

മുംബൈ: ബോളിവുഡ് താരം രൺവീർ സിംഗിന് വിലക്കേർപ്പെടുത്തി സിനിമാ സംഘടനയായ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയ്സ് (FWICE). ഫർഹാൻ അക്തർ ചിത്രം 'ഡോൺ 3'യിൽ നിന്ന് അവസാന നിമിഷം അപ്രതീക്ഷിതമായി പിന്മാറിയത് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്ത്യൻ ഫിലിം & ടെലിവിഷൻ ഡയറക്ടേഴ്സ് അസോസിയേഷനിൽ നടനെതിരെ ഫർഹാൻ പരാതി നൽകിയിരുന്നു. ഇത് അടിസ്ഥാനമാക്കിയാണ് താരത്തിനെതിരെ ഫെഡറേഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് നടന് വിലക്കേർപ്പെടുത്തിയതായി സംഘടന അറിയിച്ചത്.
സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കെ രൺവീർ സിംഗ് പിന്‍മാറിയത് തങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് ഫർഹാൻ അക്തറിന്റെ നിർമാണ കമ്പനിയായ എക്‌സൽ എന്റർടെയ്ൻമെന്റിന്റെ ആരോപണം. നടനുമായി കരാറുണ്ടെന്നും 45 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ഇവരുടെ ആവശ്യം. തർക്കത്തിൽ തന്റെ ഭാഗം വിശദീകരിക്കാൻ ആവശ്യപ്പെട്ട് മൂന്ന് തവണ ഔദ്യോഗികമായി നോട്ടീസ് നൽകിയിട്ടും നടൻ പ്രതികരിച്ചില്ലെന്ന് ഫെഡറേഷനും ചൂണ്ടിക്കാട്ടി.
സംഘടനയുടെ വിലക്കിന് പിന്നാലെ, രൺവീർ സിംഗിന്റെ ഔദ്യോഗിക വക്താവ് ഇത് സംബന്ധിച്ച് ഒരു പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. "സിനിമ മേഖലയോടും 'ഡോൺ' ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട എല്ലാവരോടും രൺവീർ സിംഗിന് വലിയ ബഹുമാനമുണ്ട്. 'ഡോൺ 3' യുമായി ബന്ധപ്പെട്ടുണ്ടായ സമീപകാല സംഭവ വികാസങ്ങളിലുടനീളം അദ്ദേഹം ബോധപൂർവം മൗനം പാലിക്കാൻ മാത്രമാണ് തീരുമാനിച്ചത്. പ്രൊഫഷണളായ ചർച്ചകളും വ്യക്തിപരമായ ബന്ധങ്ങളും മാന്യതയോടും പക്വതയോടും പരസ്പര ബഹുമാനത്തോടും കൂടി കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്ന് അദ്ദേഹം വിശ്വസിക്കുന്നു," എന്നാണ് പ്രസ്താവന. രൺവീറിന്റെ ഭാഗത്ത് നിന്നും പരസ്യ പ്രതികരണങ്ങൾ ഉണ്ടാകില്ലെന്നും നടൻ ഈ നിലപാട് തുടരും എന്നും പ്രസ്താവനയിൽ പറയുന്നു. 'ധുരന്ധർ' ചിത്രങ്ങളിലൂടെ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ചു നിൽക്കുന്നതിനിടെയാണ് നടന് ഇത്തരത്തിൽ ഒരു വിലക്ക് വരുന്നത് എന്നത് ശ്രദ്ധേയമാണ്.
സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രങ്ങളിൽ ഒന്നാണ് ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന 'ഡോൺ 3'. ഷാരൂഖ് ഖാന് പകരം സിനിമയിലെ നായകനായി രൺവീറിനെ പ്രഖ്യാപിച്ചത് 'ഡോൺ' ആരാധകരെ ഞെട്ടിച്ചിരുന്നു.
അതേസമയം, നടന്റെ പിൻമാറ്റത്തിന് പിന്നാലെ ഷാരൂഖ് 'ഡോൺ' ഫ്രാഞ്ചൈസിയിലേക്ക് തിരിച്ചെത്തുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഷാരൂഖ് 'ഡോൺ' ആകാൻ സമ്മതിച്ചെന്നും എന്നാൽ ഫർഹാന് പകരം അറ്റ്‌ലിയെ സംവിധായകനാക്കണമെന്ന് ആവശ്യപ്പെട്ടുവെന്നുമായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, അറ്റ്‌ലി തന്നെ ഇക്കാര്യം തള്ളിക്കളഞ്ഞു.