പാലക്കാട്: മലയാള ചലച്ചിത്ര ലോകത്തിന് ഇന്നും മറക്കാനാവാത്ത എ.കെ. ലോഹിതദാസിൻ്റെ ഓർമകൾക്ക് 17 വർഷം പിന്നിടുന്നു. ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടൊയിരുന്നു മലയാള ചലച്ചിത്രവേദിയെ ദശകത്തിലേറെക്കാലം ലോഹിതദാസ് ധന്യമാക്കിയത്.
ലോഹിതദാസിന് ഓരോ കാഴ്ചകളും ഓരോ ജീവിതങ്ങളായിരുന്നു. മനുഷ്യരുടെ ജീവിതവും ചെറിയ സന്തോഷങ്ങളും ഒരു മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ എത്രത്തോളം സൂക്ഷ്മതയോടെ കാണുമോ അത്രയും കൃത്യമായിരുന്നു ലോഹിയുടെ കാഴ്ചകളും വരികളും. ലോഹിക്ക് എല്ലാവരും മനുഷ്യർ മാത്രമായിരുന്നു. ജാതിയുടെയും തൊഴിലിന്റെയും വേര്‍തിരിവില്ലാത്ത പച്ച മനുഷ്യർ.
എഴുതി പൂർത്തിയാകാത്ത കഥകൾ ബാക്കിവെച്ച് 2009 ജൂൺ 28നാണ് ലോഹിതദാസ് മലയാള സിനിമാ ലോകത്തുനിന്ന് വിടവാങ്ങിയത്.പത്മരാജനും ഭരതനും എംടിക്കും ശേഷം ഹൃദയ സ്പർശിയായ അനേകം തിരക്കഥകളാണ് ലോഹി മലയാളിക്ക് സമ്മാനിച്ചത്. തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ മാത്രമല്ല, നിർമാതാവായും നാടക രചയിതാവായും ചെറുകഥാകൃത്തായുമെല്ലാം ലോഹി ജനഹൃദയങ്ങളിൽ ജീവിക്കുന്നു.
അഭ്രപാളികളിൽ കെട്ടുറപ്പുള്ള കഥകളെയും ജീവനുള്ള നിരവധി കഥാപാത്രങ്ങളെയും തേടി ഗ്രാമവീഥികളിലൂടെ അലഞ്ഞ ലോഹി, ബന്ധങ്ങളുടെ കഥ പറയുന്ന നിരവധി സിനിമകൾക്ക് ജന്മം നൽകി. ഭൂതക്കണ്ണാടി എന്ന ചിത്രത്തിലൂടെ 1977ലാണ് ലോഹി സംവിധാന രംഗത്തേക്ക് കാലെടുത്തുവച്ചത്. ആധാരം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, ഉദയനാണ് താരം, സ്‌റ്റോപ് വയലൻസ്, വളയം തുടങ്ങിയ സിനിമകളിലും ലോഹി വേഷമിട്ടിട്ടുണ്ട്.