

കൊച്ചി: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തന്നെ വരണമെന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. 100ൽ കൂടുതൽ സീറ്റുകൾ നേടുമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ നേതാവാണ് സതീശനെന്നും നല്ല ആശയവിനിമയശേഷിയുള്ള വ്യക്തിയാണ് എന്നും ജൂഡ് ആന്തണി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
നൂറിൽ കൂടുതൽ സീറ്റുകൾ നേടും എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ നേതാവ്, പുതിയ കുട്ടികൾക്ക് മനസിലാകുന്ന ഭാഷയിൽ സംസാരിക്കുന്ന പൊതുജന പ്രതിനിധി, മലയാളം ഇല്ലാത്ത നാട്ടിൽ പോയാലും സാമാന്യം നല്ല കമ്മ്യൂണികേഷൻ സ്കിൽ ഉള്ള വ്യക്തി. വോട്ട് ചെയ്ത പൗരൻ എന്ന നിലക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ സർ തന്നെ വരണം എന്നാണ് എന്റെ അഭിപ്രായം. മേല്പറഞ്ഞ കാര്യങ്ങളിൽ കഴിഞ്ഞ പത്തു വർഷം സംഭവിച്ചത് താരതമ്യം ചെയ്താൽ കാര്യം മനസിലാകും.
അതേസമയം, കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി തർക്കത്തിൽ ഏറെ വൈകാതെ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി പദത്തിലേക്ക് ഉയർന്നുകേൾക്കുന്നത്. ഇവരുടെ അണികൾ ഫ്ലക്സുകളും ബാനറുകളുമായി തെരുവിലേക്ക് ഇറങ്ങിയതോടെയാണ് വിഷയം വലിയ ചർച്ചയായി മാറിയത്. കഴിഞ്ഞ ദിവസം ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ മണിക്കൂറുകള്‍ നീണ്ട സമവായ ചര്‍ച്ച നടന്നിരുന്നു. എന്നാൽ ഒരു തീരുമാനത്തിലെത്താതെ ചർച്ച പിരിഞ്ഞു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലായിരുന്നു ചർച്ച.
ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളെ കണ്ട കെ.സി. വേണുഗോപാലും വി.ഡി. സതീശനും രമേശ് ചെന്നിത്തലയും തെരുവിലെ ഫ്ലക്സുകൾ നീക്കണമെന്നും പ്രകടനങ്ങൾ അവസാനിപ്പിക്കണമെന്നും അണികളോട് ആവശ്യപ്പെട്ടു. വിഭാഗീയ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട നേതാക്കൾ അന്തിമ തീരുമാനം ഖാർഗെയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് എടുക്കുമെന്നും അറിയിച്ചു.