കൊച്ചി: മാർവൽ സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന വമ്പൻ വിരുന്ന് 'അവഞ്ചേഴ്സ്: ഡൂംസ്ഡേ' എത്താൻ ഒരുങ്ങുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫൈനൽ ട്രെയിലർ ആഗോളതലത്തിൽ 24 മണിക്കൂറിനുള്ളിൽ വിവിധ പ്ലാറ്റ്‌ഫോമുകളിലായി 563 ദശലക്ഷം വ്യൂ പിന്നിട്ട് റെക്കോർഡിട്ടിരിക്കുകയാണ്. പല യൂണിവേഴ്സുകളില്‍ നിന്നുള്ള സൂപ്പർഹീറോകൾ ഒന്നിക്കുന്ന, 'എൻഡ്ഗെയിമിന്' ശേഷമുള്ള ഏറ്റവും വലിയ സംഗമത്തിനാണ് അരങ്ങൊരുങ്ങുന്നത്. പ്രിയതാരം റോബർട്ട് ഡൗണി ജൂനിയർ വില്ലനായി എത്തുന്നുവെന്നതും, ക്രിസ് ഇവാൻസ് വീണ്ടും സ്റ്റീവ് റോജേഴ്സായി തിരിച്ചെത്തുന്നുവെന്നതും ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നു. എന്നാൽ എല്ലാ മാർവൽ ചിത്രങ്ങളും കണ്ടിട്ടുള്ളവർക്ക് പോലും തിയേറ്ററിൽ കയറും മുൻപ് ഓർത്തെടുക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്.
'അവഞ്ചേഴ്സ്: എൻഡ്ഗെയിമിൽ' താനോസിനെ തോൽപ്പിച്ചെങ്കിലും അവഞ്ചേഴ്സ് സംഘം പഴയതുപോലെ തുടർന്നില്ല. ടോണി സ്റ്റാർക്കും നടാഷയും വിടവാങ്ങിയപ്പോൾ സ്റ്റീവ് റോജേഴ്സ് പഴയ കാലത്തേക്ക് പോയി. മറ്റു സൂപ്പർഹീറോകൾ ചിതറിക്കിടക്കുന്ന ഈ ഘട്ടത്തിലാണ് മാർവൽ 'മൾട്ടിവേഴ്സ് സാഗ' എന്ന വലിയ കഥാപരിസരത്തിലേക്ക് കടന്നത്. നമ്മൾ ജീവിക്കുന്ന പ്രപഞ്ചത്തിന് പുറമെ അനേകം സമാന്തര പ്രപഞ്ചങ്ങൾ (പാരലൽ യൂണിവേഴ്സുകൾ) നിലനിൽക്കുന്നുവെന്നതാണ് മൾട്ടിവേഴ്സ് എന്ന ആശയം. ഉദാഹരണത്തിന്, ഒരു പ്രപഞ്ചത്തിൽ ടോബി മഗ്വയറാണ് സ്പൈഡർമാനെങ്കിൽ, മറ്റൊന്നിൽ ആൻഡ്രൂ ഗാർഫീൽഡും വേറൊന്നിൽ ടോം ഹോളണ്ടുമാണ്; ചില ലോകങ്ങളിൽ എക്സ്-മെൻ മാത്രമാണുള്ളത്. 'ഡൂംസ്ഡേ' മനസ്സിലാക്കാൻ ഏറ്റവും നിർണ്ണായകമായ വാക്ക് 'ഇൻകർഷൻ' എന്നതാണ്. രണ്ട് വ്യത്യസ്ത പ്രപഞ്ചങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അതിലൊന്നോ രണ്ടും തന്നെയോ നശിച്ചുപോകുന്ന ഭീകരാവസ്ഥയാണിത്. ഒരു പ്രപഞ്ചത്തിന്റെ തന്നെ നിലനിൽപ്പിനെ ബാധിക്കുന്ന ഈ പ്രതിസന്ധിയാണ് പുതിയ ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം.
