കൊച്ചി: മഹാനടന്‍ മമ്മൂട്ടിയുമായി ഒരു സായാഹ്നം പങ്കിടാന്‍ കൊതിക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. ആ അസുലഭ ഭാഗ്യം തനിക്കും കുടുംബത്തിനും ലഭിച്ചുവെന്ന് സംവിധായകനും നടനുമായി ബേസില്‍ ജോസഫ്. മമ്മൂട്ടിക്കൊപ്പം എടുത്ത ചിത്രങ്ങള്‍ ബേസില്‍ ജോസഫ് പങ്കുവച്ചു.
"ഒരു ഇതിഹാസത്തോടൊപ്പം ഒരു സായാഹ്നം ചെലവഴിക്കാനുള്ള അപൂർവ ഭാഗ്യം ലഭിച്ചു. എന്റെ കൊച്ചു മകൾ അദ്ദേഹത്തെ നോക്കി നിഷ്കളങ്കമായി, "നിങ്ങളുടെ പേരെന്താണ്?" എന്ന് ചോദിച്ചപ്പോൾ, അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട്, "മമ്മൂട്ടി" എന്ന് മറുപടി നല്‍കി. ആ എളിയ മറുപടി ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു ഓർമയായി ഞങ്ങളുടെ ഹൃദയങ്ങളിൽ പതിഞ്ഞു," ബേസില്‍ ജോസഫ് സമൂഹമാധ്യമത്തില്‍ കുറിച്ചു. ഭാര്യ എലിസബത്ത്, മകള്‍ ഹോപ്പ് എന്നിവർക്കൊപ്പമാണ് ബേസില്‍ മമ്മൂട്ടിയെ സന്ദർശിക്കാനെത്തിയത്.
മമ്മൂട്ടി സ്വന്തം ക്യാമറയില്‍ തങ്ങളുടെ ചിത്രങ്ങള്‍ പകർത്തിയെന്നും സന്തോഷപൂർവം ബേസില്‍ എഴുതി. മകള്‍ ഹോപ്പിന് ഒപ്പം മമ്മൂക്ക ഒരുപാട് സെല്‍ഫി എടുത്തു. രണ്ട് മണിക്കൂറുകളോളം, അദ്ദേഹം ഈ ലോകത്തിന് മുന്നില്‍ ആരാണെന്ന് മറക്കാന്‍ എങ്ങനെയോ അദ്ദേഹം തങ്ങളെ പ്രേരിപ്പിച്ചു. അടുത്ത ഒരു സുഹൃത്തിനൊപ്പമാണ് തങ്ങള്‍ ഇരിക്കുന്നതെന്ന് തോന്നിയെന്നും ബേസില്‍ കുറിച്ചു. വിലമതിക്കാത്ത ഒരു സായാഹ്നം സമ്മാനിച്ച മലയാളത്തിന്റെ മഹാനടന് നന്ദി അറിയിച്ചാണ് ബേസില്‍ ജോസഫ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ബേസില്‍ കുറിപ്പ് പോസ്റ്റ് ചെയ്തതിന് പിന്നാലെ ലൈക്കുകളുടെയും കമന്റുകളുടെയും പെരുമഴയായിരുന്നു. 'ഹോപ്പി മമ്മൂക്ക സെല്‍ഫി' ആവശ്യപ്പെട്ടായിരുന്നു നടി ദർശന രാജേന്ദ്രന്റെ കമന്റ്. ഒരു ചെറുപുഞ്ചിരിയോടെയാണ് കുറിപ്പ് വായിച്ചതെന്നും കണ്ണുനിറഞ്ഞുവെന്നും കമന്റ് ചെയ്തവരുണ്ട്. 'മമ്മൂട്ടിക്കൊപ്പം പടം പിടിക്കാന്‍' ബേസിലിനോട് ആവശ്യപ്പെടുന്നവരെയും കമന്റ് ബോക്സില്‍ കാണാം.