"ലീഡർഷിപ്പ് എന്താണെന്ന് അറിയാതെ..."; വിജയ് സേതുപതിയുടെ 'ലീഡർ' പരാമർശം വിജയ്‌യെ ലക്ഷ്യം വച്ചോ? വിശദീകരണവുമായി ചാനൽ

വിജയ് സേതുപതിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്
"ലീഡർഷിപ്പ് എന്താണെന്ന് അറിയാതെ..."; വിജയ് സേതുപതിയുടെ 'ലീഡർ' പരാമർശം വിജയ്‌യെ ലക്ഷ്യം വച്ചോ? വിശദീകരണവുമായി ചാനൽ
Published on
Updated on

ബിഗ് ബോസ് തമിഴ് സീസൺ 10ൽ അവതാരകനായ നടൻ വിജയ് സേതുപതി നേതൃത്വപാടവത്തെപ്പറ്റി നടത്തിയ പരാമർശങ്ങൾ ചർച്ചയാകുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ ഉദ്ദേശിച്ചാണ് നടന്റെ പരാമർശം എന്നാണ് സമൂഹമാധ്യമങ്ങളിൽ ഒരു വിഭാഗം ആരോപിക്കുന്നത്. ഇതോടെ, സംഭവത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഷോയുടെ സംപ്രേഷകരായ വിജയ് ടിവി.

ബിഗ് ബോസ് തമിഴ് വാരാന്ത്യ എപ്പിസോഡിലായിരുന്നു ചർച്ചകൾക്ക് വഴിവച്ച സംഭവം. ബിഗ് ബോസ് ഹൗസിൽ നടന്ന ക്യാപ്റ്റൻസിക്കായുള്ള ടാസ്കിന് ശേഷം മത്സരാർത്ഥിയായ ഷാത്തികയോട് ലീഡർഷിപ്പിനെപ്പറ്റി സംസാരിക്കുകയായിരുന്നു വിജയ് സേതുപതി.

"ലീഡർ എന്നുവച്ചാൽ എന്താണെന്നോ, ലീഡർഷിപ്പ് എന്താണെന്നോ അറിയാതെ, വായിൽ തോന്നുന്നത് പോലെ വാഗ്ദാനങ്ങൾ നടത്തി, പ്രശ്നങ്ങളും ഉത്തരവാദിത്തങ്ങളും വരുമ്പോൾ എതിർപക്ഷത്തിന്റെ മേൽ കുറ്റമാരോപിക്കുന്നതോ അവിടെ നിന്ന് ഓടിപോകുന്നതോ നേതാവിന്റെ ലക്ഷണമല്ല. അത് പറ്റിക്കലാണ് ," എന്നായിരുന്നു വിജയ് സേതുപതിയുടെ വാക്കുകൾ. തമിഴ്‌നാട്ടിലെ സമകാലീന രാഷ്ട്രീയ സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തിയാണ് ഈ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വ്യാഖ്യാനിക്കപ്പെട്ടത്.

വിജയ് സേതുപതിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായതോടെ വിജയ് ടിവി വിശദീകരണവുമായി രംഗത്തെത്തി. ബിഗ് ബോസ് വിനോദ പരിപാടി മാത്രമാണെന്നും പരാമർശങ്ങൾ പരിപാടിയിലെ മത്സരങ്ങളുടെ ഭാഗമാണെന്നും ബിബി ഹൗസിന് പുറത്തുള്ള സംഭവങ്ങളുമായോ സംഘടനകളുമായോ വ്യക്തികളുമായോ ഇതിന് യാതൊരു ബന്ധവുമില്ലെന്നും ചാനൽ പ്രസ്താവനയിറക്കി. മറിച്ചുള്ള വ്യാഖ്യാനങ്ങൾ ചാനലിന്റെ ലക്ഷ്യമോ താൽപ്പര്യമോ അല്ലെന്നും ചാനൽ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ ടിവികെ അനുയായികളുടെ വ്യാപക വിമർശനത്തിന് പിന്നാലെയാണ് പ്രതികരണം.

News Malayalam 24x7
newsmalayalam.com