ചിത്രത്തിലെ ഏറ്റവും വലിയ പ്രതിനായകനാണ് ഡോക്ടർ ഡൂം അഥവാ വിക്ടർ വോൺ ഡൂം. ലാറ്റ്വേരിയ എന്ന രാജ്യത്തിന്റെ ഭരണാധികാരിയായ ഇയാൾ, വെറും കായികബലം കൊണ്ട് മാത്രം പോരാടുന്ന താനോസിനെപ്പോലെയല്ല; അപാര ബുദ്ധിശക്തിയും ശാസ്ത്രസാങ്കേതിക വിദ്യയും മാന്ത്രിക കഴിവുകളും ഒരുപോലെ ഉപയോഗിക്കുന്ന ഫന്റാസ്റ്റിക് ഫോറിന്റെ ചിരവൈരിയാണ്. ഈ വില്ലൻ വേഷത്തിൽ റോബർട്ട് ഡൗണി ജൂനിയർ എത്തുന്നുവെങ്കിലും, ഡോക്ടർ ഡൂമിന് അയൺ മാനായ ടോണി സ്റ്റാർക്കുമായി യാതൊരു ബന്ധവുമില്ലാത്ത തികച്ചും വ്യത്യസ്തമായ കഥാപാത്രമാണിത്. അതേസമയം, 'എൻഡ്ഗെയിമിൽ' പെഗ്ഗി കാർട്ടറിനൊപ്പം ജീവിക്കാൻ പോവുകയും ക്യാപ്റ്റൻ അമേരിക്കയുടെ ഷീൽഡ് സാം വിൽസണ് കൈമാറുകയും ചെയ്ത സ്റ്റീവ് റോജേഴ്സ് എന്തിനാണ് വീണ്ടും വരുന്നതെന്നും, അദ്ദേഹത്തിന്റെ മടങ്ങിവരവിന് ഡോക്ടർ ഡൂമുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതുമൊക്കെയാണ് സിനിമയിലെ പ്രധാന സസ്പെൻസുകൾ. മൾട്ടിവേഴ്സിന്റെ നിലനിൽപ്പ് കാത്തുസൂക്ഷിക്കുന്ന വലിയ ഉത്തരവാദിത്തം വഹിക്കുന്ന ലോകിയുടെ പങ്കും ചിത്രത്തിൽ നിർണ്ണായകമാകും.
വമ്പൻ താരനിരയാണ് 'അവഞ്ചേഴ്സ്: ഡൂംസ്ഡേ'യുടെ മറ്റൊരു സവിശേഷത. പഴയ അവഞ്ചേഴ്സായ തോർ, സ്റ്റീവ് റോജേഴ്സ്, ലോകി, ആന്റ്-മാൻ, ബക്കി, ഹൾക്ക് എന്നിവർക്കൊപ്പം സാം വിൽസൺ, യെലേന, റെഡ് ഗാർഡിയൻ, സെൻട്രി തുടങ്ങിയ പുതിയ അവഞ്ചേഴ്സ് സംഘവും എത്തുന്നു. കൂടാതെ ഫന്റാസ്റ്റിക് ഫോറിലെ നാല് അംഗങ്ങളും, പഴയ എക്സ്-മെൻ ചിത്രങ്ങളിലെ പ്രിയ താരങ്ങളായ പ്രൊഫസർ എക്സ്, മാഗ്നറ്റോ, സൈക്ലോപ്സ്, ബീസ്റ്റ്, നൈറ്റ്ക്രോളർ, മിസ്റ്റിക്, ഗാംബിറ്റ് എന്നിവരും അണിനിരക്കും. വക്കാണ്ടയിലെ പോരാളികൾ, നാമോർ, ഷാങ്-ചി എന്നിവരും ഈ പോരാട്ടത്തിന്റെ ഭാഗമാകും.
പുതിയ ചിത്രത്തിന് മുന്നോടിയായി എല്ലാ മാർവൽ സിനിമകളും കാണാൻ സമയമില്ലാത്തവർ പ്രധാനമായും ഏഴ് ചിത്രങ്ങൾ അല്ലെങ്കിൽ സീരീസുകൾ കാണാൻ ശ്രമിക്കണം: 'അവഞ്ചേഴ്സ്: ഇൻഫിനിറ്റി വാർ', 'അവഞ്ചേഴ്സ്: എൻഡ്ഗെയിം', 'ലോകി' സീസൺ ഒന്നും രണ്ടും, 'ഡോക്ടർ സ്ട്രേഞ്ച് ഇൻ ദ മൾട്ടിവേഴ്സ് ഓഫ് മാഡ്നെസ്', 'ദ ഫന്റാസ്റ്റിക് ഫോർ: ഫസ്റ്റ് സ്റ്റെപ്സ്', 'തണ്ടർബോൾട്ട്സ്' എന്നിവയാണവ. കൂടുതൽ പശ്ചാത്തലം മനസ്സിലാക്കാൻ 'സ്പൈഡർ-മാൻ: നോ വേ ഹോം', 'വക്കാണ്ട ഫോറെവർ', 'ക്വാണ്ടമാനിയ', പഴയ 'എക്സ്-മെൻ: ഡേയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ്', 'ദ ലാസ്റ്റ് സ്റ്റാൻഡ്' എന്നിവയും കാണാവുന്നതാണ്. 'അവഞ്ചേഴ്സ്: ഡൂംസ്ഡേ' ഒരു ഒറ്റപ്പെട്ട ചിത്രമല്ലെന്നും, മൾട്ടിവേഴ്സ് സാഗയിലെ അവസാന അധ്യായമായ 'അവഞ്ചേഴ്സ്: സീക്രട്ട് വാർസിലേക്കുള്ള' തുടക്കം മാത്രമാണെന്നുമാണ് സിനിമാ ലോകത്തെ വിലയിരുത്തൽ. ഡിസംബർ 17-ന് ചിത്രം ഇന്ത്യയിൽ പ്രദർശനത്തിനെത്തും.