

ടെയ്‌ലർ സ്വിഫ്റ്റിന്റെ സംഗീത പരിപാടികൾ ആക്രമിക്കാൻ പദ്ധതിയിട്ട യുവാവിന് തടവുശിക്ഷ വിധിച്ച് ഓസ്ട്രിയ കോടതി. ബെരാൻ എ എന്ന 21കാരന് 15 വർഷം തടവാണ് വിധിച്ചിരിക്കുന്നത്. കൂട്ടുപ്രതി അർദ കെയ്‌ക്ക് 12 വർഷം തടവും കോടതി വിധിച്ചു. 2024ൽ വിയന്നയിൽ നിശ്ചയിച്ചിരുന്ന ടെയ്‌ലർ സ്വിഫ്റ്റിന്റെ സംഗീത പരിപാടികൾ ആക്രമിക്കാൻ ലക്ഷ്യമിട്ട് ഇവർ പദ്ധതി ആസൂത്രണം ചെയ്തുവെന്നാണ് കണ്ടെത്തൽ.
2024 ഓഗസ്റ്റിൽ, ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ പോപ്പ് താരം ടെയ്‌ലർ സ്വിഫ്റ്റിന്റെ മൂന്ന് സംഗീത പരിപാടികൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഈ പരിപാടികൾ ലക്ഷ്യമിട്ട് വൻതോതിലുള്ള ഭീകരാക്രമണത്തിന് ചിലർ പദ്ധതിയിടുന്നതായി സിഐഎ മുന്നറിയിപ്പ് നൽകിയതോടെ മൂന്ന് പരിപാടികളും അധികൃതർ അടിയന്തരമായി റദ്ദാക്കി. ഏകദേശം രണ്ട് ലക്ഷത്തോളം ആരാധകരാണ് ഈ ഷോകളിൽ പങ്കെടുക്കാൻ ടിക്കറ്റ് എടുത്തിരുന്നത്.
2024 ഓഗസ്റ്റ് ഏഴിന്, അക്രമണം ആസൂത്രണം ചെയ്ത ബെരാൻ എയെ ഓസ്ട്രിയൻ പൊലീസ് പിടികൂടി. രാജ്യത്തെ സ്വകാര്യത നിയമപ്രകാരമായിരുന്നു അറസ്റ്റ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ 'മേക് എ ബോംബ് ഇൻ ദി കിച്ചൻ ഓഫ് യുവർ മോം' എന്ന വീഡിയോയിലെ നിർദേശങ്ങൾ അനുസരിച്ച്, ഇയാൾ ചെറിയ അളവിൽ 'ട്രൈഅസെറ്റോൺ ട്രൈപെറോക്സൈഡ്' (TATP) എന്ന സ്ഫോടകവസ്തു നിർമിച്ചതായും മെഷീൻ ഗണ്ണും ഹാൻഡ് ഗ്രനേഡും ഉൾപ്പെടെയുള്ള ആയുധങ്ങൾ നിയമവിരുദ്ധമായി വാങ്ങാൻ ശ്രമിച്ച് പരാജയപ്പെട്ടതായും അന്വേഷണത്തിൽ കണ്ടെത്തി.
രണ്ട് സ്കൂൾ സുഹൃത്തുക്കളോടൊപ്പം ചേർന്ന് മിഡിൽ ഈസ്റ്റിലെ വിവിധ നഗരങ്ങളിൽ ഒറ്റയ്‌ക്കൊറ്റയ്ക്ക് ആക്രമണങ്ങൾ നടത്താൻ ബെരാൻ ആസൂത്രണം ചെയ്തതായും വിചാരണ വേളയിൽ ആരോപണം ഉയർന്നിരുന്നു. ആക്രമണം നടത്തുന്നതിനായി താനും കൂട്ടുപ്രതിയായ അർദ കെയും ദുബായിലേക്കും ഇസ്താംബൂളിലേക്കും യാത്ര ചെയ്തിരുന്നതായും, എന്നാൽ പിന്നീട് അത് നടപ്പിലാക്കിയില്ലെന്നുമാണ് ബെരാൻ കോടതിയിൽ വെളിപ്പെടുത്തിയത്.
ആളുകളെ കുത്തിക്കൊല്ലാനായി ഇയാൾ ദുബായിൽ ചുറ്റിനടന്നിരുന്നു. എന്നാൽ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ പരിഭ്രാന്തി ഉണ്ടായെന്നുമാണ് കുറ്റസമ്മതം. വിയന്നയിലേക്ക് മടങ്ങിയെത്തിയ ശേഷം കൂടുതൽ വലിയൊരു ആക്രമണം നടത്താൻ തീരുമാനിച്ച ബെരാൻ ഒടുവിൽ ടെയ്‌ലർ സ്വിഫ്റ്റിന്റെ സംഗീത പരിപാടികൾ ലക്ഷ്യമിടുകയുമായിരുന്നു. എന്നാൽ, കൂട്ടുപ്രതി അർദയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ബെരാന്റെ ഈ വാദങ്ങൾ നിഷേധിച്ചു.