അമേരിക്കന്‍ പോപ്പ് ഗായികയും നടിയുമായ സെലീന ഗോമസ് വിവാഹിതയായി. സംഗീത നിർമാതാവ് ബെന്നി ബ്ലാങ്കോ ആണ് വരന്‍. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് സെലീന തന്നെയാണ് ഈ സന്തോഷ വാർത്ത സ്ഥിരീകരിച്ചത്.
'9.27.25' എന്ന വിവാഹ തീയതി അടിക്കുറിപ്പാക്കിയാണ് പോപ്പ് ഗായിക തന്റെ വിവാഹ ചിത്രങ്ങള്‍ ആരാധകർക്കായി പങ്കുവച്ചത്. ദമ്പതികൾ കൈകോർത്തു പിടിക്കുന്നതും ആലിംഗനം ചെയ്യുന്നതും വിവാഹ മോതിരവും ചിത്രങ്ങളില്‍ കാണാം.
ചടങ്ങില്‍ നിരവധി പ്രമുഖർ പങ്കെടുത്തതായാണ് റിപ്പോർട്ടുകള്‍. ടെയ്‌ലർ സ്വിഫ്റ്റ്, പാരിസ് ഹില്‍ട്ടണ്‍, സ്റ്റീവ് മാർട്ടിന്‍, മാർട്ടിന്‍ ഷോർട്ട് എന്നിങ്ങനെ നിരവധി പേർ വിവാഹ പരിപാടിയുടെ ഭാഗമായതായാണ് പുറത്തുവരുന്ന വിവരം.
റാല്‍ഫ് ലോറന്റെ വിവാഹ വസ്ത്രങ്ങളാണ് ദമ്പതികള്‍ ധരിച്ചിരുന്നത് എന്നാണ് വോഗ് ഫാഷന്‍ മാഗസീന്‍ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച വൈകുന്നേരം സാന്താ ബാർബറ കൗണ്ടിയിലെ ഹോപ്പ് റാഞ്ച് കമ്മ്യൂണിറ്റിയിലെ ഒരു ആഡംബര മാളികയില്‍ നടന്ന റിഹേഴ്സ്‍ല്‍ ഡിന്നറോടെയാണ് വിവാഹ ആഘോഷങ്ങള്‍ ആരംഭിച്ചത്. അടുത്ത ദിവസം, സീ ക്രെസ്റ്റ് നഴ്‌സറിയിൽ ഏകദേശം 170 അതിഥികൾ പങ്കെടുത്ത വിവാഹ ചടങ്ങും നടന്നു. ലൈവ് മ്യൂസിക്കും നൃത്തവും നിറഞ്ഞ പരിപാടിക്ക് അധിക സുരക്ഷ ഉറപ്പാക്കിയിരുന്നു.
2023 ഡിസംബറിലാണ് സെലീനയും ബെന്നി ബ്ലാങ്കോയും പ്രണയത്തിലാണെന്ന് സ്ഥിരീകരിക്കുന്നത്. ആറ് മാസമായി തങ്ങള്‍ രഹസ്യമായി ഡേറ്റിങ്ങിലായിരുന്നു എന്ന് ഇന്‍സ്റ്റഗ്രാമിലൂടെ സെലീന തന്നെയാണ് തുറന്നുപറഞ്ഞത്. ഒരു വർഷത്തിന് ശേഷം കല്യാണത്തിനായി ബ്ലാങ്കോ തന്നെ പ്രൊപ്പോസ് ചെയ്തതായി ഗായിക പറഞ്ഞു. ഒരു മില്യണ്‍ ഡോളർ വില വരുന്ന ഡയമണ്ട് റിങ് സമ്മാനിച്ചാണ് ബ്ലാങ്കോ വിവാഹത്തിനായി സെലീനയുടെ സമ്മതം തേടിയത്.
37 വയസുള്ള ബെന്നി ബ്ലാങ്കോ, 2015ലെ 'സേയിം ഓൾഡ് ലവ്', 'കിൽ ദെം വിത്ത് കൈൻഡ്‌നെസ്' എന്നിവയുൾപ്പെടെ സെലീന ഗോമസിന്റെ ഏറ്റവും വലിയ ഹിറ്റുകളുടെ നിർമാണത്തിലും പങ്കാളിയാണ്. മാർച്ചിൽ ഇരുവരും ചേർന്ന് 'ഐ സെയ്ഡ് ഐ ലവ് യു ഫസ്റ്റ്' എന്ന ഒരു ആൽബം പുറത്തിറക്കിയിരുന്നു.