഷണം ചെയ്ത 'ക്വാണ്ടികോ' വലിയ ഹിറ്റായിരുന്നു. അലെക്സ് പാരിഷ് എന്ന രഹസ്യാന്വേഷണ ഏജന്റ് ആയാണ് പ്രിയങ്ക ചിത്രത്തിൽ എത്തിയത്. 'ബേവാച്ച്' എന്ന ചിത്രത്തിലെ നടിയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
അന്നത്തെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും മിഷേൽ ഒബാമയും ആതിഥേയത്വം വഹിച്ച വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിൽ പ്രിയങ്ക അതിഥിയായി പങ്കെടുത്തു.
2016 അക്കാദമി അവാർഡ് ദാന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുന്നതിനായി പ്രിയങ്ക തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരങ്ങളിൽ ഒരാളായിരുന്നു നടി.
2016ലെ ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിലും പ്രിയങ്ക ചോപ്ര ഇടം പിടിച്ചു. മാഗസിൻ പുറത്തിറക്കിയ ആറ് പ്രത്യേക കവർ ചിത്രങ്ങളിൽ ഒന്നിൽ പ്രിയങ്കയും സ്ഥാനം പിടിച്ചു. ലിയോനാർഡോ ഡികാപ്രിയോ, നിക്കി മിനാജ്, മാർക്ക് സക്കർബർഗ് - പ്രിസില്ല ചാൻ ദമ്പതികൾ, ക്രിസ്റ്റീൻ ലഗാർഡ്, ലിൻ-മാനുവൽ മിറാൻഡ എന്നിവരാണ് മറ്റ് കവർ ചിത്രങ്ങളിൽ ഉണ്ടായിരുന്നത്.
ബിൽബോർഡ് മ്യൂസിക് അവാർഡ്, ആക്ടേഴ്സ് ഗിൽഡ് അവാർഡ് എന്നീ വേദികൾ ലഭിച്ചതും യുഎസ് മാസികയായ ഇൻ സ്റ്റൈലിന്റെ കവർ പേജിൽ ഇടംപിടിച്ചതും നടി 2016ലെ നേട്ടങ്ങളായി എടുത്തുകാട്ടുന്നു. ഒപ്പം, 'ബേവാച്ച്', 'ദിൽ ദഡ്ക്കനേ ദോ' എന്നീ ചിത്രങ്ങളുടെ ക്രൂവിനൊപ്പമുള്ള ഫോട്ടോസും നടി പങ്കുവച്ചു.