
ബിഗ് ബോസ് സീസൺ 7 രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കവെ പ്രേക്ഷകരെ ഞെട്ടിച്ച് ബിഗ് ബോസ്. ഞായറാഴ്ച ആദ്യ എവിക്ഷൻ പ്രക്രിയയിലൂടെ ഒരാൾ പുറത്തായതിന് പിന്നാലെയാണ് തിങ്കളാഴ്ച പുതിയൊരു പ്രമോ വീഡിയോ ബിഗ് ബോസ് പുറത്തുവിട്ടത്.
സീസൺ താത്കാലികമായി നിർത്തിവയ്ക്കുകയാണ് എന്നാണ് ബിഗ് ബോസ് മത്സരാർഥികളോട് പറയുന്നത്. "ഇതൊരു പ്രധാന അറിയിപ്പാണ്. നിങ്ങളിൽ നിന്നും യാതൊരു കണ്ടൻ്റും ഇനി പ്രതീക്ഷിക്കുന്നില്ല. ഒരു രീതിയിലുള്ള ആശയ വിനിമയവും ഇനി എൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. സീസൺ 7 ഇവിടെ വെച്ച് താത്കാലികമായി നിർത്തി വയ്ക്കുകയാണ്," മത്സരാർഥികൾ എല്ലാവരും ലിവിങ് റൂമിൽ ഇരിക്കുമ്പോഴാണ് ബിഗ് ബോസിൻ്റെ അറിയിപ്പ് വന്നത്.
എന്താണ് കാരണമെന്ന് മത്സരാർഥികൾ ബിഗ് ബോസിനോട് ചോദിക്കുന്നുണ്ടെങ്കിലും മറുപടിയൊന്നും ഉണ്ടായിരുന്നില്ല. ബിഗ് ബോസ് മത്സരാർഥികൾക്ക് നൽകിയ മറ്റൊരു ഏഴിന്റെ പണിയാവാനാണ് സാധ്യതയെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. ഷോ താത്കാലികമായി നിർത്തി വയ്ക്കാനൊന്നും പോകുന്നില്ലെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകരുടെ പ്രതികരണം.
"ബിഗ് ബോസ് മലയാളം സീസൺ 7ന് താത്കാലിക പരിസമാപ്‌തിയോ?" എന്നാണ് ഏഷ്യാനെറ്റിൻ്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിൽ തന്നെ കുറിച്ചിരിക്കുന്നത്. പരിപാടി നിർത്തിയെന്ന് ഏഷ്യാനെറ്റും സ്ഥിരീകരിച്ചിട്ടില്ല. "കൊണ്ടുവന്നതെല്ലാം വേസ്റ്റാണെന്ന് ഇപ്പോഴായിരിക്കും മനസ്സിലായത്" എന്ന തരത്തിലുള്ള പരിഹാസ കമൻ്റുകളും ഈ പോസ്റ്റിന് താഴെ കാണാം.
റാങ്കിങ് ടാസ്ക്കിൽ മത്സരാർഥികളുടെ പ്രകടനം നിലവാരമില്ലാതെ പോയെന്നും കാണികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ക്യാപ്റ്റനായിരുന്നു അനീഷ് ബോറായെന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം, ഷോ തുടരുമെന്ന വിവരം തന്നെയാണ് പിന്നാമ്പുറങ്ങളിൽ നിന്ന് ചോർന്ന് കിട്ടിയത്. മത്സരാർഥികൾക്കുള്ള ചെറിയൊരു ഷോക്ക് ട്രീറ്റ്‌മെൻ്റായി മാത്രമെ ഇത് കാണേണ്ടതുള്ളൂ.