കൊച്ചി: സി.കെ. ജാനു നയിക്കുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ട് യുഡിഎഫിൽ ചേർന്നതിന് പിന്നാലെ കുറിപ്പുമായി സംവിധായകൻ അനുരാജ് മനോഹർ. മുത്തങ്ങ ഭൂസമരവും തുടർന്നുണ്ടായ പൊലീസ് വെടിവെപ്പും പശ്ചാത്തലമാക്കി അനുരാജ് മനോഹർ ഒരുക്കിയ 'നരിവേട്ട' എന്ന ചിത്രം വലിയ തോതിൽ പ്രേക്ഷക-നിരൂപക പ്രശംസ നേടിയിരുന്നു. 'നരിവേട്ട' റിലീസിന് മുൻപ് ജാനുവിനെ കാണിക്കാനുള്ള ശ്രമം നടത്തിയിരുന്നുവെന്നും എന്നാൽ ആ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നും സംവിധായകൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
"മുത്തങ്ങയിൽ അന്ന് നടന്ന നരനായാട്ടിനെയും പൊലീസ് വെടിവെപ്പിനെയും ലഘൂകരിച്ച് നരിവേട്ട റിലീസിന് ശേഷം മുത്തങ്ങ വെടിവെപ്പിലെ ഇരകളിലൊരാളായ സി.കെ. ജാനുവിന്റെ വിമർശങ്ങളെ ഉൾകൊണ്ട് ഇരിക്കുമ്പോഴാണ് വേട്ടക്കാരിലെ പ്രധാനി അന്നത്തെ മുഖ്യമന്ത്രി മുത്തങ്ങ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നത് . എല്ലാ വിമർശനങ്ങളെയും കേട്ടതും മിണ്ടാതിരുന്നതും കാരണം , “ഉപ്പ് ചെയ്യാത്തത് ഉപ്പിലിട്ടത്തിന് ചെയ്യാൻ സാധിക്കില്ല “ എന്ന ഉറച്ച ബോധ്യത്തിലാണ്. വീണ്ടും യുഡിഎഫിൽ ചേർന്ന സി.കെ. ജാനുവിന് നീൽ സലാം," എന്നാണ് അനുരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. മുത്തങ്ങ വെടിവെപ്പ് നടക്കുന്ന കാലത്ത് എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ ആയിരുന്നു അധികാരത്തിൽ.
തന്റെ ഭരണകാലത്ത് നടന്ന മുത്തങ്ങയിലെയും ശിവഗിരിയിലെയും പൊലീസ് അതിക്രമങ്ങളില്‍ എ.കെ. ആന്റണി ഖേദം പ്രകടിപ്പിച്ചിരുന്നു. മുത്തങ്ങയിലെ വെടിവെപ്പിലും ശിവഗിരിയിലെ പൊലീസ് നടപടിയിലും തനിക്ക് തെറ്റുപറ്റിയെന്നാണ് ആന്റണി പറഞ്ഞത്. എന്നാൽ, മുത്തങ്ങ വെടിവെപ്പില്‍ എത്ര കാലം കഴിഞ്ഞാലും മാപ്പ് അര്‍ഹിക്കുന്നില്ലെന്നായിരുന്നു സി.കെ. ജാനുവിന്റെ പ്രതികരണം. കുട്ടികളടക്കം മുത്തങ്ങയില്‍ കൊടിയ പീഡനമാണ് നേരിട്ടതെന്നും വൈകിയെങ്കിലും എ.കെ. ആന്റണിക്ക് തെറ്റായി പോയെന്ന് തോന്നിയതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.
ഇന്നുനടന്ന യുഡിഎഫ് ഏകോപന സമിതി യോഗത്തിലാണ് മുൻ എംഎൽഎ പി.വി. അൻവർ നയിക്കുന്ന തൃണമൂൽ കോൺഗ്രസ്, ജനാധിപത്യ രാഷ്ട്രീയ പാർട്ടി എന്നീ പാർട്ടികളെ മുന്നണിയുടെ അസോസിയേറ്റ് അംഗങ്ങളാക്കാൻ തീരുമാനമായത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആണ് വാർത്താസമ്മേളനത്തിൽ ഈക്കാര്യം അറിയിച്ചത്.
