ഹൈദരാബാദ്: 'പുഷ്പ 2' പ്രീമിയര്‍ ഷോയ്ക്കിടെ തിരക്കില്‍പെട്ട് സ്ത്രീ മരിച്ച സംഭവം ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. ഹൈദരാബാദിലെ തിയേറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി മരിച്ചത്. ഇവരുടെ മകനും സാരമായി പരിക്കേറ്റിരുന്നു.
ദാരുണമായ സംഭവം നടന്ന് ഒരു വർഷം പിന്നിടുന്ന വേളയിൽ പരിക്കേറ്റ കുട്ടിയെ തെലങ്കാന ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാനും നിര്‍മാതാവുമായ ദില്‍ രാജു സന്ദർശിച്ചു. കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അല്ലു അര്‍ജുന്‍ ഇതിനോടകം 3.20 കോടി രൂപ നൽകിയെന്നും നടന്റെ സാമ്പത്തിക സഹായം തുടരുമെന്നും ദില്‍ രാജു പറയുന്ന വീഡിയോ അല്ലു അർജുൻ ടീം പങ്കുവച്ചു.
രേവതിയുടെ കുടുംബത്തിനായി 3.20 കോടി രൂപ നടൻ നല്‍കിയെന്നും ഇതില്‍ 1.5 കോടി രൂപ കുട്ടിയുടെ പേരില്‍ സ്ഥിരനിക്ഷേപമായി ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും വീഡിയോയിൽ ദിൽ രാജു പറയുന്നു. പ്രതിമാസം 75,000 രൂപ ലഭിക്കുന്ന രീതിയിലാണ് ബാങ്കിൽ തുക നിക്ഷേപിച്ചിരിക്കുന്നത്. കുട്ടിക്ക് വൈദ്യസഹായത്തിനും കുടുംബത്തിന്റെ ജീവിത ചെലവുകൾക്കും ഉപകരിക്കാനാണ് ഈ വിധം പണം ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്നത്. കുട്ടിയുടെ ചികിത്സയ്ക്ക് കുടുതൽ പണം വേണമെന്ന് പിതാവ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം അല്ലുവിന്റെ പിതാവുമായി സംസാരിക്കുമെന്നും ദിൽ രാജു അറിയിച്ചു.
2024 ഡിസംബർ നാലിന് ആണ് നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. ഹൈദരാബാദ് സന്ധ്യ തിയേറ്ററിൽ അല്ലു അർജുൻ എത്തുന്നത് അറിഞ്ഞ് ആരാധകർ തടിച്ചു കൂടിയതാണ് തിക്കിനും തിരക്കിനും വഴിവച്ചത്. നിരവധിപേർക്ക് തിരക്കിൽ പരിക്കേറ്റിരുന്നു. വാര്‍ത്ത പുറത്തുവന്നതോടെ തിയേറ്റര്‍ മാനേജ്‌മെന്റിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. അല്ലു അര്‍ജുന്‍ നിരുത്തരവാദപരമായി പെരുമാറിയതിനും സുരക്ഷാ സംവിധാനങ്ങള്‍ വേണ്ടത്ര ഇല്ലാതെ പരിപാടിയില്‍ പങ്കെടുത്തതിനും അല്ലു അര്‍ജുനെതിരെയും വിമര്‍ശനം വന്നു. തുടര്‍ന്ന് നടനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു.