ചെറിയ വേഷം, വലിയ ഇംപാക്ട്! വൈറലായി 'ജയിലർ 2'ലെ 'കറ്റാന ഗേൾ'; നെൽസണും ടീമിനും നന്ദി പറഞ്ഞ് നടി

മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നടിയും മോഡലും നർത്തകിയുമാണ് അപേക്ഷ പോർവാൾ
അപേക്ഷ പോർവാൾ
അപേക്ഷ പോർവാൾSource: Instagram / apeksha_porwal
Published on: 
Updated on: 

നെൽസൺ ദീലിപ്‌കുമാർ - രജനികാന്ത് ചിത്രം 'ജയിലർ 2' കണ്ടവർ, സാമുറായ് യോദ്ധാക്കൾ ഉപയോഗിച്ചിരുന്ന 'കറ്റാന' എന്ന പരമ്പരാഗത ആയുധമാവുമായി ആക്ഷൻ രംഗത്തിൽ തിളങ്ങിയ അപേക്ഷ പോർവാളിനെ മറക്കാനിടയില്ല. ട്രെയ്‌ലറിലെ ഒറ്റ ഷോട്ടിൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ ഈ 'കറ്റാന ഗേളി'ൽ പതിഞ്ഞിരുന്നു. തനിക്ക് ഇത്രയും വലിയ അവസരം നൽകിയ സംവിധായകൻ നെൽസണും സൺ പിക്ചഴേസിനും ആക്ഷൻ കൊറിയോഗ്രാഫർ ചേതൻ ഡിസൂസയ്ക്കും നന്ദി പറയുകയാണ് അപേക്ഷ.

അപേക്ഷ പോർവാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പ്:

ഒരു ബ്ലോക്ക്ബസ്റ്റർ വീക്കെൻഡ്. നന്ദി പറയേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ഏറ്റവും ആദ്യം, വളരെ വിശേഷപ്പെട്ട ചിലരോട് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു:

'കറ്റാന ഗേൾ' ആയി അഭിനയിക്കാൻ എന്നിൽ വിശ്വാസമർപ്പിക്കുകയും 'ജയിലർ' യൂണിവേഴ്സിന്റെ ഭാഗമാക്കുകയും ചെയ്തതിന് നെൽസൺ ദിലീപ്കുമാർ സാറിന് നന്ദി. ഞാൻ ഇതുവരെ ജോലി ചെയ്തിട്ടുള്ളതിൽവച്ച് ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് അദ്ദേഹം. വീണ്ടും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

ചേതൻ ഡിസൂസ സാറിനും നന്ദി ; നിങ്ങളുടെ ആത്മാർത്ഥതയ്ക്കും കൃത്യതയ്ക്കും ക്ഷമയ്ക്കും. ഞാൻ ജോലി ചെയ്തിട്ടുള്ളതിൽവച്ച് ഏറ്റവും കൂളായ വ്യക്തികളിൽ ഒരാളാണ് അദ്ദേഹം. ഒപ്പം ഷോട്ടുകൾക്കിടയിലെ എന്റെ ലക്ഷക്കണക്കിന് സംശയങ്ങൾക്ക് മറുപടി നൽകുകയും ദയയോടെ പെരുമാറുകയും ചെയ്ത കയോസ് ഫാക്ടറി ആക്ഷൻ ഡിസൈൻ ടീമിലെ മുഴുവൻ അംഗങ്ങൾക്കും നന്ദി.

കഴിഞ്ഞ കുറേ വർഷങ്ങളായി എന്നെ മാർഷൽ ആർട്സ് പരിശീലിപ്പിക്കുന്ന എന്റെ ട്രെയിനർ കമ് ലി ഗുരുങ് മാമിനും നന്ദി. കൂടുതൽ നന്നായി ചെയ്യാൻ എന്നെ നിരന്തരം പ്രേരിപ്പിച്ചതിനും, ആ ലക്ഷ്യത്തിലെത്താനായി ഞാൻ ശ്രമിക്കുമ്പോൾ ക്ഷമയോടെ കൂടെ നിന്നതിനും നന്ദി.

അതുപോലെ, മികച്ച കാഴ്ചപ്പാടുള്ളവരും അതീവ പ്രൊഫഷണലുകളും, ഒപ്പം ജോലി ചെയ്യാൻ ഏറ്റവും മികച്ചതുമായ സൺ പിക്ചേഴ്സ് ടീമിനും നന്ദി.

'ജയിലർ 2' റിലീസിന് തലേദിവസം രജനികാന്തിനൊപ്പമുള്ള ചിത്രങ്ങളും ഒരു കുറിപ്പും അപേക്ഷ പങ്കുവച്ചിരുന്നു. സൂപ്പർ സ്റ്റാറിനൊപ്പമുള്ള ഈ ചിത്രങ്ങൾ എന്നും സൂക്ഷിച്ചുവയ്ക്കുമെന്നും രജനിയുടെ ഓറ, വിനയം, ലാളിത്യം, കാരുണ്യം എന്നിവയ്ക്ക് സാക്ഷിയാകാൻ സാധിച്ചതിൽ വിനയാന്വിതയാണെന്നുമാണ് നടി കുറിച്ചത്.

മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നടിയും മോഡലും നർത്തകിയുമാണ് അപേക്ഷ പോർവാൾ. മാർഷൽ ആർട്സിലും പരിശീലനം നേടിയിട്ടുണ്ട്. 'അൺദേഖി' (2020) എന്ന പരമ്പരയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ജനപ്രിയ അന്താരാഷ്ട്ര ഇംഗ്ലീഷ്-അറബിക് പരമ്പരയായ 'സ്ലേവ് മാർക്കറ്റിൽ' അഭിനയിച്ച ആദ്യ ഇന്ത്യൻ നടി കൂടിയാണ്.

അഭിനയത്തിന് പുറമെ സൗന്ദര്യമത്സരങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. 'ഫെമിന മിസ് ഇന്ത്യ ഡൽഹി 2015' വിജയിയായ അപേക്ഷ, 'മിസ് ഇന്ത്യ വേൾഡ് വൈഡ് 2012' ഫസ്റ്റ് റണ്ണറപ്പായും 'യമഹ ഫസിനോ മിസ് ദിവ 2017' സെക്കൻഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com