

55ാമത് ചലച്ചിത്ര പുരസ്‌കാര വിതരണത്തില്‍ കുട്ടികള്‍ക്കുള്ള അവാര്‍ഡ് നല്‍കാത്തതില്‍ പ്രതിഷേധം കനക്കുന്നതിനിടെ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ സംവിധായകന്‍ വിനയന്‍. സ്വജനപക്ഷാതത്തിലും വിലകുറഞ്ഞ രാഷ്ട്രീയക്കളിയിലും ആരും ഒട്ടും മോശമല്ലെന്നും കഴിഞ്ഞ തവണ തന്റെ ചിത്രത്തിന് അവാര്‍ഡ് നല്‍കാതിരിക്കാന്‍ ചലച്ചിത്ര അക്കാദമി ഇടപെട്ടുവെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശം വരെ പുറത്തുവന്നിരുന്നുവെന്നും വിനയന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ആരോപിച്ചു.
മന്ത്രി സജി ചെറിയാന്റെ കാലത്ത് കൊടുത്ത അഞ്ച് സംസ്ഥാന സിനിമാ അവാര്‍ഡുകള്‍ക്കും കൈയ്യടിയേടു കൈയ്യടി ആയിരുന്നെന്നും ഭയങ്കര നീതിപൂര്‍വ്വം ആയിരുന്നെന്നാണ് മന്ത്രി പറയുന്നത്. ഈ അഭിപ്രായത്തോട് നിങ്ങളെല്ലാം യോജിക്കുന്നുണ്ടോ എന്നും വിനയന്‍ ചോദിച്ചു.
2022 ലെ അവാര്‍ഡ് അവാര്‍ഡ് പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍ പത്തൊമ്പതാം നൂറ്റാണ്ട് എന്ന എന്റെ സിനിമയ്ക്ക് അവാര്‍ഡ് നിഷേധിക്കാന്‍ ചലച്ചിത്ര അക്കാഡമി ഇടപെട്ടു എന്ന വിവരം വെളിയില്‍ പറഞ്ഞത് ഞാനോ അതിന്റെ നിര്‍മ്മാതാവോ അല്ല. സാക്ഷാല്‍ ജൂറി അംഗങ്ങള്‍ തന്നെയാണ്. അന്നത്തെ ജൂറി മെമ്പര്‍മാരായ നേമം പുഷ്പരാജും ജെന്‍സി ഗ്രിഗറിയും അക്കാര്യം പച്ചക്കു പറയുന്ന വോയിസ് ക്ലിപ്പുകള്‍ ഇന്നും സോഷ്യല്‍ മീഡിയയില്‍ കിടപ്പുണ്ടെന്നും വിനയന്‍ പറഞ്ഞു.
കുട്ടികളുടെ ആറ് ചിത്രങ്ങളാണ് മത്സരത്തിന് തെരഞ്ഞെടുത്തത്. എന്നാല്‍ അവാര്‍ഡിന് പരിഗണിക്കാന്‍ തക്ക നിലവാരമുള്ളതായിരുന്നില്ല ചിത്രങ്ങളെന്നാണ് അവാര്‍ഡ് നല്‍കാതിരുന്നതില്‍ മന്ത്രി സജി ചെറിയാന്‍ മറുപടി പറഞ്ഞത്.
മികച്ച കുട്ടികളുടെ സിനിമ, മികച്ച ബാലതാരം ആണ്‍, മികച്ച ബാലതാരം പെണ്‍ എന്നീ വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ നല്‍കേണ്ടെന്ന് ജൂറി തന്നെ തീരുമാനിക്കുകയായിരുന്നു. സമര്‍പ്പിക്കപ്പെട്ട ചിത്രങ്ങള്‍ കുട്ടികളുടെ വീക്ഷണ കോണില്‍ നിന്നുള്ളതായിരുന്നില്ലെന്നായിരുന്നു ഇതിനുള്ള കാരണമെന്നും സജി ചെറിയാന്‍ പറഞ്ഞു. താന്‍ സാംസ്‌കാരിക മന്ത്രിയായിരുന്ന അഞ്ച് വര്‍ഷം പരാതികളേതുമില്ലാതെയാണ് ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചതെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ബഹു. മന്ത്രി സജി ചെറിയാന്റെ കാലത്ത് കൊടുത്ത 5 സംസ്ഥാന സിനിമാ അവാര്‍ഡുകള്‍ക്കും കൈയ്യടിയേടു കൈയ്യടി ആയിരുന്നെന്നും ഭയങ്കര നീതിപൂര്‍വ്വം ആയിരുന്നെന്നും മന്ത്രി പറയുന്നു. ഈ അഭിപ്രായത്തോട് നിങ്ങളെല്ലാം യോജിക്കുന്നുണ്ടോ?
ഏതായാലും എനിക്ക് ഒന്നറിയാം. 2022 ലെ അവാര്‍ഡ് അവാര്‍ഡ് പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍ പത്തൊമ്പതാം നൂറ്റാണ്ട് എന്ന എന്റെ സിനിമയ്ക്ക് അവാര്‍ഡ് നിഷേധിക്കാന്‍ ചലച്ചിത്ര അക്കാഡമി ഇടപെട്ടു എന്ന വിവരം വെളിയില്‍ പറഞ്ഞത് ഞാനോ അതിന്റെ നിര്‍മ്മാതാവോ അല്ല.. സാക്ഷാല്‍ ജൂറി അംഗങ്ങള്‍ തന്നെയാണ്.
അന്നത്തെ ജൂറി മെമ്പര്‍മാരായ ശ്രീ നേമം പുഷ്പരാജും ശ്രീമതി ജെന്‍സി ഗ്രിഗറിയും അക്കാര്യം പച്ചക്കു പറയുന്ന വോയിസ് ക്ലിപ്പുകള്‍ ഇന്നും സോഷ്യല്‍ മീഡിയയില്‍ കിടപ്പുണ്ട്. മിനിസ്റ്റര്‍ മറന്നു പോയെങ്കില്‍ ഞാന്‍ ഒന്നു കുടി എടുത്തയച്ചു തരാം. സ്വജന പക്ഷപാതത്തിലും വിലകുറഞ്ഞ രാഷ്ട്രീയക്കളിയിലും ആരും ഒട്ടും മോശമല്ല. വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല.