
അയാൻ മുഖർജി സംവിധാനം ചെയ്ത ഇന്ത്യൻ സ്പൈ യൂണിവേഴ്സ് ചിത്രം 'വാർ 2' ബോക്സോഫീസിൽ കിതയ്ക്കുകയാണ്. രജനീകാന്ത്, ആമിർ ഖാൻ, നാഗാർജുന അക്കിനേനി എന്നിവരെ ഒന്നിപ്പിച്ച് ലോകേഷ് കനകരാജ് ഒരുക്കിയ 'കൂലി' ബോക്സോഫീസിൽ വൻ കുതിപ്പ് നേടുമ്പോൾ ഋത്വിക് റോഷൻ, ജൂനിയർ എൻടിആർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എത്തിച്ച ബോളിവുഡ് ചിത്രം തീയേറ്ററുകളിൽ നിരാശപ്പെടുത്തുകയാണ്. ആദ്യ ദിനം ചിത്രം നേടിയ കളക്ഷൻ 52.5 കോടി മാത്രമാണെന്നാണ് വിവരം.
നേരത്തെ 'വാർ 2' റിലീസിന് മുന്നോടിയായുള്ള പ്രീ സെയ്ൽ ബുക്കിംഗിൽ മാത്രം 20.57 കോടി രൂപ നേടിയപ്പോൾ, 'കൂലി' ഒന്നാം ദിനം നേടിയത് 37.2 കോടി രൂപയായിരുന്നു. വാർ 2നെ കുറിച്ചുള്ള ആദ്യ റിവ്യൂകളിലും സമ്മിശ്ര അഭിപ്രായമായിരുന്നു.
സിനിമ കണ്ടിറങ്ങിയ ചിലർ ഏറ്റവും വലിയ ആക്ഷൻ ചിത്രമെന്ന് വിശേഷിപ്പിച്ചപ്പോൾ, മറ്റുള്ളവർ ഇതിനെ "പോരെന്നും" എന്നും "കഥാഗതി പ്രവചിക്കാവുന്നതാണ്" എന്നുമാണ് പ്രതികരിച്ചത്. തെലുഗ് സൂപ്പർ താരം ജൂനിയർ എൻടിആറിന്റെ ഹിന്ദി സിനിമയിലെ അരങ്ങേറ്റ സിനിമ കൂടിയാണിത്. അദ്ദേഹത്തിന്റെ ആരാധകർ ചിത്രത്തിൻ്റെ റിലീസ് ആഘോഷിക്കാൻ തെരുവിലിറങ്ങിയിരുന്നു.
യഷ് രാജ് ഫിലിംസിൻ്റെ ആറാമത്തെ സ്പൈ യൂണിവേഴ്സ് ചിത്രമാണ് 'വാർ 2'. 2019ൽ പുറത്തിറങ്ങിയ സിദ്ധാർത്ഥ് ആനന്ദിൻ്റെ 'വാർ' എന്ന ചിത്രം ലോകമെമ്പാടും 471 കോടി രൂപയുടെ വൻ ബോക്‌സ് ഓഫീസ് കളക്ഷൻ നേടുകയും, അക്കാലത്ത് ഏറ്റവും ഉയർന്ന ഓപ്പണിങ് ദിന കളക്ഷനായ 53.35 കോടി രൂപ എന്ന റെക്കോർഡ് നേടുകയും ചെയ്തിരുന്നു. ഇതോടെ ആരാധകരിൽ നിന്ന് മാത്രമല്ല, സിനിമാ ഇൻഡസ്ട്രിയിൽ നിന്ന് തന്നെ വമ്പൻ പ്രതീക്ഷകളോടെയാണ് 'വാർ 2' ലോകമെമ്പാടുമുള്ള സ്ക്രീനുകളിൽ എത്തുന്നത്.