അവഞ്ചേഴ്‌സ് ഡൂംസ്‌ ഡേ, ഇന്ത്യയിൽ അഡ്വാൻസ് ബുക്കിംഗ് 24 മണിക്കൂറിനുള്ളിൽ 10 കോടി കടന്നു; 3000 രൂപ വിലയുള്ള ടിക്കറ്റുകൾ ഉൾപ്പെടെ വിറ്റുതീർന്നു

ആഗോള റിലീസിന് ഒരു ദിവസം മുൻപ്, ഡിസംബർ 17-നാണ് ചിത്രം ഇന്ത്യയിൽ പ്രദർശനത്തിനെത്തുന്നത്.
Avengers Doomsday India advance booking crosses ₹10 crore in just 24 hours
Avengers Doomsday India advance booking crosses ₹10 crore in just 24 hours
Published on: 
Updated on: 

മാര്‍വൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഏറെ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം 'അവഞ്ചേഴ്സ്: ഡൂംസ്‌ഡേ' റിലീസിന് ഒരു മാസം മുൻപ് തന്നെ ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രനേട്ടം കുറിക്കുന്നു. ആഗോള റിലീസിന് ഒരു ദിവസം മുൻപ്, ഡിസംബർ 17-നാണ് ചിത്രം ഇന്ത്യയിൽ പ്രദർശനത്തിനെത്തുന്നത്. റിലീസിന് കൃത്യം 30 ദിവസം മുൻപ് ചൊവ്വാഴ്ച അർദ്ധരാത്രിയോടെ ഇന്ത്യയിൽ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ ആദ്യ 24 മണിക്കൂറിനുള്ളിൽ തന്നെ ഒന്നാം ദിവസത്തെ ബുക്കിംഗ് 10 കോടി രൂപ ഗ്രോസ് കടന്നതായി സാക്‌നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ച രാവിലെയോടെ ആകെ ദിവസങ്ങളിലേക്കുള്ള പ്രീ-സെയിൽസ് 15 കോടി രൂപ പിന്നിട്ടതായാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ എന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

Avengers Doomsday India advance booking crosses ₹10 crore in just 24 hours
ദുൽഖറിന് ഇത്തവണ വിജയം അനിവാര്യം; പക്ഷേ 'തിമിംഗലം' സമ്മതിക്കുമോ? മമ്മൂട്ടി - ധനുഷ് ചിത്രത്തിനൊപ്പം ക്ലാഷ് റിലീസായി AOT

ഇന്ത്യൻ ആരാധകർ എക്‌സിൽ നടത്തിയ '#OpenDoomsdayBookings' ക്യാമ്പെയ്‌ന് പിന്നാലെയാണ് മാര്‍വൽ സ്റ്റുഡിയോസ് ടിക്കറ്റ് ബുക്കിംഗ് നേരത്തെ ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഡിസംബർ 17-ലെ അർദ്ധരാത്രി ഷോകളിൽ ഭൂരിഭാഗവും വിറ്റുതീർന്നു. ബുക്ക്‌മൈഷോ വഴി മാത്രം ആദ്യ ദിനം ഒരു ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റുപോയത്. കൊച്ചി, മുംബൈ, ബെംഗളൂരു, ഡൽഹി, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ പ്രധാന തിയേറ്ററുകളെല്ലാം ഇതിനോടകം ഹൗസ്ഫുൾ ആയിക്കഴിഞ്ഞു. ആവശ്യക്കാർ ഏറിയതോടെ പുലർച്ചെ 12:01 മുതൽ രാത്രി 11:55 വരെ 24 മണിക്കൂറും തുടർച്ചയായ ഷോകളാണ് തിയേറ്ററുകൾ ക്രമീകരിച്ചിരിക്കുന്നത്. മുംബൈയിലെയും ഡൽഹി എൻ.സി.ആറിലെയും 2,500 മുതൽ 3,000 രൂപ വരെ വിലയുള്ള 4D എക്സ് ടിക്കറ്റുകൾ മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിഞ്ഞു. നവി മുംബൈ നെരൂളിലെ സിനിപോളിസിൽ ആദ്യ 4D എക്സ് ഷോയ്ക്ക് 4000 രൂപയാണ് ടിക്കറ്റ് നിരക്കായി നിശ്ചയിച്ചിരിക്കുന്നത്; ഇത് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വ്യക്തിഗത ടിക്കറ്റ് നിരക്കുകളിലൊന്നാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നേരത്തെ 'അവഞ്ചേഴ്സ്: എൻഡ്‌ഗെയിം' ആദ്യ 24 മണിക്കൂറിൽ 8 കോടി രൂപയുടെ അഡ്വാൻസ് ബുക്കിംഗ് നേടിയിരുന്ന സ്ഥാനത്താണ് 'ഡൂംസ്‌ഡേ'യുടെ ഈ കുതിപ്പ്. 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' എന്ന ചിത്രത്തെയും 'ഡൂംസ്‌ഡേ' ഇതിനോടകം മറികടന്നു. എങ്കിലും മുൻ മാര്‍വൽ ചിത്രങ്ങൾക്ക് റിലീസിന് ഒന്നോ രണ്ടോ ആഴ്ച മുൻപ് മാത്രമാണ് ബുക്കിംഗ് തുറന്നിരുന്നതെന്ന വ്യത്യാസമുണ്ട്. ആന്റണി റൂസോയും ജോ റൂസോയും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ റോബർട്ട് ഡൗണി ജൂനിയർ 'ഡോക്ടർ ഡൂം' എന്ന വില്ലൻ കഥാപാത്രമായി എം.സി.യുവിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നത്.

2019-ൽ പുറത്തിറങ്ങിയ 'എൻഡ്‌ഗെയിമിന്' ശേഷമുള്ള ആദ്യ അവഞ്ചേഴ്സ് ചിത്രത്തിൽ ക്രിസ് ഇവാൻസ്, ക്രിസ് ഹെംസ്‌വർത്ത്, പെഡ്രോ പാസ്കൽ, പോൾ റഡ്, ആന്റണി മാക്കി, ഫ്ലോറൻസ് പ്യൂ, വനേസ കിർബി, ടോം ഹിഡിൽസ്റ്റൺ, ഇയാൻ മക്കല്ലൻ, പാട്രിക് സ്റ്റുവാർട്ട്, സിമു ലിയു, ചാനിംഗ് ടാറ്റം തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്. മൂന്ന് വ്യത്യസ്ത യൂണിവേഴ്സുകളിലെ മാര്‍വൽ സൂപ്പർഹീറോകൾ ഡോക്ടർ ഡൂമിനെ നേരിടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ആഗോളതലത്തിൽ ഡിസംബർ 18-ന് വാർണർ ബ്രദേഴ്സിന്റെ 'ഡ്യൂൺ' മൂന്നാം ഭാഗത്തിനൊപ്പമാണ് 'അവഞ്ചേഴ്സ്: ഡൂംസ്‌ഡേ' തിയേറ്ററുകളിലെത്തുന്നത്.