കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളിൽ പ്രതികരിച്ച് നടനും അഭിഭാഷകനുമായ സി. ഷൂക്കൂർ. രക്തസമ്മർദവുമായി ബന്ധപ്പെട്ട ചില ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നുവെന്നും ഇപ്പോൾ നില മെച്ചപ്പെട്ടുവരികയാണെന്നും ഷുക്കൂർ അറിയിച്ചു. ഏകദേശം 30 ദിവസം പൂർണ വിശ്രമം ആവശ്യമാണെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ജനുവരി 26ന് സ്‌ട്രോക്കിനെത്തുടർന്ന് ഷുക്കൂറിനെ കാസർഗോഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സഹോദരൻ മുനീർ മുസ്തഫ ആണ് വീഡിയോയിലൂടെ അറിയിച്ചത്. പെട്ടെന്നുതന്നെ ചികിത്സ ലഭ്യമായതിനാൽ ജീവൻ തിരിച്ചുകിട്ടി സുഖം പ്രാപിച്ചുവരികയാണെന്നും സഹോദരൻ വ്യക്തമാക്കി.
രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ വക്കീൽ കഥാപാത്രത്തിലൂടെയാണ് ഷുക്കൂർ സിനിമാ മേഖലയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഭാവന നായികയായ 'അനോമി'യാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. എംജി സർവകലാശാല മുൻ പ്രൊ- വൈസ് ചാൻസലറും കണ്ണൂർ സർവകലാശാല നിയമപഠനവകുപ്പ് മേധാവിയുമായ ഡോ. ഷീന ഷുക്കൂർ ആണ് ഭാര്യ.
എല്ലാവർക്കും സുഖമെന്ന് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി എന്നെ സംബന്ധിച്ചും ഞാനുമായി ബന്ധപ്പെടുത്തിയും വിവിധ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ യഥാർത്ഥ വസ്തുതകൾ ചുരുക്കമായി അറിയിക്കുന്നു.
2026 ജനുവരി 26 മുതൽ എനിക്ക് രക്തസമ്മർദവുമായി ബന്ധപ്പെട്ട ചില ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. കാസർഗോഡ് മിംസ് ആശുപത്രിയിൽ ചികിത്സ തേടുകയും, അവിടുത്തെ ഡോക്ടർമാരുടെ നിർദേശങ്ങളും ചികിത്സയും ലഭിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്.
ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായപ്രകാരം ഇനി ഏകദേശം 30 ദിവസം പൂർണ വിശ്രമം ആവശ്യമാണെന്ന് അറിയിച്ചിട്ടുണ്ട്.
ഈ കാലയളവിൽ ആരോഗ്യപരമായ കാര്യങ്ങളിലേക്കാണ് മുഴുവൻ ശ്രദ്ധയും. എല്ലാവരുടെയും സഹകരണത്തിനും ആശ്വാസവാക്കുകൾക്കും ഹൃദയം നിറഞ്ഞ നന്ദി.