

ചെന്നൈ: ശിവകാർത്തികേയൻ നായകനായ ചിത്രം 'പരാശക്തി'യുടെ നിർമാതാവിനെതിരെ ചിത്രത്തിന്റെ സംവിധായിക സുധ കൊങ്കര മദ്രാസ് ഹൈക്കോടതിയിൽ. പ്രതിഫലമായ 8.39 കോടി രൂപ ലഭിച്ചില്ലെന്നാണ് സുധ കൊങ്കരയുടെ ആരോപണം. ഇതേ നിർമാണക്കമ്പനിയുടെ അടുത്ത ചിത്രമായ 'ഇദയം മുരളി'യുടെ റിലീസ് തടയണമെന്നാണ് ഹർജിയിലെ ആവശ്യം. പരാശക്തിയുടെ സാറ്റ്‌ലൈറ്റ് റിലീസ് ജൂലൈ എട്ടുവരെ കോടതി തടഞ്ഞു.
ശിവകാർത്തികേയൻ, രവിമോഹൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ പരാശക്തി ജനുവരിയിലാണ് തിയേറ്ററിലെത്തിയത്. ചിത്രത്തിന്റെ റിലീസ് തന്നെ വലിയ വിവാദമായിരുന്നു. വൈകി നിശ്ചയിച്ചിരുന്ന റിലീസ്, പൊങ്കലിന് ഇറക്കാനുള്ള നിർമാതാക്കളുടെ തീരുമാനമാണ് വിവാദമായത്. ജനുവരി ഒൻപതിന് പുറത്തിക്കാൻ പദ്ധതിയിട്ട വിജയ്‌യുടെ ജനനായകനുമായി ക്ലാഷ് റിലീസായി ചിത്രം പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കപ്പെട്ടു.
അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസ് ആയിരുന്നു ചിത്രത്തിന്റെ വിതരണം. രാഷ്ട്രീയത്തിലിറങ്ങിയ വിജയ്‌യുടെ അവസാന ചിത്രമെന്നായിരുന്നു ജനനായകൻ വിശേഷിപ്പിക്കപ്പെട്ടത്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പരാശക്തി റിലീസ് നേരത്തെയാക്കിയതെന്നും വ്യാപകവിമർശനം ഉയർന്നുയിരുന്നുയ ഡോൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ ആകാശ് ഭാസ്‌കരനാണ് പരാശക്തി നിർമിച്ചത്.