
അഹമ്മദാബാദില്‍ വച്ച് നടന്ന 70ാമത് ഫിലിംഫെയർ അവാർഡ്സ് ചടങ്ങിന്റെ അവതാരകന്‍ ബോളിവുഡിന്റെ സൂപ്പർ താരം ഷാരൂഖ് ഖാന്‍ ആയിരുന്നു. പരിപാടിയില്‍ കാജോളിനൊപ്പം 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ'യിലെ പാട്ടിന് ഷാരൂഖ് ചുവടും വച്ചിരുന്നു. എന്നാല്‍, ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ജോഡികളുടെ നൃത്തത്തേക്കാള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത് മറ്റൊരു വീഡിയോയാണ്.
അവാർഡ് നിശ കഴിഞ്ഞു മടങ്ങുന്ന ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്. ഈ ദൃശ്യങ്ങളില്‍ ഷാരൂഖിന് ചുറ്റും തടിച്ചുകൂടിയിരിക്കുന്ന ജനങ്ങളെ കാണാം. താരത്തിന്റെ വാഹനത്തിനും ചുറ്റും കൂടിനില്‍ക്കുന്ന ആരാധകർ ഫോട്ടോകള്‍ എടുക്കാന്‍ ശ്രമിക്കുന്നു. കാറിനു വെളിയില്‍ ഇറങ്ങുന്ന നടനെ കൈയെത്തി തോടാനും ചിലർ നോക്കുന്നുണ്ട്. എന്നാല്‍ ഷാരൂഖ് ക്ഷമയോടെ ആരാധകരെ കൈവീശി കാട്ടുന്നു. അവരോട് സംസാരിക്കുന്നു.
ഷാരുഖ് 'കിംഗ് ഖാന്‍' ആയത് ഇതിനാലാണ് എന്നാണ് ഈ വീഡിയോ ഷെയർ ചെയ്തുകൊണ്ട് ഫിലിംഫെയർ എക്സില്‍ കുറിച്ചത്. വീഡിയോക്ക് താഴെ നിരവധി കമന്‍റുകളാണ് ആരാധകർ പങ്കുവച്ചിരിക്കുന്നത്. ഫാന്‍സിനെ വിഐപികളായിട്ടാണ് ഷാരൂഖ് കാണുന്നതെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഇതാണ് അദ്ദേഹത്തെ ഉയരത്തിലെത്തിച്ചതെന്ന് പറയുന്നവരുമുണ്ട്.
നിർമാതാവും സംവിധായകനുമായ കരണ്‍ ജോഹറിന് ഒപ്പമാണ് ഷാരൂഖ് ഖാന്‍ ഫിലിംഫെയർ ഷോയില്‍ അവതാരകനായത്. അവാർഡ് നൽകാൻ കാജോൾ വേദിയിലെത്തിയും സൂര്യകാന്തിപ്പൂക്കളും ബാക്കപ്പ് നർത്തകരും കൊണ്ട് സ്റ്റേജ് നിറഞ്ഞു. തുടർന്ന്, ഇരുവരും 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ'യിലെ ഐക്കോണിക് രംഗം പുനഃരാവിഷ്കരിച്ചു. സിനിമയിലെ 'തുജെ ദേഘാ തൊ യെ ജാനാ സനം' എന്ന ഗാനത്തിന് കജോളിന് ഒപ്പം ഷാരൂഖ് നൃത്തം ചെയ്തു. മുട്ടുകുത്തി നിന്ന് കിംഗ് ഖാന്‍ കാജോളിന് ഒരു റോസാപ്പൂവും നല്‍കി. ഈ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.