ഇയക്കുനർ ഇമയം! ഭാരതിരാജയുടെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് സിനിമാലോകം; ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി വിജയ്

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് ഭാരതിരാജ അന്തരിച്ചത്
ഭാരതിരാജയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന മുഖ്യമന്ത്രി വിജയ്
ഭാരതിരാജയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന മുഖ്യമന്ത്രി വിജയ്Source: ANI
Published on
Updated on

ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഭാരതിരാജയുടെ വിയോഗത്തിൽ അനുശോചിച്ച് ഇന്ത്യൻ സിനിമാ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്, ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ, നടൻ സൂര്യ, രാധിക ശരത്കുമാർ എന്നിവർ ഭാരതിരാജയുടെ വസതിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചു.

ഭാരതിരാജയുടെ സംവിധാനത്തിൽ 'ആരാധന' എന്ന ചിത്രത്തിൽ 'പുലിരാജു' എന്ന കഥാപാത്രമായി അഭിനയിക്കാൻ കഴിഞ്ഞത് തന്റെ വലിയൊരു ഭാഗ്യമായി കരുതുന്നുവെന്ന് തെലുങ്ക് താരം ചിരഞ്ജീവി സമൂഹമാധ്യത്തിൽ കുറിച്ചു. സിനിമയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും, ലളിതജീവിതവും, കലയോടുള്ള സമർപ്പണവും തന്റെ മനസിൽ മായാത്ത മുദ്രയാണ് പതിപ്പിച്ചതെന്നും ചിരഞ്ജീവി പോസ്റ്റിൽ പറയുന്നു. തമിഴ് സിനിമാ പ്രേക്ഷകരുടെ മാത്രമല്ല, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെ പ്രേക്ഷകരുടെയും ഹൃദയം കീഴടക്കാൻ ഭാരതിരാജയ്ക്ക് കഴിഞ്ഞുവെന്ന് നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണും അഭിപ്രായപ്പെട്ടു.

ഭാരതിരാജയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന മുഖ്യമന്ത്രി വിജയ്
പറവൈ കൂട്ടിൽ വാഴും മാൻ​; പ്രണയം ശ്വസിച്ച ഭാരതിരാജ

ഭാരതിരാജയുടെ ദീർഘവീക്ഷണമുള്ള കഥപറച്ചിലും, കലാപരമായ മികവും, അതുല്യമായ സംഭാവനകളും ചലച്ചിത്ര മേഖലയിലും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയങ്ങളിലും മായാത്ത മുദ്രയാണ് പതിപ്പിച്ചിട്ടുള്ളതെന്നാണ് അനുശോചന കുറിപ്പിൽ നടൻ ആർ. ശരത്കുമാർ കുറിച്ചത്.

"തന്റെ ശ്രദ്ധേയമായ സൃഷ്ടികളിലൂടെ അദ്ദേഹം പല തലമുറകളിലെ ചലച്ചിത്ര പ്രവർത്തകർക്കും പ്രേക്ഷകർക്കും ഒരുപോലെ പ്രചോദനമേകി. വരും വർഷങ്ങളിലും ആഘോഷിക്കപ്പെടുന്ന എക്കാലത്തെയും മികച്ച മാസ്റ്റർപീസുകൾ അദ്ദേഹം സൃഷ്ടിച്ചു. അദ്ദേഹം പറഞ്ഞ കഥകളിലൂടെയും അദ്ദേഹം സ്പർശിച്ച ജീവിതങ്ങളിലൂടെയും ആ പൈതൃകം എന്നും നിലനിൽക്കും. എന്റെയും എന്റെ കുടുംബത്തിന്റെയും അദ്ദേഹത്തിന്റെ എല്ലാ ആരാധകരുടെയും പേരിൽ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും എണ്ണമറ്റ ആരാധകർക്കും ഞാൻ എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ഈ വിഷമഘട്ടത്തിൽ അവർക്ക് കരുത്തും ആശ്വാസവും ലഭിക്കട്ടെ, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു," നടൻ എക്സിൽ കുറിച്ചു.

നടി ഖുശ്ബു സുന്ദറും സമൂഹമാധ്യമത്തിലൂടെ തന്റെ അനുശോചനം രേഖപ്പെടുത്തി. "ഞാൻ രണ്ട് വശത്തും മുടി മെടഞ്ഞിട്ട ഒരു കഥാപാത്രമായി നമുക്കൊരു സിനിമ ചെയ്യണമെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. അതൊരു നടക്കാത്ത സ്വപ്നമായി ഇനി അവശേഷിക്കും. സാർ, ഞാൻ നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യും, എന്നാണ് ഖുശ്ബു കുറിച്ചത്.

"നമുക്ക് നഷ്ടപ്പെട്ടത് ഒരു സംവിധായകനെ മാത്രമല്ല. സിനിമ ശ്വസിച്ച്, സിനിമയായി ജീവിച്ച ഒരു മനുഷ്യനെയാണെന്ന് അരുൺ മാതേശ്വരൻ എക്സിൽ കുറിച്ചു. തനിക്ക് നഷ്ടപ്പെട്ടത് ഒരു സുഹൃത്തിനെയും, വഴികാട്ടിയെയും, ഒരു പിതാവിനെയുമാണെന്ന് സംവിധായകൻ കുറിപ്പിൽ പറയുന്നു.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്ന ഭാരതിരാജ ബുധനാഴ്ച (10-06-2026) രാവിലെയാണ് അന്തരിച്ചത്. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 2025 മാര്‍ച്ചില്‍ മകന്‍ മനോജിന്റെ അകാലവിയോഗത്തെ തുടര്‍ന്ന് ഭാരതിരാജയുടെ ആരോഗ്യനില ഗുരുതരമായിരുന്നു. മകന്റെ മരണശേഷം അദ്ദേഹം മാനസികമായി തകര്‍ന്ന നിലയിലായിരുന്നു.

News Malayalam 24x7
newsmalayalam.com