

കാൻ റെഡ് കാർപ്പറ്റിലെ 'ഫാഷൻ ക്യൂൻ' താൻ തന്നെയെന്ന് വീണ്ടും തെളിയിച്ച് നടി ഐശ്വര്യ റായ് ബച്ചൻ. ഇത്തവണ നടി കാൻ ചലച്ചിത്ര മേളയിൽ പങ്കെടുക്കില്ലെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇതിൽ നിരാശരായിരുന്ന ആരാധകരെ ആവേശം കൊള്ളിക്കുന്നതായിരുന്നു മേളയുടെ സമാപന ദിവസം ഐശ്വര്യയുടെ റെഡ് കാർപ്പറ്റ് എൻട്രി.
79ാമത് കാൻ ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ മകൾ ആരാധ്യക്കൊപ്പമാണ് ഐശ്വര്യ റായ് എത്തിയത്. വിമാനമിറങ്ങി നിമിഷങ്ങൾക്കുള്ളിൽ നടിയുടെ എയർപ്പോർട്ട് ലുക്ക് സമൂഹമാധ്യമങ്ങളിൽ വൈറലായി. കറുത്ത ബട്ടൺഡ് ബ്ലേസറും അതേ നിറത്തിലുള്ള ഓഫീസ് പാന്റ്സും കവറപ്പും ധരിച്ചാണ് നടി വിമാനമിറങ്ങിയത്. സിഗ്നേച്ചർ ബ്ലാക്ക് ഹീൽഡ് ബൂട്ടുകളും ബ്രൗൺ ഹാൻഡിലുകളുള്ള കറുത്ത ബാഗും കൂടി ചേർന്നപ്പോൾ ഐശ്വര്യയുടെ ലുക്ക് കൂടുതൽ മനോഹരമായി. ഊഷ്മളമായ സ്വീകരണമാണ് ഇരുവർക്കും ലഭിച്ചത്.
അമിത് അഗർവാൾ രൂപകൽപ്പന ചെയ്ത വസ്ത്രം ധരിച്ചാണ് കാൻ റെഡ് കാർപ്പറ്റിൽ നടി പോസ് ചെയ്തത്. ഐ്വര്യയുടെ രൂപലാവണ്യത്തോട് നീതിപുലർത്തുന്ന തരത്തിലായിരുന്നു അമിത്തിന്റെ ഡിസൈൻ. റെഡ് കാർപ്പറ്റിലൂടെ ഒരു 'മത്സ്യകന്യക' നടന്നുനീങ്ങുന്ന അനുഭവമാണ് ഈ വസ്ത്രത്തിൽ ഐശ്വര്യ സൃഷ്ടിച്ചത്. 'ലൂമിനാര' എന്നാണ് ഈ ഔട്ട്ഫിറ്റിന് നൽകിയിരിക്കുന്ന പേര്.
'മെർമെയ്ഡ് ലുക്ക്' നൽകുന്ന സഫയർ ബ്ലൂ ഗൗൺ ആണ് ഐശ്വര്യ റായ് ധരിച്ചിരുന്നത്. ലൂസ് കേൾ ഹെയർ സ്റ്റൈൽ. കൈകളിലൂടെ ഒഴുകിയിറങ്ങുന്ന സുതാര്യമായ ഒരു കടും നീല 'ഡ്രേപ്പ്' കൂടി ഉൾപ്പെടുന്നതായിരുന്നു ഐശ്വര്യയുടെ ലുക്ക്.
ഗൗണിലുടനീളം നൽകിയിരുന്ന ലീനിയർ ഡിസൈനുകൾ ഒറ്റനോട്ടത്തിൽ ഏതൊരാളുടെയും ശ്രദ്ധപിടിച്ചു പറ്റുന്നതായിരുന്നു. ക്യാമറകളുടെ ഫ്ലാഷ് ലൈറ്റുകൾക്ക് മുന്നിൽ ഒരു ഓപ്റ്റിക്കൽ ഇല്യൂഷൻ നൽകുന്നതായിരുന്നു ഈ ഡിസൈൻ. അക്ഷരാർഥത്തിൽ ഇത്തവണ ചുവന്ന പരവതാനിയിൽ ഐശ്വര്യ ഒരു ജലദേവതയായി മാറി.
അമിത് അഗർവാളിന്റെ സിഗ്നേച്ചർ ആയ 'ക്രിസ്റ്റൽ വെയിൻ' എംബ്രോയ്ഡറി തന്നെയാണ് ഈ വസ്ത്രത്തിന്റെ പ്രധാന സവിശേഷത. 1,500 മണിക്കൂറിലധികം നീണ്ട ഹാൻഡ് വർക്കിലൂടെയാണ് ഈ ഡിസൈൻ അമിത് വികസിപ്പിച്ചെടുത്തത്.
നടിയുടെ മുൻകാല കാൻ ലുക്കുകളിൽ ഭൂരിഭാഗവും വളരെ ആഡംബരം നിറഞ്ഞതായിരുന്നു. എന്നാൽ, ഇത്തവണ അതിൽ വലിയ മാറ്റം പ്രകടമാണ്. മേക്കപ്പ് വളരെ ലളിതമാണ്. സ്കൾപ്ചറൽ ഡയമണ്ട്-സഫയർ കോളർ നെക്ലേസ് ആണ് നടി ധരിച്ചിരുന്നത്. 'കാനിലെ രാഞ്ജി' എന്ന വിശേഷണത്തോട് ഐശ്വര്യ നീതി പുലർത്തിയെന്നാണ് സമൂഹമാധ്യമങ്ങളിൽ ഈ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ആരാധകർ കുറിക്കുന്നത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഈ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും പ്രശസ്തമായ ഇന്ത്യൻ മുഖങ്ങളിൽ ഒന്നാണ് ഐശ്വര്യ റായ്. 2002ൽ സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത 'ദേവദാസ്' എന്ന ചിത്രത്തിന്റെ പ്രീമിയറിനാണ് കാൻ ചലച്ചിത്ര മേളയിൽ ഐശ്വര്യ റായ് ആദ്യമായി പങ്കെടുക്കുന്നത്. 2003 മുതൽ ലോറിയൽ പാരിസ് ഗ്ലോബൽ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ കാൻ ചലച്ചിത്ര മേളയിൽ സജീവ സാന്നിധ്യമാണ്. ഇത്തവണ മേളയുടെ അവസാന ദിവസമാണ് നടി എത്തിയത്. റെഡ് കാർപ്പറ്റ് ചടങ്ങിന് ശേഷം പാം ഡി ഓറിനായി മത്സരരംഗത്തുള്ള മോണിക്ക ബലൂച്ചി ചിത്രം 'ദ ബർത്ത്ഡേ പാർട്ടി'യുടെ സ്ക്രീനിങ്ങിലും നടി പങ്കെടുത്തു.