
മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പരാതിക്കാരന്‍ സുപ്രീംകോടതിയില്‍. സൗബിന്‍ ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അരൂര്‍ സ്വദേശി സിറാജ് ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കിയത്.
കേസില്‍ കഴിഞ്ഞ ദിവസം നടന്‍ സൗബിന്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. മരട് പൊലീസ് സ്റ്റേഷനിലായിരുന്നു ചോദ്യം ചെയ്യലിന് ഹാജരായത്. സൗബിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹം തന്നെ വാര്‍ത്ത നിഷേധിക്കുകയും ചെയ്തിരുന്നു.
പരാതിക്കാരന് പണം മുഴുവന്‍ നല്‍കിയതാണെന്നും ലാഭവിഹിതം നല്‍കാന്‍ തയ്യാറാണെന്നും സൗബിന്‍ ചോദ്യം ചെയ്യലിനെത്തിയപ്പോള്‍ പ്രതികരിച്ചു. ലാഭവിഹിതം മാറ്റി വച്ചിട്ടുണ്ട്. ഇതിനിടയിലാണ് കേസ് കൊടുത്തത്. കാര്യങ്ങളെല്ലാം മാധ്യമങ്ങള്‍ക്ക് മനസിലാകുന്നില്ലേ എന്നും സൗബിന്‍ ചോദിച്ചിരുന്നു.
അടുത്തിടെ സൗബിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു. പരാതികാരനായ സിറാജ് വലിയതുറയുടെ പണം മുഴുവന്‍ തിരികെ നല്‍കിയിരുന്നതായി സൗബിന്‍ മൊഴിയില്‍ പറയുന്നു. ആറ് കോടി 50 ലക്ഷം രൂപ ചിത്രം റിലീസായി രണ്ട് ആഴ്ചയ്ക്കുള്ളില്‍ മടക്കി നല്‍കി. രണ്ട് മാസം മുന്‍പാണ് മുഴുവന്‍ ലാഭവും ലഭിച്ചത്. ഇതിനിടയിലാണ് സിറാജ് കേസ് കൊടുത്തത്. ഇനി കോടതിയില്‍ പ്രശ്‌നം പരിഹരിക്കാം. തന്നെ മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കി ഭീഷണിപ്പെടുത്തി പണം വാങ്ങാനാണ് പരാതിക്കാരന്‍ ശ്രമിക്കുന്നതെന്നും സൗബിന്റെ മൊഴിയില്‍ പറയുന്നു.
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിമാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുമ്പോള്‍ കോടതി നിര്‍ദേശിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി നിര്‍ദേശമുണ്ട്. ചിത്രത്തിന്റെ നിര്‍മാണത്തിനായി സിറാജ് വലിയതുറ ഹമീദില്‍ നിന്നും ഏഴ് കോടി രൂപ വാങ്ങിയിരുന്നെങ്കിലും ഒരു രൂപ പോലും ലാഭവിഹിതം നല്‍കിയില്ല എന്നാണ് കേസ്. ലാഭ തുക ലഭിച്ചിട്ടും പരാതിക്കാരന്റെ കടം വീട്ടാതെ നിര്‍മാതാക്കളില്‍ ഒരാള്‍ സ്ഥിര നിക്ഷേപം നടത്തിയെന്നടക്കം പരാതിയില്‍ പറയുന്നുണ്ട്.
2024 ഫെബ്രുവരി 22നാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് തിയേറ്ററിലെത്തിയത്. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദീപക് പറമ്പോള്‍, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, ജോര്‍ജ് മരിയന്‍, അഭിരാം രാധാകൃഷ്ണന്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ മലയാളത്തിന് പുറമേ തമിഴ്‌നാട് ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും വന്‍ വിജയമായിരുന്നു. 200 കോടിക്ക് മുകളിലാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.