ചെന്നൈ: തമിഴ് സൂപ്പർ താരം രജനികാന്തിന് ഇന്ന് 75ാം ജന്മദിനം. തങ്ങളുടെ പ്രിയ താരത്തിന് സമൂഹമാധ്യമങ്ങളിൽ ആശംസകൾ നേരുകയാണ് ആരാധകരും സിനിമാ രാഷ്ട്രീയ മേഖലയിലെ പ്രമുഖരും. സിനിമയിൽ 50 ആണ്ടുകൾ പിന്നിട്ട രജനി ഇന്നും ഇന്ത്യൻ സിനിമയിൽ സ്റ്റൈലിന്റെ പര്യായമാണ്.
നടൻ ധനുഷ് ആണ് രജനികാന്തിന് പിറന്നാൾ ആശംസകൾ നേർന്ന ആദ്യ സെലിബ്രിറ്റികളിൽ ഒരാൾ. "ഹാപ്പി ബർത്ത്ഡേ തലൈവ," എന്നാണ് നടൻ എക്സിൽ കുറിച്ചത്. രജനികാന്തിന്റെ മകൾ ഐശ്വര്യയുടെ ആദ്യ പങ്കാളിയാണ് ധനുഷ്. നടൻ എസ്.ജെ. സൂര്യയും സൂപ്പർ സ്റ്റാറിന് ആശംസകൾ നേർന്നു. സൺ പിക്‌ചേഴ്‌സ് രജനികാന്തിന്റെ ജന്മദിനം പ്രമാണിച്ച് പുറത്തിറക്കിയ വീഡിയോ പങ്കുവച്ചുകൊണ്ടാണ് നടൻ ആശംസ അറിയിച്ചത്. "നമ്മുടെ തലൈവർ, ഐക്കോണിക് സൂപ്പർസ്റ്റാർ രജനികാന്തിന് ജന്മദിനാശംസൾ എന്നും നടൻ കുറിച്ചു. രജനികാന്തിന്റെ 50 വർഷത്തെ സിനിമാ ജീവിതത്തിലെ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് സൺ പിക്ചേഴ്സ് വീഡിയോ തയ്യാറാക്കിയത്.
മോഹൻലാലും രജനികാന്തിന് ആശംസൾ നേർന്നു."പ്രിയപ്പെട്ട രജനീകാന്ത് സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. സിനിമയിൽ 50 മികച്ച വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ, നിങ്ങളുടെ മൂല്യങ്ങൾ, ശക്തി, അസാധാരണമായ മനോഭാവം എന്നിവയാൽ തലമുറകളെ പ്രചോദിപ്പിച്ചതിന് നന്ദി. ദൈവം താങ്കൾക്ക് എന്നെന്നും സമാധാനവും, നല്ല ആരോഗ്യവും, അതിരറ്റ സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ," എന്നാണ് മോഹൻലാൽ കുറിച്ചത്.
സിനിമാ രംഗത്ത് നിന്ന് മാത്രമല്ല, നിരവധി രാഷ്ട്രീയ നേതാക്കളും രജനിക്ക് പിറന്നാൾ ആശംസകൾ നേർന്നു. രജനികാന്തിനൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആശംസകൾ അറിയിച്ചത്. "രജനികാന്ത് = പ്രായത്തെ മറികടക്കുന്ന ആകർഷണീയത! വേദിയിൽ കയറുമ്പോൾ എല്ലാവരെയും ആനന്ദിപ്പിക്കുന്ന വാക്ചാതുര്യം! ആറ് മുതൽ അറുപത് വരെയുള്ളവരെ ആകർഷിക്കുന്ന എന്റെ സുഹൃത്ത്, രജനികാന്തിന് ജന്മദിനാശംസകൾ," സ്റ്റാലിൻ എക്സിൽ കുറിച്ചു.
നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബുവും രജനിക്കൊപ്പമുള്ള ഒരു പഴയ ചിത്രം പങ്കുവച്ചു. "ഇന്ത്യന്‍ സിനിമയിലെ ഒരേയൊരു സൂപ്പര്‍സ്റ്റാര്‍, പത്മവിഭൂഷണ്‍ രജനികാന്തിന് ജന്മദിനാശംസകള്‍.സമര്‍പ്പണത്തിന്റെയും, കഠിനാധ്വാനത്തിന്റെയും, സ്ഥിരോത്സാഹത്തിന്റെയും, വിനയത്തിന്റെയും, ലാളിത്യത്തിന്റെയും, എക്കാലത്തെയും പോസിറ്റീവിറ്റിയുടെയും പ്രചോദനമാണ് സര്‍," എന്നാണ് നടി എക്സിൽ എഴുതിയത്.
അതേസമയം, ജന്മദിനം പ്രമാണിച്ച് രജനികാന്തിന്റെ ഹിറ്റ് ചിത്രം 'പടയപ്പ' ഇന്ന് വീണ്ടും തിയേറ്ററുകളില്‍ എത്തും. 26 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സിനിമ റീ റിലീസ് ചെയ്യുന്നത്. നേരത്തെ, 'പടയപ്പ'യ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് രജനി തന്നെ പ്രഖ്യാപിച്ചിരുന്നു.