

കൊച്ചി: ലോകത്താകമാനം ലക്ഷക്കണക്കിന് ആരാധകരുള്ള 'സ്ട്രേഞ്ചർ തിങ്സ്' സീരീസ് അവസാനിച്ചിട്ടും ചർച്ചകൾ അവസാനിച്ചിട്ടില്ല. ജനുവരി ഒന്നിന് പുറത്തിറങ്ങിയ അഞ്ചാം സീസണിന്റെ അവസാന എപ്പിസോഡ് ഇമോഷണലായിട്ടാണ് അവസാനിച്ചത്. ക്ലൈമാക്സിൽ മില്ലി ബോബി ബ്രൗൺ അവതരിപ്പിച്ച 'ഇലവൻ' രക്ഷപ്പെട്ടോ എന്നാണ് ആരാധകരുടെ ചോദ്യം. സോഷ്യൽ മീഡിയിയൽ ഈ ചോദ്യം കൊണ്ട് നിറഞ്ഞതിനു പിന്നാലെ മറുപടിയുമായി എത്തിയിരിക്കുകാണ് സീരീസിന്റെ ക്രിയേറ്റർമാരായ ഡഫർ ബ്രദേഴ്സ്. നെറ്റ്‌ഫ്ലിക്സിന് നൽകിയ അഭിമുഖത്തിലാണ് ഷോ ക്രിയേറ്റേഴ്സ് മനസുതുറന്നത്.
(സ്പോയിലറുകൾ അടങ്ങിയിരിക്കുന്നു)
ഹോക്കിൻസിനെയും ലോകത്തെയും രക്ഷിക്കാനായി 'അപ്‌സൈഡ് ഡൗൺ' (Upside Down) തകർക്കുന്നതിനിടയിൽ ഇലവൻ കൊല്ലപ്പെടുന്നിടത്താണ് സ്ട്രേഞ്ചർ തിങ്സ് അവസാനിക്കുന്നത്. എന്നാൽ, അവസാനരംഗത്ത്, തന്റെ കൂട്ടുകാരുമായി വീണ്ടും ഡൺജിയൻ ആൻഡ് ഡ്രാഗൺസ് ഗെയിം കളിക്കുന്ന മൈക്ക് വീലർ മറ്റൊരു സാധ്യത പങ്കുവയ്ക്കുന്നു. മരിക്കുന്നതിന് മുൻപ് കാളി, ഇലവനെ അപ്‌സൈഡ് ഡൗണിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചുവെന്നും, ഇലവൻ താൻ സ്വപ്നം കണ്ടതുപോലെ വെള്ളച്ചാട്ടത്തിന് സമീപമുള്ള ഗ്രാമത്തിൽ സമാധാനമായി ജീവിക്കുന്നുണ്ടെന്നുമാണ് മൈക്ക് പറയുന്നത്. എന്നാൽ, ഇത് മൈക്കിന്റെ ഒരു സങ്കല്പം മാത്രമാണോ അതോ യാഥാർഥ്യമാണോ എന്ന് ഷോയിൽ വ്യക്തമാക്കുന്നില്ല. ഇതാണ് കാണികളെ ആശയക്കുഴപ്പത്തിലാക്കിയത്.
ഇലവന്റെ മുന്നിൽ രണ്ട് വഴികളാണ് ഉണ്ടായിരുന്നതെന്നാണ് ഡഫർ ബ്രദേഴ്സ് പറയുന്നത്. ഒന്ന് ഇരുണ്ടതും നിരാശാജനകവുമായ പാത. മറ്റൊന്ന് ശുഭപ്രതീക്ഷയുള്ള ഒന്നാണ്. മൈക്ക് ശുഭാപ്തി വിശ്വാസക്കാരനായതിനാലാണ് അങ്ങനെ വിശ്വസിക്കുന്നതെന്നും ഡഫർ സഹോദരങ്ങൾ പറയുന്നു.
സീരീസിന്റെ അവസാനത്തിൽ ഇലവൻ കൂട്ടുകാരോടൊപ്പം അടിച്ചുപൊളിച്ചു നടക്കുന്നതായി തങ്ങൾ ആലോചിച്ചിരുന്നില്ലെന്ന് റോസ് ഡഫർ വ്യക്തമാക്കി. "ഞങ്ങളുടെ കഥാപാത്രങ്ങൾ വളരുന്നതിനും ഹോക്കിൻസിന്റെയും അപ്‌സൈഡ് ഡൗണിന്റെയും കഥ അവസാനിക്കുന്നതിനും ഇലവൻ അകന്നു പോകേണ്ടത് അത്യാവശ്യമായിരുന്നു. കൃത്യമായ മറുപടി നൽകാതെ, കഥാപാത്രങ്ങൾ ആ ശുഭകരമായ അന്ത്യത്തിൽ വിശ്വസിക്കുന്നത് കാണാനാണ് ഞങ്ങൾ ആഗ്രഹിച്ചത്," റോസ് കൂട്ടിചേർത്തു.
ഇലവൻ ജീവനോടെ ഉണ്ടെങ്കിൽ തന്നെ അവൾക്ക് ആരോടും ബന്ധപ്പെടാൻ കഴിയില്ലെന്നും, മൈക്കും മറ്റുള്ളവരും അവരുടെ ജീവിതവുമായി മുന്നോട്ട് പോകാൻ ഇതാണ് ഏറ്റവും നല്ല വഴിയെന്നുമാണ് സംവിധായകർ വിശ്വസിക്കുന്നത്. ചുരുക്കത്തിൽ, ഇലവൻ ശരിക്കും മരിച്ചോ അതോ ഒളിവിലാണോ എന്നത് പ്രേക്ഷകരുടെ ഭാവനയ്ക്ക് വിട്ടു കൊടുത്തിരിക്കുകയാണ് ഷോ ക്രിയേറ്റേഴ്സ്.