പുഴുക്കളെ പോലെ ഇഴഞ്ഞ് നടന്നിരുന്ന ആദിവാസികൾക്ക് നട്ടെല്ലിൻ്റെ കരുത്ത് നൽകി സംഘടിത സമര സംവിധാനത്തിലേക്ക് രക്തവും ഊർജ്ജവും നൽകി ഒരൊറ്റ മുദ്രാവാക്യത്തിലേക്ക് ആദിവാസികളെ നയിച്ച നേതാവാണ് സി കെ ജാനു.
ഏതോ കൊല്ലപ്പരീക്ഷാ കാലത്തുള്ള തീവെപ്പും അതിനെ തുടർന്നുണ്ടായ വെടിയൊച്ചയിലും ടിവി സ്ക്രീനിൽ കണ്ട കവിൾ വീർത്ത് കണ്ണിൽ രക്തം ഒരിറ്റ് ശേഷിപ്പില്ലാതെ കാക്കി കൂട്ടങ്ങൾ നടത്തി കൊണ്ട് പോകുന്ന ഒരുസ്ത്രീയെ വളരെ വേദനയോടെയാണ് അന്ന് എന്നിലെ ചെറുപ്പക്കാരൻ കണ്ടത്. കാലം കടന്ന് പോയപ്പോൾ രാഷ്ട്രീയ സഖ്യങ്ങൾ മാറിയപ്പോൾ സികെ ജാനു ബിജെപി യിൽ ചേർന്നു എന്ന വാർത്തയ്ക്ക് ശേഷമാണ് നരിവേട്ട എന്ന ഞങ്ങളുടെ സിനിമയ്ക്ക് വേണ്ടി അവരെ അവരുടെ വീട്ടിൽ പോയി കാണുന്നത്.
നരിവേട്ട സിനിമ ഇറങ്ങിയ കാലത്ത് സികെ ജാനുവിനെ സിനിമ കാണിക്കാനുള്ള ശ്രമം നടത്തിയിരുന്നു .
നിർഭാഗ്യവശാൽ അവർ അന്ന് കാനഡയിൽ ആയിരുന്നു സിനിമയിൽ അഭിനയിച്ച മുഴുവൻ ആദിവാസികളെയും സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് സിനിമ കാണിക്കാൻ ശ്രമം നടത്തിയിരുന്നു പരാജയപ്പെട്ടു.
സ്വന്തം കൂരയ്ക്ക് വെളിയിലിറങ്ങാൻ ഇപ്പോഴും പകച്ചു നിൽക്കുന്ന ഒരു ജനതയ്ക്ക് വയനാട് ചുരത്തിനപ്പുറത്തെ ലോകത്തെ അറിവില്ലാത്തവർക്ക്,”കൈപത്തിയിൽ” എത്ര വിരലുണ്ട് എന്ന അറിവ് പോലും ഇപ്പോഴും സംശയമാണ്.
മുത്തങ്ങയിൽ അന്ന് നടന്ന നരനായാട്ടിനെയും പോലീസ് വെടിവെപ്പിനെയും ലഘൂകരിച്ച് നരിവേട്ട റിലീസിന് ശേഷം മുത്തങ്ങ വെടിവെപ്പിലെ ഇരകളിലൊരാളായ സികെ ജാനു വിന്റെ വിമർശങ്ങളെ ഉൾകൊണ്ട് ഇരിക്കുമ്പോഴാണ് വേട്ടക്കാരിലെ പ്രധാനി അന്നത്തെ മുഖ്യമന്ത്രി മുത്തങ്ങ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നത് . എല്ലാ വിമർശനങ്ങളെയും കേട്ടതും മിണ്ടാതിരുന്നതും കാരണം ,
“ഉപ്പ് ചെയ്യാത്തത് ഉപ്പിലിട്ടത്തിന് ചെയ്യാൻ സാധിക്കില്ല “
എന്ന ഉറച്ച ബോധ്യത്തിലാണ്.
വീണ്ടും യുഡിഎഫിൽ ചേർന്ന സി.കെ. ജാനുവിന് നീൽ സലാം