

മുംബൈ: ധർമേന്ദ്രയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി സിനിമാ ലോകത്തെ പ്രമുഖർ. 89ാം വയസിലാണ് ബോളിവുഡിന്റെ ഇതിഹാസ താരം വിടപറഞ്ഞത്. ജുഹുവിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.
ധർമേന്ദ്രയുടെ മരണം അംഗീകരിക്കാൻ ഇതുവരെ തനിക്ക് സാധിച്ചിട്ടില്ല എന്നായിരുന്നു നടിയും ദിലീപ് കുമാറിന്റെ പങ്കാളിയുമായ സൈറ ബാനുവിന്റെ പ്രതികരണം. "ദിലീപ് സാഹബ് (ദിലീപ് കുമാർ) അദ്ദേഹത്തെ തന്റെ ഇളയ സഹോദരനായാണ് കരുതിയിരുന്നത്. ദിലീപ് സാഹബിനൊപ്പം സംസാരിക്കാനും ഭക്ഷണം കഴിക്കാനും ചിലപ്പോൾ മദ്യപിക്കാനും അദ്ദേഹം പലപ്പോഴും എന്റെ വീട്ടിൽ വരുമായിരുന്നു. ഞാൻ എപ്പോഴും അദ്ദേഹത്തെ ഓർക്കും," സൈറ ബാനു പറഞ്ഞു.
ധർമേന്ദ്ര ഹിന്ദി സിനിമാ ലോകത്ത് ഉള്ളവർക്ക് ഒരു രക്ഷിതാവിനെപ്പോലെയായിരുന്നു എന്ന് നടി ഷർമിള ടാഗോർ അഭിപ്രായപ്പെട്ടു. അദ്ദേഹം ഒരു പേട്രിയാർക് ആയിരുന്നു. എല്ലാവരും അദ്ദേഹത്തെ പാപ്പാജി എന്നാണ് വിളിച്ചിരുന്നതെന്നും ശർമിള പറഞ്ഞു. "ഞാൻ മിക്കവാറും എല്ലാ ദിവസവും അദ്ദേഹവുമായി ഫോണിൽ സംസാരിക്കുമായിരുന്നു. അദ്ദേഹത്തിന്റെ അവസ്ഥ ഗുരുതരമാണെന്ന് എനിക്കറിയാമായിരുന്നു. അദ്ദേഹം അത് മറികടക്കുമെന്ന് ഞാൻ ശരിക്കും ആഗ്രഹിച്ചിരുന്നു, " ശർമിള ടാഗോർ കൂട്ടിച്ചേർത്തു.
'യുഗാവസാനം' എന്നാണ് സംവിധായകൻ കരൺ ജോഹർ ഇന്‍സ്റ്റഗ്രാമിൽ കുറിച്ചത്. "ഒരു വലിയ മെഗാ സ്റ്റാർ... മുഖ്യധാരാ സിനിമയിലെ ഒരു നായകന്റെ മൂർത്തീഭാവം... അവിശ്വസനീയമാംവിധം സുന്ദരനും ഏറ്റവും നിഗൂഢമായ സ്ക്രീൻ പ്രെസൻസ്.അദ്ദേഹം ഇന്ത്യൻ സിനിമയിലെ ഇതിഹാസമാണ്, കരണ്‍ എഴുതി. 'അഭി ന ജാവോ ചോഡ്കേ.... കേ ദിൽ അഭി ഭാര നഹി……,'എന്ന ഗാനത്തിലെ വരികളും കരണ്‍ കുറിച്ചു.
അക്ഷയ് കുമാർ, കരീന കപൂർ, കജോൾ, കിയാര അദ്വാനി, മനീഷ് മൽഹോത്ര എന്നിങ്ങനെ നിരവധി താരങ്ങളും ബോളിവുഡിലെ പ്രമുഖരും നടന് ആദരാഞ്ജലികൾ അർപ്പിച്ചു.
ഡിസംബർ എട്ടിന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് ധർമേന്ദ്രയുടെ വിയോഗം. കനത്ത സുരക്ഷയിൽ, പവൻ ഹാൻസ് ശ്മശാനത്തിലായിരുന്നു സംസ്കാരം. ഷാരുഖ് ഖാൻ, രണ്‍വീർ സിംഗ്, ദീപിക പദുകോണ്‍, അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ആമിർ ഖാൻ എന്നിങ്ങനെ നിരവധി പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. ആരാധകർക്ക് പ്രവേശനമുണ്ടായിരുന്നില്ല.