"കൃതജ്ഞതയോടും വിനയത്തോടും ഈ അംഗീകാരം സ്വീകരിക്കുന്നു"; ഗ്രാമി പുരസ്കാര നേട്ടത്തിൽ ദലൈ ലാമ

ലോസ് ഏഞ്ചൽസിൽ നടന്ന ചടങ്ങിലായിരുന്നു അവാർഡ് പ്രഖ്യാപനം
ദലൈ ലാമ
ദലൈ ലാമSource: ANI
Published on
Updated on

കൊച്ചി: ബുദ്ധിസ്റ്റ് ആത്മീയ നേതാവ് ദലൈ ലാമയെ തേടി ആദ്യ ഗ്രാമി പുരസ്കാരം എത്തിയത് 90ാം വയസിലാണ്. ഓഡിയോ ബുക്ക് നറേഷൻ, സ്റ്റോറിടെല്ലിങ് വിഭാഗത്തിലാണ് ലാമ പുരസ്കാരം നേടിയത്. ദലൈ ലാമയുടെ വിവരണത്തോടെ എത്തിയ 'മെഡിറ്റേഷൻസ്: ദ റിഫ്ലക്ഷൻസ് ഓഫ് ഹിസ് ഹോളിനസ് ദലൈ ലാമ' എന്ന ഓഡിയോ ബുക്ക് ആണ് 68ാമത് ഗ്രാമി പുരസ്കാരത്തിന് അർഹമായത്. ലോസ് ഏഞ്ചൽസിൽ നടന്ന ചടങ്ങിലായിരുന്നു അവാർഡ് പ്രഖ്യാപനം.

ഈ പുരസ്കാരത്തെ കൃതജ്ഞതയോടും വിനയത്തോടും കൂടി സ്വീകരിക്കുന്നതായി ദലൈ ലാമ അറിയിച്ചു. ഇത് വ്യക്തിപരമായ നേട്ടമല്ലെന്നും എല്ലാവരുടേയും പങ്കാളിത്തതോടെയുള്ള ആഗോള ഉത്തരവാദിത്തത്തിനുള്ള അംഗീകാരമാണെന്നും ലാമ സമൂഹമാധ്യമത്തിൽ കുറിച്ചു.

"കൃതജ്ഞതയോടും വിനയത്തോടും കൂടി ഞാൻ ഈ അംഗീകാരം സ്വീകരിക്കുന്നു. ഇതിനെ ഞാൻ വ്യക്തിപരമായ ഒരു നേട്ടമായല്ല കാണുന്നത്, മറിച്ച് നമ്മുടെയെല്ലാം പങ്കാളിത്തതോടെയുള്ള ആഗോള ഉത്തരവാദിത്തത്തിനുള്ള അംഗീകാരമായാണ്. സമാധാനം, കരുണ, പരിസ്ഥിതിയോടുള്ള കരുതൽ, മനുഷ്യരാശിയുടെ ഏകത്വം എന്നിവയെക്കുറിച്ചുള്ള ധാരണ ലോകത്തെ 800 കോടി ജനങ്ങളുടെയും കൂട്ടായ ക്ഷേമത്തിന് അത്യാവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ഗ്രാമി പുരസ്കാരം അത്തരം സന്ദേശങ്ങൾ കൂടുതൽ വിപുലമായി പ്രചരിപ്പിക്കാൻ സഹായിക്കുമെന്നതിൽ ഞാൻ നന്ദിയുള്ളവനാണ്," എന്നാണ് ദലൈ ലാമ കുറിച്ചത്.

കനേഡിയൻ-അമേരിക്കൻ ഗായകൻ റൂഫസ് വെയ്ൻറൈറ്റ് ആണ് ദലൈ ലാമയ്ക്ക് വേണ്ടി ആവാർഡ് ഏറ്റുവാങ്ങിയത്. യൂട്യൂബ് , ആമസോൺ മ്യൂസിക്, സ്പോട്ടിഫൈ ഉൾപ്പെടെയുള്ള മിക്ക ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും അവാർഡിന് അർഹമായ ഓഡിയോ ബുക്ക് ലഭ്യമാണ്.

ദലൈ ലാമ
ചരിത്ര നേട്ടവുമായി ദലൈ ലാമയും കെ പോപ്പും, EGOT ക്ലബിൽ സ്പിൽബർഗ്; 68ാമത് ഗ്രാമി ജേതാക്കൾ ആരൊക്കെ?

1391ൽ ജനിച്ച തങ്ങളുടെ ആദ്യ ആത്മീയ നേതാവിന്റെ 14ാമത്തെ പുനർജന്മമാണ് ഇപ്പോഴത്തെ ദലൈ ലാമ എന്നാണ് ടിബറ്റൻ ബുദ്ധമത വിശ്വാസികൾ കരുതുന്നത്. 1959ൽ ടിബറ്റിൽ നിന്ന് തന്റെ അനുയായികള്‍ക്കൊപ്പം ലാമ ഇന്ത്യയിൽ അഭയം പ്രാപിച്ചു. ലാസയിൽ നടന്ന പ്രക്ഷോഭം ചൈനീസ് സൈന്യം അടിച്ചമർത്തിയപ്പോൾ, ജീവൻ രക്ഷിക്കാനായി പലായനം ചെയ്യുകയായിരുന്നു. അന്നു മുതല്‍ ടിബറ്റന്‍ ജനതയുടെ സ്വയംഭരണത്തിനും മതസ്വാതന്ത്ര്യത്തിനും വേണ്ടി സമാധാനപരമായ ഒരു 'മധ്യമാർഗ'ത്തിനായി വാദിക്കുന്ന വ്യക്തിയാണ് ലാമ. 1989ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com