

കൊച്ചി: സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'കത്തനാർ'. 'ഹോം' എന്ന ഹിറ്റിന് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കടമറ്റത്ത് കത്തനാരുടെ കഥയാണ് പറയുന്നത്. ജയസൂര്യയാണ് സിനിമയിലെ നായകൻ. നടന്റെ കരിയറിലെ തന്നെ നാഴികകല്ലായി ചിത്രം മാറുമെന്നാണ് വിലയിരുത്തുന്നത്.
ഇപ്പോഴിതാ കത്തനാർ സിനിമയുടെ ട്രെയ്‌ലർ കണ്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ അഖിൽ സത്യൻ. മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ഒന്നാണ് 'കത്തനാർ' എന്നാണ് അഖിൽ അഭിപ്രായപ്പെട്ടത്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ സിനിമയുടെ അണിയറപ്രവർത്തകരെ സംവിധായകൻ അഭിനന്ദിച്ചു.
ജയസൂര്യക്ക് പുറമേ തെലുങ്ക് സൂപ്പർ നായികാ താരം അനുഷ്ക ഷെട്ടി, തമിഴിൽ നിന്ന് പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽപ്രീത് യാദവ്, ഹരീഷ് ഉത്തമൻ, നിതീഷ് ഭരദ്വാജ് (ഞാൻ ഗന്ധർവൻ ഫെയിം), മലയാളത്തിൽ നിന്ന് സനൂപ് സന്തോഷ്, വിനീത്, കോട്ടയം രമേശ്, ദേവിക സഞ്ജയ്, കിരണ്‍ അരവിന്ദാക്ഷൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍. രാമാനന്ദിന്‍റേതാണ് തിരക്കഥ. നീല്‍ ഡി കുഞ്ഞ ക്യാമറ കൈകാര്യം ചെയ്യുന്നു. രാഹുല്‍ സുബ്രഹ്മണ്യനാണ് സംഗീതം ഒരുക്കുന്നത്. രണ്ട് ഭാഗങ്ങളായാകും ചിത്രം റിലീസ് ചെയ്യുക. മുപ്പതിലധികം ഭാഷകളിലായി ഒരു വേള്‍ഡ് വൈഡ് റിലീസാണ് അണിയറക്കാര്‍ ലക്ഷ്യമിടുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമാണം. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോ വമ്പൻ പ്രേക്ഷക പ്രശംസയാണ് നേടിയെടുത്തത്.
കത്തനാർ സിനിമയുടെ ട്രെയ്‌ലർ കാണാൻ ഇടയായി. മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ഒന്നാണത്. അത്ഭുതപ്പെട്ടുപോയി!!
റോജിൻ തോമസ്, നീൽ ഡി കുഞ്ഞ എന്നിവരെ ഓർത്ത് അഭിമാനം കൊള്ളുന്നു!! ഒപ്പം നമ്മുടെ സ്വന്തം രാജീവൻ നമ്പ്യാർ ജി, അജി കുറ്റിയാണി എന്നിവരെയും.
മലയാള സിനിമയെ നമ്മൾ സ്വപ്നം പോലും കാണാത്ത ഉയരങ്ങളിലേക്ക് നിങ്ങൾ എത്തിച്ചിരിക്കുന്നു!