'കോടികള്‍ കടം വാങ്ങി വ‌ഞ്ചിച്ചു'; 'പള്ളിച്ചട്ടമ്പി' നിർമാതാക്കൾക്കെതിരെ പരാതി, ടൊവിനോ ചിത്രം കുരുക്കിൽ

ഏപ്രിൽ 10നാണ് 'പള്ളിച്ചട്ടമ്പി'യുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്
'പള്ളിച്ചട്ടമ്പി' സിനിമ
'പള്ളിച്ചട്ടമ്പി' സിനിമ
Published on
Updated on

കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി ഒരുക്കിയ 'പള്ളിച്ചട്ടമ്പി' സിനിമയുടെ നിർമാതാക്കൾക്ക് എതിരെ ഹൈക്കോടതിയിൽ ഹർജി. കോടികള്‍ കടം വാങ്ങി വ‌ഞ്ചിച്ചുവെന്നാണ് ദുബായ് വ്യവസായി സുനിൽ അഗർവാൾ നൽകിയ ഹർജിയിലെ ആരോപണം. നിര്‍മാതാക്കളായ നൗഫൽ അഹമ്മദ്, ബ്രിജീഷ് മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

നിർമാതാക്കൾക്കെതിരെ ദുബായ്‌യില്‍ അറസ്റ്റ് വാറന്‍റ് നിലനിൽക്കുന്നുണ്ടെന്നും വ്യാജ പാസ്പോർട്ടിലാണ് ഇരുവരും ഇന്ത്യയിലേക്ക് കടന്നതെന്നും ഹർജിക്കാരൻ പരാതിയിൽ ആരോപിക്കുന്നു. കള്ളപ്പണം തടയൽ നിയമപ്രകാരം ഇവർക്കെതിരെ കേസെടുക്കാൻ കേന്ദ്ര ഏജൻസികൾക്ക് നിർദേശം നൽകണമെന്നും ഹർജി തീർപ്പാക്കുന്നത് വരെ സിനിമയുടെ റിലീസ് തടയണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം. ഹർജിയുടെ അടിസ്ഥാനത്തിൽ നൗഫൽ അഹമ്മദിനും ബ്രിജീഷ് മുഹമ്മദിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും.

'പള്ളിച്ചട്ടമ്പി' സിനിമ
വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന മോഹൻലാലിന്റെ ഹർജി: ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഏപ്രിൽ 10നാണ് 'പള്ളിച്ചട്ടമ്പി' യുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 1957- 58 കാലത്തെ കേരളത്തിലെ മലയോര മേഖലയിലെ കുടിയേറ്റ കര്‍ഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണിത്. 'ക്വീന്‍', 'ജനഗണമന', 'മലയാളി ഫ്രം ഇന്ത്യ' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കയാദു ലോഹര്‍ ആണ് നായിക. ജേക്‌സ് ബിജോയ് ആണ് സംഗീതം.

വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവർക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റർടെയ്‌ൻമെന്റ് എന്ന ബാനറിൽ ചാണക്യ, ചൈതന്യ, ചരൺ എന്നിവർ ചേർന്നാണ് 'പള്ളിച്ചട്ടമ്പി' നിർമിക്കുന്നത്. വിജയരാഘവന്‍, തെലുങ്ക് നടന്‍ ശിവകുമാര്‍, സുധീര്‍ കരമന, ജോണി ആന്റണി, ടി ജി രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടര്‍, ജയകൃഷ്ണന്‍, വിനോദ് കെടാമംഗലം തുടങ്ങി നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. 'ദാദാസാഹിബ്', 'ശിക്കാര്‍', 'ഒരുത്തീ' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ സുരേഷ് ബാബുവാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ഛായാഗ്രഹണം - ടിജോ ടോമി, എഡിറ്റിങ് - ശ്രീജിത്ത് സാരംഗ്, മേക്കപ്പ് - റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈന്‍ - മഞ്ജുഷ രാധാകൃഷ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ - അനില്‍ ആമ്പല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് - കിരണ്‍ റാഫേല്‍, റെനിത് രാജ്, സ്റ്റില്‍സ് ഋഷ് ലാല്‍ ഉണ്ണികൃഷ്ണന്‍, കാസ്റ്റിങ് ഡയറക്ടര്‍ ബിനോയ് നമ്പാല, ലൈന്‍ പ്രൊഡ്യൂസര്‍ - അലക്‌സ് ഇ കുര്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - രാജേഷ് മേനോന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - നോബിള്‍ ജേക്കബ്, പ്രൊഡക്ഷന്‍ മാനേജേഴ്‌സ് - എബി കോടിയാട്ട്, ജെറി വിന്‍സന്റ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com