ഹോളിവുഡ്: മാർവൽ സ്റ്റുഡിയോസിന്‍റെ എംസിയു പരമ്പരയിലെ ലോകം കാത്തിരിക്കുന്ന അവഞ്ചേഴ്സ്: ഡൂംസ്‌ഡേയുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഡിസംബർ 18-നാണ് ലോകമെമ്പാടും തിയേറ്ററുകളിലെത്തും. റോബർട്ട് ഡൗണി ജൂനിയർ, സ്റ്റീവ് റോജേഴ്സ്, ഇയാൻ മക്കെല്ലൻ, ക്രിസ് എവൻസ്, ക്രിസ് ഹെംസ്‌വർത്ത് എന്നിവരടക്കമുള്ള വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആന്റണി റൂസോയും ജോ റൂസോയുമാണ്. ഇതിന് മുന്‍പ് വന്‍ ഹിറ്റായ അവഞ്ചേഴ്സ്: ഇന്‍ഫിനിറ്റി വാര്‍, അവഞ്ചേഴ്സ്: എന്‍റ് ഗെയിം എന്നിവ സംവിധാനം ചെയ്തത് റൂസോ ബ്രദേഴ്സാണ്.
ട്രെയിലറിലെ ഏറ്റവും വലിയ പ്രത്യേകത റോബർട്ട് ഡൗണി ജൂനിയർ ഐക്കോണിക്ക് എംസിയു കഥാപാത്രം അയേണ്‍ മാന്‍ അല്ല എന്നതാണ്.മറിച്ച് വില്ലൻ ഡോക്ടർ ഡൂം ആയാണ് എംസിയുവിലേക്ക് തിരിച്ചെത്തുന്നത്. ഇദ്ദേഹത്തിന്‍റെ പ്രഖ്യാപനം വന്‍ ഹൈപ്പാണ് ചിത്രത്തിന് നല്‍കിയത്. ഭൂമിയിലെ ഏറ്റവും ശക്തരായ സൂപ്പർഹീറോകൾക്കൊപ്പം അദ്ദേഹം ഏറ്റുമുട്ടുന്ന അതിഗംഭീര പോരാട്ടമാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാവിയെ തന്നെ മാറ്റിമറിക്കുന്ന സംഭവങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്ന സൂചനയും ട്രെയിലർ നൽകുന്നു. എക്സ് മാന്‍ കഥാപാത്രങ്ങള്‍ക്ക് അടക്കം വലിയ പ്രധാന്യം നല്‍കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
അവഞ്ചേഴ്സ്: ഡൂംസ്‌ഡേ' യിൽ വിവിധ മാര്‍വല്‍ യൂണിവേഴ്സില്‍ നിന്നുള്ള സൂപ്പർഹീറോകൾ എത്തുന്നുണ്ട്. അവർ ഇതുവരെ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള അതിശക്തമായ ഭീഷണിയെ നേരിടും എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രം ഇംഗ്ലീഷിന് പുറമേ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്യും.
കെവിൻ ഫൈഗി, ലൂയിസ് ഡി'എസ്പോസിറ്റോ, ജൊനാഥൻ ഷ്വാർട്സ് എന്നിവരാണ് ചിത്രത്തിന്‍റെ നിർമാതാക്കൾ. ചാനിങ് ടാറ്റം, സിമു ലിയു, ടോം ഹിഡിൽസ്റ്റൺ, സെബാസ്റ്റ്യൻ സ്റ്റാൻ, കെൽസി ഗ്രാമർ, കാത്രിൻ ന്യൂട്ടൺ, അലൻ കമ്മിംഗ്, ഹന്ന ജോൺ-കാമൻ, റെബെക്ക റൊമിൻ, മാബെൽ കദേന, ടെനോച്ച് ഹുവേർട്ട മെഹിയ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.