"ആദ്യം തമിഴ് പഠിക്കൂ...പത്തിൽ എട്ട് പേർക്കും മാതൃഭാഷ അറിയില്ല"; വിദ്യാർഥികളോട് ധനുഷ്, രാഷ്ട്രീയ പ്രവേശനത്തോട് കൂട്ടിവായിച്ച് ആരാധകർ

തായ് സത്യ മെട്രിക്കുലേഷൻ സ്കൂളിൽ നിർമിച്ച പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ധനുഷ്
നടൻ ധനുഷ്
നടൻ ധനുഷ്Source: X
Published on
Updated on

ചെന്നൈ: ആദ്യം മാതൃഭാഷയായ തമിഴിൽ പ്രാവീണ്യം നേടണമെന്ന് വിദ്യാർഥികളോട് അഭ്യർഥിച്ച് നടനും സംവിധായകനുമായ ധനുഷ്. സാലിഗ്രാമത്തിലെ താൻ പഠിച്ച തായ് സത്യ മെട്രിക്കുലേഷൻ സ്കൂളിൽ നിർമിച്ച പുതിയ മൂന്ന് നില അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം. നടന്റെ രാഷ്ട്രീയ പ്രവേശന റിപ്പോർട്ടുകൾ സജീവമായി നിൽക്കുമ്പോഴാണ് തമിഴ് ഭാഷയെപ്പറ്റിയുള്ള ഈ പ്രസ്താവന.

പഠിച്ചിരുന്ന കാലത്ത് താൻ ഇംഗ്ലീഷ് സംസാരിക്കാൻ ബുദ്ധിമുട്ടിയിരുന്ന കാര്യവും തെറ്റുകളോടെ സംസാരിച്ചിരുന്നതും ധനുഷ് ഓർത്തെടുത്തു. "മുൻപ് ഞാനിവിടെ പഠിക്കുമ്പോൾ എനിക്ക് ഇംഗ്ലീഷ് ശരിക്ക് വരില്ല. തെറ്റായ ഇംഗ്ലീഷ് ആണ് സംസാരിച്ചിരുന്നത്. പക്ഷേ തമിഴ് നല്ലപോലെ സംസാരിക്കും. ഇപ്പോഴതൊക്കെ മാറി. ഞാൻ വെളിയിൽ കാണുന്ന പത്തിൽ എട്ട് പേർക്കും തമിഴ് എഴുതാനും വായിക്കാനും അറിയില്ല. ഇംഗ്ലീഷ് എഴുതുന്നു, വായിക്കുന്നു, പക്ഷേ അവർക്ക് തമിഴ് അറിയില്ല. വലിയ വിഷമമുണ്ടാക്കുന്ന കാര്യമാണത്. ഞാൻ ഫ്രെഞ്ച് പ്രൊഡക്ഷനിൽ ഒരു പടം ചെയ്തു. ബെൽജിയത്തിലായിരുന്നു ഷൂട്ടിങ്. എനിക്ക് ഇംഗ്ലീഷ് അറിയാമെന്ന് പറഞ്ഞപ്പോൾ അവർക്കത് വലിയ അത്ഭുതമായിരുന്നു. സാധാരണ ഇംഗ്ലീഷ് അറിയില്ലെങ്കിലാണ് ഒരാളെ കളിയാക്കുക. ഇവിടെ അറിയാമെന്ന് പറഞ്ഞപ്പോൾ അവർ അത്ഭുതപ്പെട്ടു. എന്തിനാണ് നിങ്ങൾ അത്ഭുതപ്പെടുന്നതെന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞത്, 'നിങ്ങളുടെ മാതൃഭാഷയല്ലേ നിങ്ങൾക്ക് അറിയേണ്ടത്, ഇംഗ്ലീഷ് ഒരു ബോണസ് അല്ലേ' എന്നാണ്," ധനുഷ് പറഞ്ഞു.

"നിങ്ങളുടെ മാതൃഭാഷ ആകണം ആദ്യ അറിയേണ്ടത്. മാതൃഭാഷ വേണം ആദ്യം എഴുതാനും വായിക്കാനും പഠിക്കേണ്ടത്. തമിഴ് അറിയില്ലെന്നത് പറയുന്നത് അഭിമാനിക്കേണ്ട കാര്യമല്ല. ദയവ് ചെയ്ത് തമിഴിലും നന്നായി ശ്രദ്ധിക്കൂ," നടൻ കൂട്ടിച്ചേർത്തു.

നടൻ ധനുഷ്
മധ്യപ്രദേശിലെ സർക്കാർ സ്കൂളിൽ 'ധുരന്ധർ' സ്ക്രീനിങ്; 'എ' സർട്ടിഫിക്കറ്റ് ചിത്രം പ്രദർശിപ്പിച്ചതിൽ പരാതി

ധനുഷ് സ്വന്തം ചെലവിൽ നിർമിച്ച പുതിയ സ്കൂൾ കെട്ടിടത്തിന് 'ധനുഷ് ബ്ലോക്ക്' എന്നാണ് പേരിട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ സഹപാഠികളും അധ്യാപകരും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

News Malayalam 24x7
newsmalayalam.com