

രൺവീർ സിംഗ് നായകനായ 'ധുരന്ധർ', 'ധുരന്ധർ: ദ റിവഞ്ച്' എന്നീ ചിത്രങ്ങളിലെ മുതിർന്ന ബോളിവുഡ് നടൻ രാകേഷ് ബേദിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ജമീൽ ജമാലി എന്ന പാകിസ്ഥാൻ രാഷ്ട്രീയ നേതാവായാണ് ചിത്രത്തിന്റെ ഇരുഭാഗങ്ങളിലും നടൻ വേഷമിട്ടത്. ഈ കഥാപാത്രത്തെ ജനപ്രിയമാക്കിയ നടന് നിർമാതാക്കൾ ഒരുകോടി രൂപ അധിക പ്രതിഫലം നൽകിയെന്നാണ് റിപ്പോർട്ടുകൾ.
'ധരുന്ധർ' സിനിമയുടെ രണ്ടു ഭാഗങ്ങളിലുമായി 50 ലക്ഷം രൂപയായിരുന്നു രാകേഷ് ബേദിയുടെ പ്രതിഫലം. എന്നാൽ, അദ്ദേഹത്തിന്റെ അഭിനയത്തിൽ സംതൃപ്തരായ നിർമാതാക്കൾ അത് ഇരട്ടിയാക്കി നൽകിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
"ജമീൽ ജമാലിയായി രാകേഷ് ബേദി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും രസിപ്പിക്കുകയും പൂർണമായും കീഴടക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ മീം ലോകത്ത് അനശ്വരമായി മാറി. രണ്ടാം ഭാഗത്തിൽ അദ്ദേഹത്തിന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള ട്വിസ്റ്റ് ആ പ്രഭാവം ഒന്നുകൂടി വർധിപ്പിച്ചു. ആ കഥാപാത്രത്തെ ഇത്രത്തോളം അവിസ്മരണീയമാക്കാൻ അദ്ദേഹം എടുത്ത കഠിനാധ്വാനത്തിൽ നിർമാതാക്കൾ അങ്ങേയറ്റം സംതൃപ്തരായിരുന്നു. അതിന്റെ നന്ദിസൂചകമായി അദ്ദേഹത്തിന് അധിക പ്രതിഫലം നൽകാൻ അവർ തീരുമാനിക്കുകയായിരുന്നു," എന്നാണ് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്.
ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' സിനിമകൾ ഗംഭീര കളക്ഷനാണ് ആഗോള ബോക്സ് ഓഫീസിൽ സ്വന്തമാക്കിയത്. രൺവീർ സിംഗിന് പുറമേ അക്ഷയ് ഖന്ന, ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. 'ധുരന്ധർ 2' ഇതിനോടകം തന്നെ ആഗോളതലത്തിൽ 1700 കോടിയിലധികം രൂപ കളക്ട് ചെയ്തതായാണ് റിപ്പോർട്ടുകൾ.