

കൊച്ചി: പ്രശസ്ത സിനിമാ ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു. കൊച്ചിയിലെ സിനിമാ സെറ്റിൽ കുഴഞ്ഞു വീഴുകയായിരുന്നു. അൻപതിലേറെ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. പുലിമുരുകൻ, തുടരും, നരൻ, ഒടിയൻ, ബാബ കല്യാണി, രാമലീല, മധുരരാജ തുടങ്ങിയ സിനിമകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിലീസിന് ഒരുങ്ങുന്ന അതിമനോഹരം, ഒറ്റക്കൊമ്പൻ എന്നീ ചിത്രങ്ങളുടെയും ഛായാഗ്രാഹകനായിരുന്നു.
ദിലീപിൻ്റെ 'ഹനോക്ക്' എന്നചിത്രത്തിൽ ആലപ്പുഴയിൽ ക്യാമറമാനായി ജോലി ചെയ്യുന്നതിനിടെയാണ് ശ്വാസതടസത്തെ തുടർന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചയാണ് മരിച്ചത്. മാസ്സ് ആക്ഷൻ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു ഷാജി കുമാർ. മലയാളത്തിന് പുറമെ തമിഴ് ചിത്രങ്ങളിലും സജീവമായിരുന്നു. ഏതാനും ഹിന്ദി ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഒരു പതിറ്റാണ്ടായി മലയാള സിനിമയിൽ സജീവമായിരുന്നു. 2016ൽ റിലീസ് ചെയ്ത പുലിമുരുകൻ ഏറെ ശ്രദ്ധിക്കപ്പെട്ടു. വൈശാഖ്, ഷാജി കൈലാസ്, ജോഷി, അനിൽ ബാബു എന്നീ സംവിധായർക്കൊപ്പമാണ് കൂടുതലായി പ്രവർത്തിച്ചിട്ടുള്ളത്.
സിനിമകളെ വലുപ്പ ചെറുപ്പമില്ലാതെ കാണുന്ന ഛായാഗ്രാഹകനായിരുന്നു ഷാജി കുമാർ. നസ്രാണി, റോബിൻഹുഡ്, ബാബാ കല്യാണി, വെള്ളിനക്ഷത്രം, അത്ഭുതദ്വീപ്, മധുരരാജ, റിങ് മാസ്റ്റർ, മല്ലു സിങ്, പത്തൊൻപതാം നൂറ്റാണ്ട്, ബാന്ദ്ര, തുടരും എന്നിങ്ങനെ നീളുന്നു സിനിമകളുടെ നീണ്ട പട്ടിക.