

ബെംഗളൂരു: 'കാന്താര' സിനിമയിലെ ദൈവക്കോലത്തെ അനുകരിച്ചതിൽ രൺവീർ സിംഗിന് എതിരെ കേസ്. ബംഗളൂരു സ്വദേശിയായ പ്രശാന്ത് മേത്തൽ എന്ന അഭിഭാഷകൻ നൽകിയ പരാതിയിലാണ് നടപടി. മതവികാരം വ്രണപ്പെടുത്തി എന്ന് കാട്ടിയാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ 28ന് ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന വേദിയിലാണ് 'കാന്താര'യിലെ 'ദൈവ ചാമുണ്ഡി' എന്ന ദൈവസങ്കൽപ്പത്തെ രൺവീർ അനുകരിച്ചത്.
ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിൽ ആണ് രൺവീറിന് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 196, 299, 302 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസ് ബെംഗളൂരുവിലെ ഫസ്റ്റ് അഡീഷണൽ സിഎംഎം കോടതിയുടെ പരിഗണനയിലാണ്. ഏപ്രിൽ എട്ടിന് കേസ് പരിഗണിക്കും.
തീരദേശ കർണാടകയിലെ ദൈവസങ്കൽപ്പമാണ് 'ദൈവ ചാമുണ്ഡി'. നടൻ ഈ വികാരത്തെ വ്രണപ്പെടുത്തി എന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു. ഇന്ത്യൻ സിനിമയെ 'കാന്താര' ഫ്രാഞ്ചൈസി സ്വാധീനിച്ചത് എങ്ങനെയെന്ന് വിശദീകരിക്കുന്നതിനിടെയിലാണ് സിനിമയിൽ ഋഷഭ് ഷെട്ടി അവതരിപ്പിച്ച 'ദൈവ ചാമുണ്ഡി'യെ ബോളിവുഡ് താരം അനുകരിച്ചത്. ചാമുണ്ഡിയെ 'പെൺ പ്രേതം' എന്നാണ് നടൻ വിശേഷിപ്പിച്ചത്. കണ്ണുകൾ വക്രീകരിച്ച്, നാവ് പുറത്തിട്ട് വിചിത്രമായ ശബ്ദം പുറപ്പെടുവിച്ചുകൊണ്ടായിരുന്നു രൺവീറിന്റെ പ്രകടനം. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കി.
അനുകരണത്തിന് എതിരെ രൂക്ഷ വിമർശനം ഉയർന്നതോടെ രൺവീർ ക്ഷമാപണം നടത്തിയിരുന്നു. ഈ രാജ്യത്തെ എല്ലാ സംസ്കാരത്തെയും പാരമ്പര്യത്തെയും വിശ്വാസത്തെയും ബഹുമാനിക്കുന്നുവെന്നും ഋഷഭിന്റെ അവിശ്വസനീയമായ പ്രകടനം വലിയ അധ്വാനമാണ് എന്ന് കാണിക്കാനാണ് ശ്രമിച്ചതെന്നുമായിരുന്നു വിശദീകരണം. ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും രൺവീർ പറഞ്ഞിരുന്നു.
ഒക്ടോബർ രണ്ടിനാണ് 'കാന്താര ചാപ്റ്റർ 1' വേൾഡ് വൈഡ് ആയി റിലീസ് ആയത്. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഋഷഭ് ഷെട്ടിയാണ് സിനിമയുടെ രചനയും സംവിധാനവും. 2022ൽ ഇറങ്ങിയ 'കാന്താര'യുടെ രണ്ടാം ഭാഗമായാണ് സിനിമ ഇറങ്ങിയത്.