ഒരേ പോലുള്ള പാട്ടുകൾ പാടി മടുത്തതുകൊണ്ടാണ് അരിജിത് സിംഗ് വിരമിക്കൽ പ്രഖ്യാപിച്ചത്: അനുരാഗ് കശ്യപ്

'ട്രൈഡ് ആൻഡ് റെഫ്യൂസ്ഡ് പ്രൊഡക്ഷൻസ്' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം
അരിജിത് സിംഗ്, അനുരാഗ് കശ്യപ്
അരിജിത് സിംഗ്, അനുരാഗ് കശ്യപ്Source: X
Published on
Updated on

ന്യൂ ഡൽഹി: സിനിമാ പിന്നണി ഗാനരംഗത്ത് നിന്ന് പിൻവാങ്ങിയ അരിജിത് സിംഗിന്റെ തീരുമാനത്തിന് പിന്നിലെ കാരണം വിശദീകരിച്ച് സംവിധായകൻ അനുരാഗ് കശ്യപ്. അരിജിത്തിന്റെ തീരുമാനം സംഗീതത്തോടുള്ള താൽപ്പര്യക്കുറവ് കൊണ്ടല്ല, മറിച്ച് ഒരേപോലുള്ള ഗാനങ്ങൾ ആലപിക്കുന്നതിലെ മടുപ്പ് കൊണ്ടാണെന്നാണ് അനുരാഗ് പറയുന്നത്. 'ട്രൈഡ് ആൻഡ് റെഫ്യൂസ്ഡ് പ്രൊഡക്ഷൻസ്' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

"ഒരേ പോലുള്ള പാട്ടുകൾ വീണ്ടും വീണ്ടും പാടി മടുത്തതുകൊണ്ടാണ് അരിജിത് സിംഗ് വിരമിക്കൽ പ്രഖ്യാപിച്ചത്. എപ്പോഴും ഹൃദയതകർച്ചയെക്കുറിച്ചുള്ള പാട്ടുകൾ തന്നെ. അദ്ദേഹം അത്രയധികം കഴിവുള്ള വ്യക്തിയാണ്. സന്യ മൽഹോത്രയുടെ 'പഗ്‌ലൈറ്റ്' എന്ന ചിത്രത്തിന് സംഗീതം നൽകിയത് അദ്ദേഹമാണ്. അദ്ദേഹം ഒരു ഫിലിംമേക്കർ കൂടിയാണ്. വളരെ സ്വകാര്യത ഇഷ്ടപ്പെടുന്ന ഒരാളാണ്. ഒരേ തരത്തിലുള്ള പാട്ടുകൾ മാത്രം പാടാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. ഹൃദയതകർച്ചയുടെ പാട്ടുകൾക്കും അപ്പുറം ഒരുപാട് കാര്യങ്ങൾ അരിജിത് സിംഗിലുണ്ട്," എന്നായിരുന്നു അനുരാഗിന്റെ നിരീക്ഷണം.

അരിജിത് സിംഗ്, അനുരാഗ് കശ്യപ്
കാടിന്റെ പശ്ചാത്തലത്തിൽ 'സംഭവം: അദ്ധ്യായം ഒന്ന്'; റിലീസ് തീയതി പുറത്ത്

കലാപരമായ സ്വാതന്ത്ര്യത്തെപ്പറ്റിയും അനുരാഗ് സംസാരിച്ചു. "അദ്ദേഹത്തിന് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഞങ്ങൾ 'നിശാഞ്ചി' ചെയ്തപ്പോൾ, അദ്ദേഹം ആ പാട്ടിന്റെ ഏതാണ്ട് നൂറോളം വേർഷനുകൾ ചെയ്തു. കാരണം ഇതുവരെ ആരും അദ്ദേഹത്തോട് അത്തരമൊരു പാട്ട് പാടാൻ ആവശ്യപ്പെട്ടിരുന്നില്ല. അദ്ദേഹം അങ്ങനെയാണ്, സ്വന്തം നിബന്ധനകൾക്കനുസരിച്ചാണ് കാര്യങ്ങൾ ചെയ്യുന്നത്. സംഗീതം ആത്മാവിൽ നിന്ന് വരുന്നതാണ്. യഥാർത്ഥ ഗായകരും സംഗീതജ്ഞരും ആത്മാവിൽ നിന്നാണ് പ്രവർത്തിക്കുന്നത്. അവർക്ക് അർഹമായ ഇടം നൽകിയാൽ അവർ അത്ഭുതങ്ങൾ സൃഷ്ടിക്കും. എന്നാൽ 'ഇതുപോലൊന്ന് മതി' എന്ന് നിങ്ങൾ നിർബന്ധം പിടിച്ചാൽ അവർക്ക് നിയന്ത്രണങ്ങൾ അനുഭവപ്പെടും. തങ്ങളുടെ കഴിവുകൾ പൂർണമായി പരീക്ഷിക്കാൻ സാധിക്കുന്നില്ലെന്ന് അവർക്ക് തോന്നും," എന്നും അനുരാഗ് കൂട്ടിച്ചേർത്തു.

അരിജിത് സിംഗ്, അനുരാഗ് കശ്യപ്
തമിഴ് വൈറൽ റാപ്പർ വെങ്കായോ മലയാളത്തിലേക്ക്; ടിനു പാപ്പച്ചൻ്റെ 'കൊല്ലം കോട്ട കമ്പനി'യിൽ പാടുമെന്ന് റിപ്പോർട്ട്

ജനുവരി 27ന് ആണ് സിനിമാ പിന്നണി ഗാനരംഗത്ത് നിന്നും പിൻമാറുന്നതായി അരിജിത് സിംഗ് പ്രഖ്യാപിച്ചത്. കരിയറിന്റെ ഉച്ചത്തിൽ നിൽക്കുമ്പോൾ എടുത്ത ഈ തീരുമാനം ആരാധകർ ഞെട്ടലോടെയാണ് കേട്ടത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ഗായകന്റെ വിരമിക്കൽ പ്രഖ്യാപനം.

"എല്ലാവർക്കും പുതുവത്സരാശംസകൾ. ഇത്രയും വർഷങ്ങൾ എന്നെ സ്നേഹിച്ച എന്റെ ശ്രോതാക്കൾക്ക് നന്ദി. ഒരു പിന്നണി ഗായകനെന്ന നിലയിൽ ഞാൻ പുതിയ പാട്ടുകൾ ഒന്നും ഇനി പാടുന്നില്ല. ഞാൻ പിന്മാറുകയാണ്. ഇതൊരു മനോഹരമായ യാത്രയായിരുന്നു," എന്നാണ് അരിജിത് സിംഗ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. അതേസമയം, സായ് പല്ലവിയും ജുനൈദ് ഖാനും പ്രധാന വേഷങ്ങളിൽ എത്തുന്ന 'ഏക് ദിൻ' എന്ന ചിത്രത്തിൽ അരിജിത്തിന്റെ പാട്ടുണ്ടാകും. വിരമിക്കൽ പ്രഖ്യാപിക്കുന്നതിന് മുൻപ് ഏറ്റെടുത്ത പ്രോജക്ട് ആയിരുന്നുവിത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com