കൊച്ചി: അഖിൽ സത്യൻ-നിവിൻ പോളി കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രമാണ് 'സർവ്വം മായ'. ഫാന്റസി ഹൊറര്‍ കോമഡി ആയിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. നിവിൻ-അജു വർഗീസ് കോംബോ വീണ്ടും ഒന്നിക്കുന്ന ചിത്രം ക്രിസ്മസ് റിലീസ് ആയാണ് എത്തുക. ഇരുവരും ഒന്നിച്ചെത്തുന്ന പത്താം ചിത്രമാണിത്.
നിവിനെ ഒരു ഫുൾ ഫൺ എന്റർടെയ്‌നറിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഈ ആകാംക്ഷ ഇരട്ടിപ്പിച്ചിരിക്കുകയാണ് സംവിധായകൻ അഖിൽ സത്യന്റെ വാക്കുകൾ. നിവിനൊപ്പമുള്ള ഷൂട്ടിങ് അനുഭവത്തെ മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടുമായി താരതമ്യപ്പെടുത്തി അഖിൽ പറഞ്ഞ വാക്കുകൾ അജു വർഗീസ് കുറിപ്പായി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയായിരുന്നു. കുറിപ്പിനൊപ്പം നിവിനൊപ്പമുള്ള അഖിൽ സത്യന്റെ ചിത്രങ്ങളും അജു ചേർത്തിട്ടുണ്ട്.
"അച്ഛന്റെ ആദ്യകാല മോഹൻലാൽ സിനിമകൾ ഒന്നിനുപിറകെ ഒന്നായി സംഭവിച്ചതിന്റെ കാരണം നിവിനോപ്പം സർവ്വംമായ പൂർത്തിയാക്കിയപ്പോഴാണ് എനിക്ക് വ്യക്തമായി മനസ്സിലായത്. സന്മനസ്സുള്ളവർക്ക് സമാധാനവും, ഗാന്ധിനഗറും,നാടോടികാറ്റും, വരവേൽപ്പും എല്ലാം ഒരു സംവിധായകനും നടനും ചേർന്നുണ്ടാക്കിയത് മാത്രമായിരുന്നില്ല.രണ്ട് സുഹൃത്തുക്കൾ അവർക്കേറ്റവും നന്നായി അറിയുന്ന ജോലി അതൊരു ജോലിയെന്ന തോന്നല്ലേ ഇല്ലാതെ ആസ്വദിച്ചു ചെയ്തത് കൊണ്ട് ആണ് അവയെല്ലാം ഇന്നും നമ്മളെ രസിപ്പിക്കുന്നത്," എന്നായിരുന്നു അഖിൽ സത്യന്റെ വാക്കുകൾ. നേരത്തെ, നിവിൻ പോളിയുടെ പിറന്നാൾ ദിനത്തിൽ അഖിൽ കുറിച്ച വരിയും ആരാധകർ ഏറ്റെടുത്തിരുന്നു. എന്റെ മോഹൻലാലിന് പിറന്നാളാശംസകൾ എന്നായിരുന്നു അഖിലിന്റെ പോസ്റ്റ്.
ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരാണ് 'സർവ്വം മായ'യിലെ മറ്റ് അഭിനേതാക്കൾ. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. ജസ്റ്റിൻ പ്രഭാകർ ആണ് സംഗീതം. ശരൺ വേലായുധൻ ഛായാഗ്രഹണം. എഡിറ്റിങ് കൈകാര്യം ചെയ്യുന്നതും അഖിൽ സത്യനാണ്.