കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ ഭാരവാഹി തെരഞ്ഞെടുപ്പിൽ മത്സരത്തെ ചൊല്ലി താരങ്ങൾക്കിടയിൽ തർക്കം രൂക്ഷം. അമ്മയുടെ ഭരണസമിതി തെരഞ്ഞെടുപ്പിൽ മുൻഭാരവാഹികളിൽ ഒരു വിഭാഗം മത്സരിക്കുന്നതിനെതിരെയാണ് എതിർപ്പ് ശക്തമാകുന്നത്.
മോഹൻലാൽ ആവശ്യപ്പെട്ടിട്ടും ഭരണസമിതിയിൽ നിന്നും രാജിവയ്‌ക്കാതെ തുടരുന്ന അംഗങ്ങൾക്കെതിരെയാണ് എതിർപ്പ് ശക്തമാകുന്നത്. വിനുമോഹൻ, അനന്യ, സരയൂ എന്നിവർ മത്സരിക്കുന്നതിനെതിരെ പൊന്നമ്മ ബാബു അടക്കമുള്ളവർ വാട്സ്അപ്പ് ഗ്രൂപ്പിൽ പരസ്യമായി പ്രതികരിച്ചു. ഇതോടെ അമ്മയുടെ പെൺ മക്കൾ എന്ന വാട്സ് അപ്പ് ഗ്രൂപ്പ് അഡ്മിൻ ഒൺലി ആക്കി.
അതേസമയം, അമ്മ ഭരണ സമിതി തെരഞ്ഞെടുപ്പിൻ്റെ അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. നാളെ മുതൽ അമ്മയിൽ നാമനിർദേശ പത്രിക സമർപ്പിക്കാം. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ് നടക്കുക. രാവിലെ വോട്ടെടുപ്പിന് ശേഷം വൈകിട്ടോടെ ഫലപ്രഖ്യാപനമുണ്ടാകും. തുടർന്ന് പുതിയ ഭാരവാഹികൾ ചുമതലയേൽക്കും. അമ്മ സംഘടനയിലെ 506 അംഗങ്ങളിൽ 300 പേരും സ്ത്രീകളാണ്. എന്നിട്ടും എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ നാലെണ്ണം മാത്രമാണ് സ്ത്രീകൾക്ക് സംവരണമായി ഉള്ളത്.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മത്സരം ചൂട് പിടിക്കും എന്ന സൂചനകൾ നൽകിക്കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. നവ്യ നായരെ തെരഞ്ഞെടുപ്പ് കളത്തിലിറക്കാൻ അമ്മയുടെ പെൺമക്കൾ എന്ന വാട്സ്അപ്പ് കൂട്ടായ്മ രംഗത്തെത്തിയതോടെ മത്സരരംഗത്ത് താരങ്ങൾ സജീവമാകുകയാണ്.
ഒറ്റയ്ക്ക് മത്സരിക്കാനാണ് മുന്‍ അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബുവിൻ്റെ തീരുമാനം. നിലവിലെ കമ്മിറ്റിയിലുള്ളവർ മത്സരിക്കുന്നതിൽ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. നിലവിലെ കമ്മിറ്റി ഒഴിയുന്നതിനെതിരെ ശക്തമായ എതിർപ്പുണ്ടായിരുന്നു.
നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി തുടരണമെന്ന് ജനറൽ ബോഡി യോഗം മുഴുവൻ അഭിപ്രായപ്പെട്ടിരുന്നു. അമ്മയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മുന്‍ഭാരവാഹികള്‍ മത്സരിക്കും എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ മത്സരരംഗത്ത് മൂന്ന് സംഘങ്ങൾ മുന്നിട്ടിറങ്ങിയതോടെ മത്സരം കടുക്കുമെന്നാണ് വ്യക്തമാകുന്നത്.