കൊച്ചി: തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെ കാണുന്നതിനായി '42 നിബന്ധനകൾ' പാലിക്കണമെന്ന പ്രസ്താവന പിൻവലിച്ച് ബ്രാൻഡ് സ്ട്രാറ്റജിസ്റ്റ്. 'സ്വീകൃതി ടോക്സ്' എന്ന പോഡ്‌കാസ്റ്റിൽ പങ്കെടുത്ത ബ്രാൻഡ് സ്ട്രാറ്റജിസ്റ്റ് കാവേരി ബറുവയാണ് അല്ലു അർജുനെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങൾ ഉന്നയിച്ചത്.
അല്ലു അർജുനെ കാണുമ്പോൾ 'അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കരുത്', 'ഹസ്തദാനം ചെയ്യരുത്' തുടങ്ങിയ 42 നിബന്ധനകൾ പാലിക്കണമെന്നായിരുന്നു കാവേരി ബറുവയുടെ വിവാദ പ്രസ്താവന. അത്തരം ഒരു ലിസ്റ്റ് നടന്റെ ടീം തനിക്ക് നൽകിയിരുന്നു എന്നായിരുന്നു കാവേരിയുടെ അവകാശവാദം. പോഡ്കസ്റ്റിലെ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ അല്ലു അർജുന്റെ ടീം ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, കാവേരിയും പോഡ്കാസ്റ്ററായ സ്വീകൃതിയും വിഷയത്തിൽ പരസ്യമായി മാപ്പു പറഞ്ഞിരിക്കുന്നു.
തന്റെ പ്രസ്താവന തെറ്റാണെന്നും യാതൊരു രേഖകളുടെയും അടിസ്ഥാനത്തിലല്ല താൻ അത് പറഞ്ഞതെന്നും കാവേരി വ്യക്തമാക്കി. സംസാരത്തിനിടയിൽ പറഞ്ഞുപോയ കാര്യങ്ങളാണെന്നും അല്ലു അർജുനെപ്പോലൊരു താരത്തെ അപമാനിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അവർ എക്സിൽ കുറിച്ചു. "42 നിബന്ധനകൾ അടങ്ങിയ യാതൊരുവിധ രേഖകളും അല്ലു അർജുനോ അദ്ദേഹത്തിന് വേണ്ടി മറ്റാരെങ്കിലുമോ എനിക്ക് നൽകിയിട്ടില്ല. സംസാരത്തിനിടയിൽ സ്വാഭാവികമായി പറഞ്ഞുപോയ കാര്യങ്ങളാണവ. അവ വസ്തുതകളായി അവതരിപ്പിക്കാൻ പാടില്ലായിരുന്നു," എന്നും കേവരിയുടെ പ്രസ്താവനയിൽ പറയുന്നു.
പോഡ്കാസ്റ്റർ സ്വീകൃതിയും മാപ്പ് പറഞ്ഞുകൊണ്ട് സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. വിവാദമായ വീഡിയോകൾ യൂട്യൂബിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കം ചെയ്തതായി ഇവർ അറിയിച്ചു. അതിഥി പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് വിശ്വസിച്ചാണ് താൻ പ്രസിദ്ധീകരിച്ചതെന്നും എന്നാൽ അത് തെറ്റാണെന്ന് ബോധ്യപ്പെട്ടതായും പോഡ്കാസ്റ്റർ പ്രസ്താവനയിൽ പറയുന്നു. തന്നെയും ചാനലിനെയും വേട്ടയാടുന്നത് നിർത്തണമെന്ന് അവർ അല്ലു അർജുൻ ആരാധകരോട് അഭ്യർഥിച്ചു.